Connect with us

Kerala

പ്ലസ് വണ്‍ പ്രവേശം: മൂന്നാം സപ്ലിമെന്ററി അലോട്ട്്‌മെന്റ് നടപടികള്‍ ഇന്ന് അവസാനിക്കും

Published

|

Last Updated

തിരുവനന്തപുരം: ജില്ല/ജില്ലാന്തര സ്‌കൂള്‍/കോംബിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുളള വേക്കന്‍സിയില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കായി മെറിറ്റ് അടിസ്ഥാനത്തില്‍ നടത്തിയ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്ന് വൈകുന്നേരം നാലിന് അവസാനിക്കും. ഇത്തരത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ SUPPLYMENTARY RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുളള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുമായാണ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ പ്രവേശനം നേടേണ്ടത്്. ഇതുവരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കു മെറിറ്റ് ക്വാട്ടയില്‍ ലഭ്യമാവുന്ന വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിള്ള തുടര്‍നിര്‍ദേശങ്ങളും വേക്കന്‍സിയും ഈമാസം എട്ടിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുമ്പുള്ള വിവിധ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശിച്ചു.
സ്‌കൂള്‍ തലത്തില്‍ (മാനേജ്‌മെന്റ്/കമ്മ്യൂനിറ്റി/അണ്‍ എയ്ഡഡ് ക്വാട്ടകളില്‍) നടത്തിയിട്ടുളള പ്രവേശനവിവരങ്ങള്‍ കേന്ദ്രീകൃത അഡ്മിഷന്‍ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ന് വൈകീട്ട് അഞ്ചുമണിക്കുശേഷം സമയം അനുവദിക്കില്ല. ക്ലാസ് തുടങ്ങിയശേഷം രണ്ടാംഭാഷ മാറ്റിയ വിദ്യാര്‍ഥികളുടെ രണ്ടാംഭാഷ ഓണ്‍ലൈനായി മാറ്റാനുളള സൗകര്യം ഒന്നാംവര്‍ഷ നോമിനല്‍ റോള്‍ പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കും. ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക അവധിയുണ്ടാവുകയാണെങ്കില്‍പ്പോലും പ്രവേശന നടപടികള്‍ തടസ്സപ്പെടാതിരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.
രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് ശേഷമുള്ള വേക്കന്‍സിയില്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോംബിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. ഇതിനായി ജൂലൈ 29 വരെയുള്ള അപേക്ഷകളാണ് പരിഗണിച്ചത്.