Connect with us

Gulf

വഴിയരികില്‍ ആംബുലന്‍സില്‍ പ്രസവം; മെഡിക്കല്‍ സംഘത്തിന് നന്ദി പറഞ്ഞ് വീട്ടമ്മ

Published

|

Last Updated

ദോഹ: ആംബുലന്‍സില്‍ സുഖപ്രസവത്തിന് അവസരമൊരുക്കിയ മെഡിക്കല്‍ സംഘത്തോട് ഉമ്മു മൈമൂന കടപ്പാട് അറിയിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രവാസിയായ ഉമ്മു മൈമൂന (39) ഹമദ് വുമന്‍സ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡരികില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സുമാര്‍ പൂര്‍ണ സംരക്ഷണവും പിന്തുണയും നല്‍കിയതിനാല്‍ ഭയമൊന്നുമുണ്ടായില്ലെന്ന് അവര്‍ പറയുന്നു.
ആറ് വര്‍ഷമായി ഖത്വറിലുള്ള അധ്യാപികയായ ഉമ്മു മൈമൂന ഒരു ഹോം സ്‌കൂള്‍ നടത്തുകയാണ്. ലുസൈല്‍ സിറ്റിക്ക് സമീപമാണ് താമസം. നിശ്ചിത ദിവസത്തിന് ഒരാഴ്ച മുമ്പാണ് പ്രസവ വേദന തുടങ്ങിയത്. തലേന്ന് രാത്രി ചെറിയ വേദന ഉണ്ടായെങ്കിലും അത് ശക്തമാകട്ടെ എന്നു കരുതാ കാത്തിരുന്നു. പിറ്റേന്ന് രാവിലെ വേദന കനത്തു. ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള ചില സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് പുറത്തേക്ക് പോയി. എട്ടു വയസ്സുള്ള മൂത്ത മകള്‍ മൈമൂന മാത്രമായിരുന്നൂ കൂടെ.
വേദന ശക്തമായതോടെ ഭര്‍ത്താവിനെ വിളിച്ച് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം 5.15ഓടെ കഠിനായ വേദന വന്നു. പ്രസവത്തിന് ഇനി അധികം താമസമില്ലെന്ന് മനസ്സിലായതോടെ ഭര്‍ത്താവിനോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അഞ്ച് മിനുട്ടിനകം ആംബുലന്‍സെത്തി. ആംബുലന്‍സില്‍ മകളെയും ഒപ്പം കൂട്ടി. കാത്തു നില്‍ക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനോട് വീട്ടില്‍ നിന്ന് ആവശ്യമായ സാധനങ്ങളുമായി ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു.
വനിതാ നഴ്‌സിനെയാണ് പ്രതീക്ഷിച്ചതെങ്കിലും ആംബലുന്‍സില്‍ എത്തിയത് മുഴുവന്‍ പുരുഷന്മാരായിരുന്നു. തന്റെ അനുമതിയോടു കൂടെ പരിശോധന നടത്തിയ അവര്‍ അധികം സമ്മര്‍ദം കൊടുക്കേണ്ടെന്നും പ്രസവത്തിന് ഒരു മണിക്കൂര്‍ കൂടി എടുക്കുമെന്നും അറിയിച്ചു.
എന്നാല്‍, വേദന ശക്തമായതോടെ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ റോഡരികില്‍ നിര്‍ത്തിയ ആംബുലന്‍സില്‍ ഉമ്മു മൈമൂന പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകള്‍ മൈമൂന ഇതിനെല്ലാം സാക്ഷിയായിരുന്നു. കുഞ്ഞിന് പ്രവാചക പത്‌നിമാരിലൊരാളായ റംലയുടെ പേരാണ് നല്‍കിയത്. മരുഭൂമിയില്‍ ജനിച്ചതിനാല്‍ മണല്‍ത്തരി എന്നര്‍ഥമുള്ള റംല എന്ന പേര് അവള്‍ക്ക് ചേരുമെന്ന് ഉമ്മു മൈമൂന പറയുന്നു.
ആംബുലന്‍സില്‍ പരുക്കേറ്റവരെയും പല വിധത്തിലുള്ള രോഗികളെയും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് നഴ്‌സുമാരില്‍ ഒരാളായ മുഹമ്മദ് അലി കൂകി പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിതെന്ന് സഹ പ്രവര്‍ത്തകന്‍ മുഹമ്മദ് ബലാഗ് കൂട്ടിച്ചേര്‍ത്തു.

Latest