Connect with us

Kerala

കല്ലട ജലസേചന അഴിമതി: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

Published

|

Last Updated

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ മുന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. ജലസേചന വകുപ്പ് മുന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ കെ ഫിലിപ്പ്, ചോന പണിക്കര്‍, കരാറുകാരനായ പി മാത്യു കോര എന്നിവരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
1990ല്‍ നടന്ന കരാര്‍ പണിക്ക് സര്‍ക്കാര്‍ തന്നെ കരിങ്കല്ലും മണലും വിതരണം ചെയ്തിരുന്നു. എന്നാല്‍ പണിപൂര്‍ത്തിയായി നാല് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഉപകരാര്‍ ഉണ്ടാക്കി കരിങ്കല്ലും മണലും കോണ്‍ട്രാക്ടര്‍ സ്വന്തം ചെലവില്‍ പുറത്തു നിന്ന് കൊണ്ടുവന്നതാണെന്ന് കാണിച്ച് 2,19,195 രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. ജഡ്ജി എ ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.
കല്ലട ജലസേചന പദ്ധതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ എന്‍ജിനീയര്‍മാരുള്‍പ്പടെ നാല് പേര്‍ക്ക് കഴിഞ്ഞയാഴ്ച വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ജലസേചന വകുപ്പ് മുന്‍ എന്‍ജിനീയര്‍ ഗണേശന്‍, വിശ്വനാഥന്‍ ആചാരി, കെ രാജഗോപാലന്‍ കരാറുകാരനായ കെ എന്‍ മോഹനന്‍ എന്നിവര്‍ക്ക് ജൂലായ് 26 ന് ശിക്ഷ വിധിച്ചിരുന്നു.
1993- 94 കാലയളവിലാണ് കല്ലട ജലസേചന പദ്ധതി പൂര്‍ത്തിയായത്. 714 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സി സി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി.
മൊത്തം കല്ലട പദ്ധതിയുടെ കണക്ക് പരിശോധിച്ചാല്‍ അഴിമതിയുടെ വ്യാപ്തി വ്യക്തമാകും. 13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ കല്ലട ഇറിഗേഷന്‍ പദ്ധതിക്ക് ചെലവായത് 800 കോടിയിലധികം രൂപയാണ്. ക്രമക്കേടുകളുടെ കുത്തൊഴുക്കില്‍ കനാലുകള്‍ പലയിടത്തും തകര്‍ന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനായി 1966ലാണ് കല്ലട പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നത്. 92 ല്‍ പദ്ധതി പൂര്‍ത്തിയായെന്ന് വരുത്തിയപ്പോള്‍ ചെലവായത് 714 കോടി രൂപയോളമാണ്. കൂടാതെ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിക്ക് ആറും ഏഴും കോടി രൂപ വീതം ചെലവിടുന്നു. 61630 ഹെക്ടര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കലായിരുന്നു തുടക്കത്തിലെ ലക്ഷ്യം. പിന്നീട്ട് ഇത് 53514 ഹെക്ടറായി വെട്ടിച്ചെരുക്കി. കായംകുളം കനാലടക്കം ഉപേക്ഷിക്കുകയും ചെയ്തു.
പദ്ധതി പൂര്‍ത്തീകരിച്ച പല സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നശിച്ച അവസ്ഥയിലാണ് ഇപ്പോഴും. പത്തനംതിട്ട ജില്ലയിലെ തട്ടയില്‍ വേനല്‍ക്കാലത്ത് കനാല്‍ തുറന്നപ്പോള്‍ പലയിടങ്ങളും തകര്‍ന്നു. കലഞ്ഞൂര്‍ അക്വഡക്ടിന്റെ അരിപ്പ തുരുമ്പിച്ച് ദുര്‍ബലമായ അവസ്ഥയിലാണ്. കൃഷിയിടങ്ങളില്‍ ഇട്ട പൈപ്പുകള്‍ മണ്ണിനടിയില്‍ ദാഹിച്ചു കിടക്കുന്ന നിലയിലാണ്.
1992 ല്‍ തന്നെ രണ്ടാം കിലോ മീറ്ററില്‍ ഇടതു കര കനാല്‍ പൊളിഞ്ഞു. ഇതേത്തുടര്‍ന്ന് വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ കൊല്ലം ജില്ലയിലെ പരവൂര്‍ ഭാഗത്ത് കനാലുണ്ടെങ്കിലും വെള്ളമെത്തുന്നില്ല.
രാഷ്ട്രീയ ഉദ്യോഗസ്ഥ കോണ്‍ട്രാക്ടര്‍ കൂട്ടുകെട്ടിന് കറവപ്പശുവായിരുന്നു കല്ലട പദ്ധതിയെന്ന ദുഷ്‌പേര് ഇപ്പോള്‍ കോടതി വിധിയിലൂടെ സത്യമായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനല്ല, വെള്ളാനകള്‍ക്കുള്ള പദ്ധതിയായാണ് പദ്ധതി അറിയപ്പെട്ടത്.