Connect with us

National

കോളജ് മാഗസിന് നിരോധം: പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം

Published

|

Last Updated

പുതുച്ചേരി: പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് മാഗസിന്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യൂനിയനുകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചിനിടയിലേക്കു ബൈക്ക് ഓടിച്ചുകയറ്റി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂനിയനും എസ് എഫ് ഐയും സംയുക്തമായി നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂനിയന്റെയും എസ് എഫ് ഐയുടെയും പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. എ ബി വി പി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആരോപിച്ചു.
നേരത്തെ, മാഗസിനില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ആരോപിച്ചാണ് സര്‍വ്വകലാശാല അധികൃതര്‍ മാഗസിന് അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയത്. മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പിയും എ ബി വി പിയും നടത്തിയ സമരത്തെ തുടര്‍ന്നാണ് നിരോധനം. മാഗസിന്റെ കോപ്പികള്‍ സൂക്ഷിച്ചിരിക്കുന്ന സ്റ്റുഡന്റസ് കൗണ്‍സില്‍ മുറിയും അടച്ചുപൂട്ടി സീല്‍ ചെയ്തു.
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മാഗസിനില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചു. മാഗസിന്‍ പ്രവര്‍ത്തകര്‍ രാജ്യദ്രോഹികളാണ് എന്നാരോപിച്ച് എ ബി വി പി ക്യാമ്പസിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. മാഗസിന്റെ കോപ്പികള്‍ കത്തിക്കുകയും ചെയ്തു. മാഗസിന്‍ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പോണ്ടിച്ചേരി സര്‍വ്വകലാശാലക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടേ്.
ഇസ്‌റാഈല്‍ സൈന്യം പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്ലുകളുടെ തോടുകള്‍കൊണ്ട് പൂന്തോട്ടമുണ്ടാക്കിയ ഒരു ഫലസ്തീനിയന്‍ സ്ത്രീയുടെ ചിത്രമാണ് മാഗസിന്റെ കവര്‍ ചിത്രം.

 

Latest