Connect with us

Gulf

ചികിത്സാ പിഴവ്: ഡോക്ടര്‍മാര്‍ക്കെതിരെ വിചാരണ

Published

|

Last Updated

ഷാര്‍ജ: ചികിത്സാ പിഴവ് മൂലം സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കോടതി വിചാരണ ആരംഭിച്ചു. ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ സെന്ററിന്റെ ഉടമയായ ഡോക്ടര്‍ക്കും മറ്റൊരു ഡോക്ടര്‍ക്കുമെതിരെയാണ് ഷാര്‍ജ കുറ്റകൃത്യ കോടതിയില്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്. ലൈസന്‍സില്ലാതെ ഡോക്ടര്‍ വീട്ടില്‍ പോയി ചികിത്സ നടത്തിയതാണ് രോഗിയായ സ്ത്രീയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രോഗിക്ക് നേഴ്‌സായിരുന്നു മരുന്നു കുറിച്ചു നല്‍കിയതെന്നും ഇത് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ മരിക്കുകയുമായിരുന്നുമെന്നാണ് കേസ്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ നടത്തിയ രോഗ നിര്‍ണയം തെറ്റായിരുന്നെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. അതേസമയം പ്രതികള്‍ കുറ്റം കോടതിയില്‍ നിഷേധിച്ചു.
രോഗിയുടെ മകള്‍ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലു ദിവസം കഴിഞ്ഞാണ് രോഗി മരിച്ചതെന്നും അതിനാല്‍ തങ്ങള്‍ക്ക് സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ഡോക്ടര്‍മാര്‍ക്കായി അഭിഭാഷകന്റെ വാദം. തന്റെ കക്ഷികളായ ഡോക്ടര്‍മാരുടെ പേര് കേസിലൂടെ ചീത്തയായിരിക്കയാണെന്നും ഇതിന് മുമ്പ് ക്ലിനിക്കുമായി ബന്ധപ്പെട്ട് യാതൊരുവിധ കേസുകളും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ഹാനി അല്‍ ജസ്മിയുടെ വാദം. സംഭവത്തില്‍ മാനനഷ്ടം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിനെതിരെ കേസ് ഫയല്‍ ചെയ്യും. കഴിഞ്ഞ 20 വര്‍ഷമായി യു എ ഇയില്‍ ജോലി ചെയ്യുന്നവരാണ് തന്റെ കക്ഷികളായ ഡോക്ടര്‍മാര്‍. ഇതുവരെ യാതൊരുവിധത്തിലുള്ള പാകപ്പിഴയും ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ഇത് മാനിച്ച് തന്റെ കക്ഷികളെ വെറുതെ വിടണമെന്നും ഹാനി കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ വിചാരണ തുടരും.