Connect with us

Gulf

ഖത്വര്‍ പ്രവാസത്തിന്റെ അരനൂറ്റാണ്ട്; അബ്ദുല്‍ ഖാദറിന്റെ കഥ ഹിറ്റായി

Published

|

Last Updated

അബ്ദുല്‍ ഖാദര്‍

ദോഹ: അരനൂറ്റാണ്ടിനു മുമ്പ് ഖത്വറിലെത്തിയ മലയാളിയായ അബ്ദുല്‍ ഖാദറിന്റെ ജീവിത കഥ ഖത്വറിലെ പ്രവാസി സമൂഹത്തിനിടയിലും സ്വദേശികള്‍ക്കിടയിലും പ്രചാരം. ഇന്നലെ ദോഹ ന്യൂസ് പ്രസിദ്ധീകരിച്ച ഖത്വര്‍ പ്രവാസത്തിലെ അത്യപൂര്‍വ കഥ ദേശഭേദമില്ലാതെ ആയിരങ്ങള്‍ വായിക്കുകയും പങ്കുവെക്കുകയും ചെയ്തു. തൃശൂര്‍ സ്വദേശിയാണ് അബ്ദുല്‍ ഖാദര്‍.
ബോംബെ തുറമുഖത്ത് ജോലി ചെയ്തിരുന്ന അബ്ദുല്‍ ഖാദറിന് കപ്പലില്‍ വന്നവരും നാവികരും പറഞ്ഞ കഥകള്‍ കേട്ടാണ് ഖത്വറിലേക്ക് വരാന്‍ മോഹമുദിച്ചത്. സുഖമായ ജോലിയും നല്ല ശമ്പളവും എന്നൊക്കെയായിരുന്നു കേട്ടത്. അങ്ങനെയൊരിക്കല്‍ അവസരമൊത്തപ്പോള്‍ കടലു കടന്നു. 1960ല്‍ ഒരു ചരക്കു ബോട്ടിലായിരന്നു യാത്ര. അന്നു പ്രായം 27. രേഖകളൊന്നുമില്ലാതെ ഉംസഈദിലാണ് ബോട്ടിറങ്ങിയത്. കെട്ടിടങ്ങളിലാത്ത കോര്‍ണിഷും എ സിയില്ലാത്ത കെട്ടിടങ്ങളുമായി നിറമില്ലാത്ത ഖത്വറില്‍ കറന്‍സിയായി ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപ.
250, 300 റിയാല്‍ ശമ്പളത്തില്‍ വിവിധ ജോലികള്‍ നോക്കി. 1977ല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ചെലവായത് നൂറു റിയാല്‍ മാത്രം. ഒഴിഞ്ഞ മരുഭൂമിയായിരുന്നു ഖത്വറെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. വല്ലപ്പോഴും വിമാനം ഇറങ്ങുന്ന വിമാനത്താവളവും മണ്ണു പറക്കുന്ന റോഡുകളും. ഇപ്പോഴത്തെ സൂഖ് വാഖിഫിന്റെ സ്ഥാനത്ത് ഇറാനി മാര്‍ക്കറ്റായിരുന്നു. വേനല്‍ചൂടിനെ വെല്ലാന്‍ ഫാനുകള്‍ മാത്രമുണ്ടായിരുന്ന കാലം.
അങ്ങനെയിരിക്കേ അമീരി ഗാര്‍ഡിനുള്ള ഭക്ഷണപ്പുരയില്‍ ജോലി കിട്ടി. വിശാലമായ വില്ലയിലായിരുന്നു താമസം. വിവാഹം കഴിഞ്ഞതോടെ ഭാര്യയെയും കൊണ്ടുവന്നു. പണമുള്ള ശൈഖുമാര്‍ക്കു മാത്രം പ്രാപ്യമായ ആഢംബര വസ്തുവായിരുന്നു അന്ന് കാറുകള്‍. ഓറഞ്ച് ടാക്‌സിയായിരുന്നു ശരാശരിക്കാന്റെ ആശ്രയം. 1986ല്‍ ഹൃദയാഘാതം ഉണ്ടാകുന്നതു വരെ അമീരി ഗാര്‍ഡിലായിരുന്നു ജോലി. രണ്ടു വര്‍ഷം ജോലിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് കഠിന പരീക്ഷണങ്ങളുടെ കാലമായിരുന്നു. ജോലിയില്ലാതായി. അഞ്ചു കുട്ടികളുടെ സ്‌കൂള്‍ ഫീസിനു പോലും പണമില്ലാതെ കഷ്ടപ്പട്ടു. നാട്ടിലെ ബന്ധുക്കളോട് പണം കടം വാങ്ങിയാണ് ജീവിതം തുടര്‍ന്നത്. ചെറിയൊരു ജോലി കിട്ടിയപ്പോഴാണ് ആശ്വാസമായത്. വിപരീത സാഹചര്യത്തിലും മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാന്‍ ഉറച്ച തീരുമാനമെടുത്തു.
1992ല്‍ അല്‍വജ്ബ കൊട്ടാരത്തില്‍ ജോലി കിട്ടി. ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി അമീര്‍ ആകുന്നതിനു മൂന്നു വര്‍ഷം മുമ്പായിരുന്നു അത്. കൊട്ടാരത്തിലെ ശൈഖുമാര്‍ക്കും അതിഥികള്‍ക്കും ഗാര്‍ഡുമാര്‍ക്കും വേണ്ടി ദിവസം 200 ചിക്കന്‍ വരെ പാകം ചെയ്യും. മജ്ബൂസും ബിരിയാണിയും ഇന്ത്യന്‍ കറികളും കൊട്ടാരത്തില്‍ ഉണ്ടാക്കിയിരുന്നു. 2006ല്‍ ജോലി നിര്‍ത്തി. എങ്കിലും ഈ ന്നാടു വിട്ടുപോകാന്‍ മനസ്സില്ലാത്തതിനാല്‍ ഇവിടെ തുടര്‍ന്നു. അമീറിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇപ്പോഴും. തുടരാനുള്ള അപേക്ഷ അംഗീകരിക്കുകയായിരുന്നു. മക്കളും കൊച്ചു മക്കളുമായി കഴിയുന്ന അബ്ദുല്‍ ഖാദറിന് നാട്ടിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹമില്ല.

Latest