Connect with us

Malappuram

കരിപ്പൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സമര സംഗമം

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നു.
ജില്ലയിലെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും അണിനിരത്തി കൊണ്ടുള്ള ജനപ്രതിനിധികളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. വിമാന ത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങായ മുസ്‌ലിംലീഗിലെ സറീന ഹസീബും കോണ്‍ഗ്രസിലെ എ കെ അബ്ദുര്‍റഹ്മാനും വിമാനത്താവള പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചിരുന്നു. സി പി എമ്മിലെ അഡ്വ: ടി കെ റശീദലിയും ഈ പ്രശ്‌നത്തില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം തന്നെ വേണമെന്നും കേവലം പ്രമേയത്തിലൂടെയുള്ള പ്രതിഷേധം പോരെന്നും അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അംഗങ്ങളുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ തല നേതാക്കളുടെ യോഗം വിളിച്ച് കൂട്ടി എല്ലാ ജനപ്രതിനിധികളെയും അണിനിരത്തി ജില്ലയിലെ 42 ലക്ഷം ജനങ്ങളുടെയും പ്രതിഷേധം പ്രതീകാത്മകമായി എയര്‍പോര്‍ട്ട് അതോറിറ്റിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കുവാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ റിപ്പയര്‍ ജോലികളുടെ പേരിലാണ് പല രാജ്യാന്തര സര്‍വ്വീസുകളും നിര്‍ത്തിവെച്ചത്. ഹജ്ജ് യാത്രക്കാരെ നെടുമ്പാശേരി വഴിയാക്കിയതും ഈ കാരണത്താലായിരുന്നു. റിപ്പയര്‍ ജോലികളെല്ലാം ഇതിനകം പൂര്‍ത്തിയായി. പഴയ സ്ഥിതി പുനഃ സ്ഥാപിക്കുന്നതിനും റദ്ദാക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും മറ്റ് തടസങ്ങളൊന്നുമില്ല. ഹജ്ജ് വിമാനങ്ങളും ഇവിടുന്ന് തന്നെ യാത്ര തിരിക്കാമായിരുന്നു. പക്ഷെ റണ്‍വെ നവീകരണ ജോലികളെല്ലാം കഴിഞ്ഞിട്ടും പൂര്‍വ്വ സ്ഥിതി പുനഃസ്ഥാപിക്കാത്തതിന്റെ പിന്നില്‍ ദുരൂഹതകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉന്നത തലങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളും അതിനെതിരെ ഭൂ ഉടമകള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പും വിമാനത്താവളത്തിന്റെ പൂര്‍വ്വ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് ഒരിക്കലും തടസമാവേണ്ടതില്ല. കാരണം നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയിരുന്ന സര്‍വ്വീസുകളാണ് ഇപ്പോള്‍ വെട്ടിചുരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍വ്വ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന് വേണ്ടി ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് അധ്യക്ഷന്മാരുടെയും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെയും യോഗം ഉടനെ വിളിച്ച് ചേര്‍ക്കുമെന്ന് പ്രസിഡന്റ്എ പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest