Connect with us

Gulf

പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13 മുതലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: രാജ്യത്തു നിലവില്‍ വരുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ്, തൊഴില്‍ നിയമം ഈ വര്‍ഷം ഡിസംബര്‍ 13ന് പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. നിയമം നടപ്പിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പുറകേയാണ് തിയതി സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് അല്‍ ശര്‍ഖ് അറബി പത്രം പുറത്തു വിട്ടത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നിയമം എന്നു മുതല്‍ നടപ്പില്‍ വരുമെന്ന ജിജ്ഞാസകളും നിലവിലെ തൊഴില്‍ കരാര്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമോ പോലുള്ള സംശയങ്ങളും നിലനില്‍ക്കേയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ജോലി മാറുന്നതിനും രാജ്യത്തു നിന്നു പുറത്തു പോകുന്നതിനും വിദേശികള്‍ക്ക് കൂടുതല്‍ എളുപ്പമാകുന്ന നിയമം എന്നാണ് പൊതുവേ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെ വിശേഷിപ്പിക്കുന്നത്. ഡിസംബറോടെ നിയമം നടപ്പില്‍ വരുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം പ്രതിനിധികളെ ഉദ്ധരിച്ചാണ് അല്‍ ശര്‍ഖ് പത്രം ഡിസംബര്‍ 13ന് നിയമം നടപ്പില്‍ വരുമെന്ന വാര്‍ത്ത കൊടുത്തിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങളും ശര്‍ഖിനെ ഉദ്ധിരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ഒക്‌ടോബറില്‍ അമീര്‍ ഒപ്പു വെച്ച നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് രാജ്യത്തു നിന്നും പുറത്തു പോകുന്നതിനു വേണ്ട എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് സ്‌പോണ്‍സറെ സമീപിക്കാതെ തന്നെ തൊഴിലാളിക്ക് അപേക്ഷിക്കാമെന്നതാണ്. മൂന്നു ദിവസം മുമ്പ് നല്‍കുന്ന അപേക്ഷക്ക് എതിര്‍വാദങ്ങളില്ലെങ്കില്‍ അനുവദിക്കും. തൊഴില്‍വിസ റദ്ദാക്കിയാല്‍ രണ്ടു വര്‍ഷത്തെ തൊഴില്‍ വിലക്കും ഇല്ലാതാകും. തൊഴില്‍ കരാര്‍ അവസാനിച്ച് വിസ റദ്ദാക്കിയാല്‍ അടുത്ത ദിവസം തന്നെ പുതിയ കമ്പനിയുടെ വിസയില്‍ രാജ്യത്തേക്കു വരാം. പഴയ കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. രാജ്യത്തു പ്രവര്‍ത്തിക്കുന്ന വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ കൂടുതല്‍ വകവെച്ചു കൊടുക്കുന്നതാണ് നിയമമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അതേസമയം തൊഴിലാളിക്ക് രാജ്യം വിടുന്നതിനും തൊഴില്‍ മാറുന്നതിനുമുള്ള നിയന്ത്രണം പുതിയ നിയമത്തിലും ഉണ്ടെന്നും കൃത്രിമമായി ഉണ്ടാക്കുന്ന പരാതികളുടെയോ മറ്റോ അടിസ്ഥാനത്തില്‍ തൊഴിലാളിയുടെ അവകാശങ്ങള്‍ ഹനിക്കാനാകുമെന്നും ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

Latest