Connect with us

Editorial

ആനന്ദി ബെനിന്റെ രാജി

Published

|

Last Updated

സംഘ്പരിവാറിന്റെ ബീഫ് രാഷ്ട്രീയത്തിന് ഉന സംഭവത്തോടെ നേരിട്ടു കൊണ്ടിരിക്കുന്ന കനത്ത തിരിച്ചടിയിലേക്കാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ രാജി വിരല്‍ ചൂണ്ടുന്നത്. ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞ ദളിത് യുവാക്കളെ ഗോരക്ഷാദള്‍ എന്ന പേരില്‍ എത്തിയ സംഘ്പരിവാറുകാര്‍ ക്രൂരമായി മര്‍ദിച്ചതിനെതിരെ ഉരുത്തിരിഞ്ഞ ദളിത് മുന്നേറ്റമാണ് രാജിക്ക് വഴിയൊരുക്കിയത്. ദളിത് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു ഗുജറാത്തില്‍ സംഘടിപ്പിച്ച റാലിയുടെ വന്‍വിജയം സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് സഹായത്തോടെ ലക്ഷങ്ങള്‍ ചെലവിട്ടാണ് സംസ്ഥാനത്ത് മോദിയുടെയും ബി ജെ പിനേതാക്കളുടെയും റാലികള്‍ സംഘടിപ്പിക്കാറ്. അത്തരം യാതൊരു സംവിധാനവുമില്ലാതെ അസ്തിത്വത്തിന് വേണ്ടി ഒന്നിക്കാനുള്ള ഏതാനും ദളിത് യുവാക്കളുടെ ആഹ്വാനത്തില്‍ ആവേശം പൂണ്ടാണ് റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നത്.
ദളിത് അഭിഭാഷകന്‍ ജിഗ്‌നേഷ് മവാനി, രീഹുല്‍ ശര്‍മ തുടങ്ങി വിദ്യാസമ്പന്നരായ യുവാക്കളാണ് റാലിക്ക് നേതൃത്വം നല്‍കിയത്. അടുത്തിടെയായി വിദ്യാഭ്യാസ രംഗത്ത് ദളിത് സമൂഹത്തിനുണ്ടായ മുന്നേറ്റം അവരുടെ ചിന്താഗതികളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സവര്‍ണരുടെ അടിമകളായി തുടരേണ്ടവരല്ലെന്ന ബോധം അവരില്‍ രൂഢമൂലമായിട്ടുണ്ട്. മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യുനിവേഴസിറ്റി, ജെ എന്‍ യു തുടങ്ങിയ വിദ്യാഭ്യാസ സസ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളും ഈ തിരിച്ചറിവിന്റെ നിദര്‍ശമായിരുന്നു.
ചത്ത പശുവിന്റെ തോലുരിക്കല്‍ ജോലി ഇനി ചെയ്യില്ലെന്ന തീരുമാനത്തിലാണ് ദളിതരില്‍ ഗണ്യ വിഭാഗവും. പശുവിന്റെ തൊലിയുരിഞ്ഞ ദളിതര്‍ അക്രമിക്കപ്പെട്ടതിന്റെ പേരില്‍ ആരംഭിച്ച പ്രതിഷേധം ഏറെക്കുറെ ആറിത്തണുത്തിട്ടും ദളിത് യുവതലമുറ ഈ ജോലിയിലേക്ക് മടങ്ങാന്‍ കൂട്ടാക്കുന്നില്ല. മുഖ്യമായും തൊഴിലുകളുടെ അടിസ്ഥാനത്തിലാണ് ജാതി നിര്‍ണയിക്കപ്പെട്ടത്. ചത്ത പശുവിന്റെ തൊലി പൊളിക്കുന്ന ജോലി താഴ്ന്ന വിഭാഗക്കാര്‍ക്കാണ്. എന്തുകൊണ്ട് ഇത്തരം ജോലികള്‍ തങ്ങള്‍ തന്നെ ചെയ്യുണം? മറ്റുള്ളവര്‍ക്കെന്ത് കൊണ്ട് ഇതൊന്നും പറ്റില്ല എന്നിങ്ങനെ മാറ്റത്തിന്റെ ചിന്തകളാണ് അവരില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. തുച്ഛം കൂലിക്ക് ദളിതരെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചിരുന്ന വരേണ്യ വര്‍ഗവും അവരുടെ കീശകളില്‍ ഭദ്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ മാറ്റം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വര്‍ഗീയ കാര്‍ഡിറക്കി ദളിതരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പി പ്രത്യേകിച്ചും.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ ബി ജെ പി അധികാരത്തിലേറിയത് ദളിതരുടെ പിന്തുണയോടെയാണ്. 2002 വരെ കോണ്‍ഗ്രസിനൊപ്പമായിരുന്നു ദളിതരില്‍ ഭൂരിഭാഗവും. മോദിയുടെ ഭരണരത്തില്‍ അരങ്ങേറിയ വംശഹത്യയുടെ പിന്നാലെ, ബി ജെ പി പ്രയോഗിച്ച “ഹിന്ദുഐക്യ”മെന്ന രാഷ്ട്രീയ കുതന്ത്രത്തില്‍ വഴുതിവീണാണ് ദളിതര്‍ ബി ജെ പിക്ക് പിന്നില്‍ അണിനിരന്നത്. അവഗണിക്കപ്പെട്ട കീഴാളരുടെ മുന്നേറ്റവും സാമൂഹിക സമത്വവും വാഗ്ദാനം ചെയ്താണ് ബി ജെ പി അവരെ പാര്‍ട്ടിയിലേക്കാകര്‍ഷിച്ചത്. എന്നാല്‍ അധികാരത്തില്‍ പാര്‍ട്ടി ഒന്നര പതിറ്റാണ്ട് തുടര്‍ന്നിട്ടും ദളിതരുടെ ദുരവസ്ഥക്ക് മാറ്റമുണ്ടായില്ല. മാത്രമല്ല, ഗാമാംസനിരേത്തിന്റെ പേരില്‍ ദളിതര്‍ വ്യാപകമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇതോടെ ബി ജെ പി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു അവരില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വ്യര്‍ഥമാണെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കയാണ്.
ഉന സംഭവം കൈകകാര്യം ചെയ്യുന്നതില്‍ ആനന്ദി ബെന്‍ പട്ടേലിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച സര്‍ക്കാറിനുണ്ടാക്കിയ ക്ഷീണം തീര്‍ക്കാനാണ് അവരെ പാര്‍ട്ടി രാജി വെപ്പിച്ചത്. എല്ലാം ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണെങ്കിലും ഉത്തരവാദിത്വം മുഖ്യമന്ത്രിയില്‍ ചുമത്തി മുഖം രക്ഷിക്കാനാണ് നീക്കം. എന്നാല്‍ പ്രശ്‌നം ഇതുകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. ഗുജറാത്തിന്റെ അതിര്‍ത്തി ഭേദിച്ചു ദളിത് പ്രതിഷേധവും മുന്നേറ്റവും ഉത്തരേന്ത്യയാകെ വ്യാപിച്ചു കൊണ്ടിരിക്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ യു പിയിലും പഞ്ചാബിലും ഇത് ബി ജെ പിക്ക് ക്ഷീണം ചെയ്യും. യു പിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി ആളില്ലാത്തത് കാരണം മാറ്റിവെക്കേണ്ടി വന്നതും, വര്‍ധിച്ചു വരുന്ന ദളിത് അക്രമങ്ങളില്‍ പ്രതിഷേധിച്ചു യു പി പോര്‍ബന്ധറിലെ പ്രമുഖ ബി ജെ പി നേതാവ് ബാബു പന്‍ഡവദ്ര രാജി വെച്ചതും ഇതിന്റെ സൂചനയാണ്. ഗുജറാത്തിലും തിരഞ്ഞെടുപ്പിന് ഒരു വര്‍ഷമേ അവശേഷിക്കുന്നുള്ളു. ഇവിടെ ദളിതര്‍ ഏഴ് ശതമാനമാണെങ്കിലും സംവരണ പ്രശ്‌നത്തിന്റെ പേരില്‍ ബി ജെ പിയുമായി അകല്‍ച്ചയിലായ പട്ടേല്‍ സമുദായം കൂടി തിരഞ്ഞെടുപ്പില്‍ പുറം തിരിഞ്ഞു നിന്നാല്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാകും. പട്ടേല്‍വവിഭാഗത്തിന് 17 ശതമാനത്തിന്റെ പ്രാതിനിധ്യമുണ്ട് സംസ്ഥാനത്ത്. പട്ടേല്‍ പ്രക്ഷോഭത്തിന് ശേഷം ഗുജറാത്തില്‍ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Latest