Connect with us

Malappuram

കഞ്ചാവുമായി ബംഗാളി എക്‌സൈസിന്റെ പിടിയില്‍

Published

|

Last Updated

തിരൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മൊത്തമായും ചില്ലറയായും കഞ്ചാവെത്തിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഒരു 1.100 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍.
ബി പി അങ്ങാടി ബൈപ്പാസ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിബംഗാള്‍ നാദിയ ജില്ലയിലെ കാളിഗഞ്ച് സ്വദേശി മണ്ഡല്‍ രഹിതുളിനെ (55)യാണ് തിരൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ കോലൂപാലം സ്വദേശി മനോജ് (37) നല്‍കിയ വിവരത്തെ തുടര്‍ന്നാണ് രഹിതുളിനായി വലവിരിച്ചത്. രാവിലെ വില്‍പ്പനക്കായി കഞ്ചാവുമായി പുറത്തിറങ്ങിയതിനിടെ പിടികൂടുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. കോയമ്പത്തൂരില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് മണ്ഡല്‍ രഹിതുള്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. തിരൂരിന്റെ വിവിധ മേഖലകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു പ്രധാനമായും കഞ്ചാവ് വില്‍പ്പന. വിദ്യാര്‍ഥികളിലേക്ക് ഇടനിലക്കാര്‍ വഴിയും കഞ്ചാവ് എത്തിക്കുന്നതായാണ് വിവരം.
പെട്ടെന്ന് പിടിക്കപ്പെടില്ല എന്നതിനാലാണ് ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ വിതരണം പതവാക്കിവന്നത്. അഞ്ച് കിലോ കഞ്ചാവ് വരെ ഒരു തവണ എത്തിക്കും. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കടത്ത്. കാല്‍ കിലോ മുതലാണ് മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്നത്. 10 വര്‍ഷമായി ബി പി അങ്ങാടിയില്‍ താമസിക്കുന്ന ഇയാള്‍ നിര്‍മാണ തൊഴിലാളിയെന്ന നിലയിലാണ് നാട്ടില്‍ കഴിയുന്നത്. വടകര നാര്‍കോട്ടിക്ക് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു ഷാനവാസ് അറിയിച്ചു.