Connect with us

Gulf

ആഗസ്റ്റ് ഒന്നിന് മുമ്പ് കാലാവധി തീര്‍ന്ന കരാറുകള്‍ പുതുക്കാന്‍ രണ്ടു മാസം കാലാവധി

Published

|

Last Updated

കരാര്‍ പുതുക്കുന്നതിനായി അറ്റസ്റ്റേഷന്‍ കൗണ്ടറിലുണ്ടായ ജനത്തിരക്ക്

ഷാര്‍ജ: വാടക കരാര്‍ പുതുക്കിയിട്ടില്ലാത്ത ഷാര്‍ജ നിവാസികള്‍ക്ക് ആശ്വാസമായി മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനം. ആഗസ്റ്റ് ഒന്നിന് മുമ്പ് തീര്‍ന്ന വാടക കരാറുകള്‍ പുതുക്കുന്നതിന് ഒക്‌ടോബര്‍ ഒന്നുവരെ കാലാവധി നീട്ടിയതായി നഗരസഭ അറിയിച്ചു.
ആഗസ്റ്റ് ഒന്നു മുതല്‍ വാടക കരാര്‍ പുതുക്കുന്നതിന് രജിസ്‌ട്രേഷന്‍ ഫീസ് നാല് ശതമാനം ഉയര്‍ത്തിക്കൊണ്ട് ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഉത്തരവിട്ടിരുന്നു. നിലവില്‍ ഉണ്ടായിരുന്ന രണ്ട് ശതമാനം ഫീസാണ് നാല് ശതമാനമായി ഉയര്‍ത്തിയത്. ആഗസ്റ്റ് ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നിരുന്നു. ഇതനുസരിച്ച് ആഗസ്റ്റ് ഒന്നു മുതല്‍ പുതിയ വാടക കരാറുകള്‍ക്ക് നാല് ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് ഒന്നിന് മുമ്പ് അവസാനിച്ചതും പുതുക്കിയിട്ടില്ലാത്തതുമായ കരാറിന്റെ ഉടമകള്‍ക്കാണ് ഒക്‌ടോബര്‍ ഒന്നുവരെയുള്ള അധിക രണ്ട് മാസം അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരങ്ങളാണ് മുനിസിപ്പാലിറ്റി കേന്ദ്രങ്ങളില്‍ വാടക കരാര്‍ പുതുക്കുന്നതിന് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം അവസാനത്തോടെ കാലാവധി തീരുന്നവരും നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കരാര്‍ പുതുക്കാന്‍ എത്തിയിരുന്നു.
ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം ആഗസ്റ്റ് ഒന്നിന് കാലാവധി കഴിഞ്ഞവര്‍ക്ക് രണ്ട് മാസത്തെ അധികസമയം അനുവദിച്ചിട്ടുണ്ട്, ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ റിയാദ് അബ്ദുല്ല വ്യക്തമാക്കി. ഒക്‌ടോബര്‍ ഒന്നിന് ശേഷവും കരാര്‍ പുതുക്കാത്തവര്‍ക്ക് പിന്നീട് പിഴ ഈടാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സെപ്തംബര്‍ ഒന്നു മുതല്‍ വാടക കരാറുകള്‍ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമേര്‍പെടുത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും പുതിയ കരാറുകള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി കേന്ദ്രങ്ങളില്‍ എത്തി തയ്യാറാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
താമസ വാടക കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് രണ്ട് ശതമാനത്തില്‍നിന്ന് നാല് ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളുടെ വാടക കരാറുകള്‍ക്ക് രണ്ട് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ നിക്ഷേപ കരാറുകള്‍ക്ക് ഒരു ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായി രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വാടക കരാറുകളുടെ പ്രമാണങ്ങള്‍ക്ക് 50 ദിര്‍ഹമില്‍നിന്ന് 100 ദിര്‍ഹമായി വര്‍ധിച്ചിട്ടുണ്ട്.
കരാര്‍ പുതുക്കുന്നതിന് വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് മുനിസിപ്പാലിറ്റിയുടെ അറ്റസ്റ്റേഷന്‍ കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും അധിക കൗണ്ടറുകളും ഏര്‍പെടുത്തിയിട്ടുണ്ട്.

Latest