Connect with us

Articles

ഇതാ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്സവം

Published

|

Last Updated

പണ്ട് ചന്തയുണ്ടായിരുന്നു. ആഴ്ചച്ചന്ത. ഗ്രാമീണര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്ന ഇടം. ഉത്സവങ്ങളിലും ചന്തകള്‍ കൊടിയേറി. ഹൗസ്ഫുള്‍. പുസ്തകങ്ങള്‍ക്കും ഉണ്ടായി ചന്ത. അക്കാലത്ത് ഇതിനെതിരെ വലിയ വിമര്‍ശനമുണ്ടായി. ചിന്തകര്‍ ചന്തക്കെതിരെ. പുസ്തകങ്ങള്‍ക്ക് ഇങ്ങനെ ചന്തയൊരുക്കാമോ എന്നായി ഒരു കൂട്ടര്‍.
എന്നാല്‍ പിന്നീട് പുസ്തകച്ചന്തകളുടെ കാലമായി. പുസ്തകങ്ങളും ചന്തയില്‍ വില്‍ക്കാമെന്നായി. പത്ത് മുതല്‍ 50 ശതമാനം വരെ കിഴിവ് നല്‍കിയതോടെ ആളുകള്‍ക്ക് നന്നെ പിടിച്ചു. തങ്ങളുടെ കൃതികള്‍ 50 ശതമാനം കിഴിവില്‍ വായനക്കാര്‍ വാങ്ങിപ്പോകുന്നത് കണ്ട് എഴുത്തുകാര്‍ അന്തംവിട്ടു. തങ്ങളുടെ വിലനിലവാരം എന്താണെന്ന് ഓരോരുത്തര്‍ക്കും മനസിലായി.
പിന്നീടെപ്പോഴോ ആഴ്ചച്ചന്തകളില്‍ ആളൊഴിഞ്ഞു. മാര്‍ജിന്‍ ഫ്രീകളും ഓണ്‍ലൈന്‍ വ്യാപാരവും മാര്‍ക്കറ്റ് കൈയടക്കി. പുസ്തകച്ചന്തയുടെ പേര് മാറി. പുസ്തകമേളയും പുസ്തകോത്സവവും അരങ്ങേറ്റം കുറിച്ചു. സംഗതി പഴയത് തന്നെ. പക്ഷേ, കിഴിവ് 70 ശതമാനം വരെയായി.
മുമ്പ് ബേങ്കില്‍ ലോണെടുക്കാന്‍ പോയവര്‍ക്ക് ഓര്‍മയുണ്ടാകും. സീറ്റിലിരിക്കുന്ന ബേങ്ക് ഉദ്യോഗസ്ഥന്റെ ഗമ. എവിടെ നോക്കിയാലും ഗൗരവാനന്ദന്‍മാര്‍ മാത്രം. പണം കൊണ്ടുള്ള കളിയാണ്. അതുകൊണ്ടായിരിക്കും. പത്തായിരം രൂപ കിട്ടണമെങ്കില്‍ പത്തു തവണ ബേങ്കില്‍ ചെല്ലണം. പത്തിരുപത് ഒപ്പും വേണം. കടലാസുകള്‍ വേറെയും. എന്നിട്ടോ, പണം കിട്ടണമെങ്കില്‍ ഒരാഴ്ച കഴിയണം. കഷ്ടകാലത്തിന് അടവ് തെറ്റിയാലോ, ആമീന്‍, ജപ്തി…
കാലം മാറുമല്ലോ. ബേങ്കുകള്‍ തമ്മിലും വന്നു മത്സരം. ചുണ്ടുകളില്‍ ചെറുതായെത്തി ചിരി. മേക്കപ്പുമായി കഷായമുഖങ്ങള്‍. കൂടെ ഓഫറുകളും. വായ്പയെടുക്കൂ. ഉത്സവസമയങ്ങളില്‍ പലിശയിളവും പരസ്യങ്ങളും. ഈയിടെ കണ്ട പരസ്യം ഇങ്ങനെ. ലോണ്‍ ഉത്സവ്. ലയിക്കാന്‍ പോകുന്ന ബേങ്കിന്റേതാണ്. അവര്‍ക്ക് അതൊരു ആഘോഷമാണ്. സംഗതി വായ്പയാണ്. പലിശയും പലിശയോട് പലിശയുമാണ്. ബേങ്കില്‍ ഹാജരാക്കേണ്ട കടലാസുകള്‍ക്കോ, ചാര്‍ത്തിക്കൊടുക്കേണ്ട ഒപ്പുകള്‍ക്കോ ഒരു കുറവുമില്ല. അടവുതെറ്റിയാല്‍ ഈടാക്കുന്ന പലിശ ആകാശത്തോളം തന്നെ. എന്നാലും മധുരം പുരട്ടി ക്ഷണിക്കുകയാണ്, ലോണ്‍ ഉത്സവ്. ചെറിയൊരു ഓഫറുണ്ട്. പ്രോസസിങ് ചാര്‍ജ് ഫ്രീ…
ഉത്സവത്തില്‍ പങ്കെടുത്ത് വായ്പയെടുക്കുന്നവരില്‍ പലര്‍ക്കും വായ്പ യഥാകാലം തിരിച്ചടക്കാനായി എന്ന് വരില്ല. അപ്പോള്‍ ബേങ്കുകാര്‍ ഇറങ്ങുകയായി. അപ്പോഴും വന്നേക്കാം പരസ്യം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്സവം. മുടങ്ങിക്കിടക്കുന്ന വായ്പ തിരിച്ചടക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്സവം. അതുംകഴിഞ്ഞ് പത്രത്തില്‍ പരസ്യം. ലേലോത്സവം! ലോണ്‍ ഉത്സവത്തില്‍ പങ്കെടുത്ത് വായ്പയെടുത്ത് അടവ് തെറ്റിയവരുടെ സ്വത്ത് ലേലം ചെയ്യുന്നു. ലേലോത്സവം. ചിലപ്പോള്‍ ജപ്തിവരെ നീളും നടപടികള്‍.
ഉത്സവത്തില്‍ പങ്കെടുത്ത പാവം വായ്പാജീവി. ആകെയുള്ള ആറ് സെന്റ് ജപ്തിയായി, ബേങ്കുകാര്‍ക്ക് തൃപ്തിയായി!ി