Connect with us

Gulf

ദുരന്തം ദുഃഖമായെങ്കിലും നേരിട്ടതിലെ മികവിന് ദുബൈക്ക് ആഗോള പ്രശംസ

Published

|

Last Updated

ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ എമിറേറ്റ്‌സ് വിമാന ദുരന്തം യു എ ഇ രാജ്യത്തിനും വിശിഷ്യാ ദുബൈക്കും കനത്ത ദുഃഖമായെങ്കിലും, ദുബൈയുടെ ക്രൈസിസ് മാനേജ്‌മെന്റ് മികവിന് ആഗോളതലത്തില്‍ അംഗീകാരത്തിന് സംഭവം കാരണമാവുകയുണ്ടായി.
സാങ്കേതികത്തികവില്‍ ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ദുബൈ പ്രാപ്തമാണെന്ന അധികൃതരുടെ പ്രസ്താവനകള്‍ കേവലം അവകാശവാദങ്ങളല്ലെന്ന് എമിറേറ്റ്‌സ് വിമാന ദുരന്തം കൈകാര്യം ചെയ്ത രീതി എല്ലാവര്‍ക്കു മുമ്പിലും തെളിയിച്ചിരിക്കുകയാണ് ദുബൈ. അപകടം റിപ്പോര്‍ട്ട് ചെയ്ത ശേഷം ലോക മീഡിയകള്‍ ദുബൈയുടെ ക്രൈസിസ് മാനേജ്‌മെന്റിന്റെ മികവിനെ വാനോളം പുകഴ്ത്തിയത് ഇതിന്റെ തെളിവാണ്. വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ വൃദ്ധരും രോഗികളും കുട്ടികളുമടങ്ങുന്ന 300 ആളുകളെ തീ പിടിച്ച വിമാനത്തിന്റെ പുറത്ത് സുരക്ഷിതരായി എത്തിച്ചുവെന്നത് ചെറുതായി കാണേണ്ടതല്ലെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്ത വിദേശ മാധ്യമങ്ങള്‍ വരെ എടുത്തുപറഞ്ഞു.
ദുരന്തമുഖത്തെത്തി ഇടപെടുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള കാലതാമസമോ സാങ്കേതി സൗകര്യക്കുറവുകളോ അനുഭവപ്പെട്ടിരുന്നെങ്കില്‍, കഴിഞ്ഞ ദിവസമുണ്ടായ എമിറേറ്റ്‌സ് വിമാനാപകടം ലോക വിമാന ദുരന്തങ്ങളുടെ പട്ടികയില്‍ തീരാ ദുഃഖത്തിന്റേയും കണ്ണീരിന്റേയും ചരിത്രമാവുമായിരുന്നു. സ്വന്തം ജീവന്‍ അപായപ്പെടുത്തിയും തങ്ങളുടെ നാട്ടിലെത്തിയ അതിഥികളുടെ ജീവന്‍ രക്ഷിക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സിലെ ചുറുചുറുക്കുള്ള ഉദ്യോഗസ്ഥര്‍ കാണിച്ച സന്നദ്ധത പകരം കൊടുക്കാനില്ലാത്തതാണ്.
ഇത്തരം ക്രൈസിസ് നേരിടുന്നതിനാവശ്യമായ ആള്‍ബലത്തിന് പുറമെ ലോക വിപണിയിലെത്തുന്ന ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ദുബൈ ഭരണാധികാരികള്‍ കാണിക്കുന്ന ഉത്സാഹവും ഇവിടെ ശ്രദ്ധേയമാണ്. പ്രാപ്തരെ കണ്ടെത്തി കാര്യങ്ങള്‍ ഏല്‍പിച്ചു കൊടുക്കുന്നതില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന താത്പര്യവും മുഴുവന്‍ ഭരണാധികാരികള്‍ക്കും മാതൃകയാണ്. നഷ്ടപ്പെടുമായിരുന്ന ഒരുപാട് ജീവനുകള്‍ രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ചെറുപ്പക്കാരന്‍ ജാസിം അല്‍ ബലൂശി എല്ലാവരുടേയും മനസ്സില്‍ നൊമ്പരമായി അവശേഷിക്കുകയാണ്. റാസല്‍ ഖൈമയിലെ അല്‍ ബലൂശ് കുടുംബത്തില്‍ മാത്രമല്ല മരണം സംഭവിച്ചത്, മറിച്ച് ലക്ഷക്കണക്കായ സ്വദേശികളുടെയും വിദേശികളുടെയും കുടുംബങ്ങളില്‍ കൂടിയാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ജാസിം അല്‍ ബലൂശിക്ക് വേണ്ടി ഒഴുകിയ പ്രാര്‍ഥനകള്‍ അതാണ് സൂചിപ്പിക്കുന്നത്.

Latest