Connect with us

Articles

ഹിരോഷിമയുടെ പുതു പതിപ്പുകള്‍

Published

|

Last Updated

അധികാരം നേടിയെടുക്കാനും നിലനിറുത്താനും അധികാര ഗര്‍വ് പ്രകടിപ്പിക്കാനും ഏത് നീച കൃത്യവും നടപ്പിലാക്കാന്‍ മടിയില്ലാതിരുന്നപ്പോഴാണ് നാഗസാക്കിയിലും ഹിരോഷിമയിലും ലോകത്തിലെ അടിസ്ഥാന വര്‍ഗമായ മനുഷ്യന്‍ നിര്‍ദയം ചിതറപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജയം തങ്ങളുടെ വരുതിയിലായിട്ടും ജപ്പാനുമേല്‍ ലോകം അന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത മാരക ആയുധം തന്നെ അമേരിക്ക പ്രയോഗിച്ചത് കേവലം യുദ്ധത്തുടര്‍ച്ചയെന്നോണം ജപ്പാനുമേല്‍ വിജയം വരിക്കാന്‍ മാത്രമായിരുന്നില്ല. അങ്ങനെയെങ്കില്‍ അന്നുവരെ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മാത്രം മതിയായിരുന്നു അപ്പോഴുമവര്‍ക്ക്. മറിച്ച്, രാജ്യങ്ങളുമായി നേരിട്ട് യുദ്ധം ചെയ്താല്‍, ജയിച്ചാലും ഏല്‍ക്കേണ്ടിവരുന്ന നിരവധി മാനവ ഭൗതിക സമ്പത്തുകളുടെ നഷ്ടം കണ്ടറിഞ്ഞ്, ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുക എന്ന കുറുക്കകൗശലം കണക്കെ പരോക്ഷമായി ലാഭം കൊയ്യുന്ന അമേരിക്കന്‍ തന്ത്രത്തിന്, ജപ്പാന്റെ പേള്‍ഹാര്‍ബര്‍ ആക്രമണത്തിലൂടെ ഒരല്‍പ്പം അടിയേറ്റപ്പോള്‍ അവരുടെ അഹന്താവിചാരങ്ങള്‍ അതിരുകടന്നതായിരുന്നു നാഗസാക്കി/ഹിരോഷിമയില്‍ വിഷമായി അവതരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലാണല്ലോ രണ്ടാം ലോകമഹായുദ്ധം അതിന്റെ സര്‍വ നാശങ്ങളും തീര്‍ത്തത്. ജയിച്ചിട്ടും ഫ്രാന്‍സും ബ്രിട്ടനും കോടികളുടെ സാമ്പത്തിക നഷ്ടത്തിലേക്കും ലക്ഷങ്ങളുടെ മാനവനഷ്ടത്തിലേക്കും അധ:പതിച്ചപ്പോള്‍ അമേരിക്ക യുദ്ധത്തിന്റെ ഗുണവശം മാത്രം കൈവരിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ രംഗത്ത് വന്ന ജപ്പാനോട് പകരം വീട്ടുക എന്ന പോലെ, ആഗോളപോലീസ് ചമഞ്ഞിരുന്ന ഫ്രാന്‍സിനും ബ്രിട്ടനും പകരും തങ്ങളാണിനി ചോദ്യം ചെയ്യപ്പെടാത്ത ലോകാധികാരികള്‍ എന്ന് ഊട്ടിയുറപ്പിക്കാന്‍ കൂടിയായിരുന്നു നിഷ്‌കരുണം ആറ്റം ബോംബ് തന്നെ ജപ്പാനുമേല്‍ തിരഞ്ഞെടുത്തത്.
അന്നത്തെ അവരുടെ അധികാരദുര്‍മോഹത്തിനു വേണ്ടി ലോകത്തിനു നഷ്ടമായ മാനവ വിഭവ സമ്പത്തും, ഇന്നും തുടരുന്ന അനന്തര പ്രത്യാഘാതങ്ങളും വാക്കുകള്‍ക്കതീതം. 1945, ആഗസ്റ്റ് ആറിന് അമേരിക്കന്‍ രക്തദാഹി ഹാരിസ്ട്രൂമാന്റെ നിര്‍ദേശപ്രകാരം ഹിരോഷിമയില്‍ അണുബോംബ് വീഴുമ്പോള്‍ തത്ക്ഷണം നഷ്ടമായത് 8000 ജീവനുകളാണ്. 35000 ആളുകള്‍ ക്രൂരമായ പരുക്കുകള്‍ക്കും ഇരയായി. അതേവര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇതിനു പുറമെ പ്രത്യാഘാതമെന്നോണം 60000 പേര്‍ കൂടെ മരണം വരിച്ചു. ഇതുപോലെ തന്നെയാണ് നാഗസാക്കിയിലും സംഭവിച്ചത്. വീട്ടിലേക്ക് തിരിച്ചുവരുമെന്ന ഉറപ്പോടെ, കുടുംബത്തിലെക്ക് മടങ്ങാനുള്ള മോഹത്തോടെ തെരുവിലിറങ്ങിയ പതിനായിരങ്ങള്‍ ഭസ്മമായി. ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിലുകളും തകര്‍ന്ന് ഭക്ഷണവും ചികിത്സയും വിദ്യാഭ്യാസവും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാകാതെ ബാക്കിയായ ജനങ്ങള്‍ നരകിച്ച് ജീവിച്ചു. ഇത്തരം പ്രത്യാഘാതങ്ങള്‍ അന്നത്തെ ഒരു സമൂഹത്തെ മാത്രം ബാധിച്ച വിപത്തായി ഒതുങ്ങാതെ, തലമുറകളിലെക്ക് വ്യാപിക്കുന്ന വൈറസായതിനാല്‍ ഇന്നും ജപ്പാനിലെ ഒരു പറ്റം ജനങ്ങള്‍ അതിന്റെ ദൂഷ്യമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. ഏറ്റവും ഒടുവില്‍, എന്തു കിട്ടി നിങ്ങള്‍ക്കെന്ന ആഗോള മനസ്സാക്ഷിയുടെ ചോദ്യത്തിന് അമേരിക്കക്ക് പറയാനുണ്ടാവുക, ലക്ഷങ്ങളെ കൊന്നെങ്കിലും ഞങ്ങള്‍ക്ക് അധികാരം കിട്ടിയെന്നാവും. ചില സങ്കുചിത താത്പര്യങ്ങള്‍ക്കായി മനുഷ്യ കുലത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു.
പക്ഷേ, അതിലുമേറെ ഇന്നു നമ്മെ ദുഃഖിപ്പിച്ച് കൊണ്ടിരിക്കുന്നത് വര്‍ഷാവര്‍ഷം ഹിരോഷിമ/നാഗസാകി അനുസ്മരണങ്ങള്‍ ലോകം മുഴുകെ ആചരിച്ചിട്ടും, സ്വാര്‍ഥ അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള മനുഷ്യരുടെ കൊന്നുതള്ളലുകള്‍ക്ക് ഇന്നും ഒരറുതിയുമായിട്ടില്ല എന്നതാണ്. ആഗോള തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും പ്രാദേശികമായി നിരവധി സമാധാന സംഘടനകളും ഉയര്‍ന്നു വന്നിട്ടും ഈ മനോഭാവം ഇന്നും തുടരുകാണങ്കില്‍ നമുക്കിനിയെവിടെ ചെന്നാലാണ് നീതിയും, സ്വസ്ഥതയും ലഭിക്കുക?
അമേരിക്ക തന്നെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും കഴിഞ്ഞ പതിറ്റാണ്ടില്‍ നടത്തിയ ആക്രമണങ്ങള്‍, ഇന്നും തുടരുന്ന മനുഷ്യക്കുരുതികള്‍ എന്താണ് മാനവ കുലത്തോട് പറയുന്നത്? നാഗസാക്കിയില്‍ നിന്നും ഹിരോഷിമയില്‍ നിന്നും ലോകം ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് തന്നെ. ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശങ്ങളും അത് തന്നെ പറയുന്നു. റിസര്‍ച്ച് ബിസിനസ് സര്‍വേയുടെ കണക്കുപ്രകാരം 2003 മുതല്‍ 2007 ആകുമ്പോഴേക്ക് തന്നെ ഇറാഖില്‍ 1033000 ആളുകള്‍ മരിച്ചു വീണു. അധികാരം നിലനിര്‍ത്താന്‍ എണ്ണക്കിണറുകള്‍ അത്യന്താപേക്ഷിതമാണെന്ന് കണ്ടപ്പോള്‍ ഇറാഖിനുമേല്‍ കാരണങ്ങള്‍ നിരത്തുകയായിരുന്നുവെന്ന് അമേരിക്കന്‍ ചിന്തകന്‍ നോം ചോസ്‌കി വ്യക്തമാക്കിയതാണ്. സദ്ദാം ഹുസൈനെന്ന ഒരു കാലത്തെ സുഹൃത്തിനെ എത്ര തന്ത്രപരമായാണ് അവര്‍ കൊന്നു തള്ളേണ്ട ഭീകരനാക്കിയത്? അഫ്ഗാനിസ്ഥാനില്‍ 2001 മുതല്‍ 2004 വരെ 26000 സൈനികരുള്‍പ്പടെ 91000 ആളുകള്‍ക്ക് ജീവഹാനി നേരിട്ടു. രാജ്യത്തിനുമേലുള്ള ഭീഷണികളെ ചെറുക്കുക എന്ന അനിവാര്യതക്കല്ലാതെ, നിഗൂഢതാത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പതിനായിരക്കണക്കിന് അമേരിക്കന്‍ പൗരന്‍മാര്‍ മരണം വരിച്ചതിനെതിരെ അമേരിക്കയില്‍ തന്നെ ഈയടുത്തുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നാം വായിച്ചറിഞ്ഞവരാണ്. ലോക പോലീസ് പദവി നഷ്ടമാകാതിരിക്കാന്‍ സ്വരാജ്യത്തായാലും മറുരാജ്യങ്ങളിലായാലും ലക്ഷങ്ങളെ കൊന്നൊടുക്കുന്ന നാഗസാക്കി ആവര്‍ത്തനങ്ങള്‍ ഇന്നും സജീവമാണെന്നതിന് എങ്ങനെയാണ് നാം പരിഹാരം കണ്ടെത്തുക?
അമേരിക്കക്ക് സമന്‍മാരാണ് ഹോളോക്കാസ്റ്റ് പച്ചനുണകളിലൂടെ പലസ്തീന്‍ പിടിച്ചടക്കുന്ന സയണിസ്റ്റുകള്‍. യൂറോപ്യന്‍ നാടുകളില്‍ നിന്ന് മരണവും അപമാനവും മാത്രം ലഭിച്ച ജൂതര്‍ക്ക് ഒരല്‍പ്പം അഭയം നല്‍കിയ പലസ്തീനെ തന്നെ കടിച്ചുകീറുമ്പോള്‍ ജൂതരുടെ അധിനിവേശമോഹം എത്രമാത്രം ഹീനമാണെന്ന് ബോധ്യപ്പെടുകയാണ്. ഫലസ്തീന്‍ ഇന്ന് ഒരു കണ്ണീര്‍ ചാല്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. 1987 ഡിസംബര്‍ ഒമ്പത് മുതല്‍ 2000 സെപ്തംബര്‍ ആകുമ്പോഴെക്കും 1551 ഫലസ്തീന്‍ പൗരന്മാരാണ് അധിനിവേശ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മരിച്ചിരുന്നതെങ്കില്‍ 2000 സെപ്തംബര്‍ മുതല്‍ 2014 ജൂലൈ ആകുമ്പോഴേക്കും 6,890 ഫലസ്തീന്‍ പൗരന്‍മ്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ലോകമെമ്പാടുമുള്ള നാഗസാക്കി/ഹിരോഷിമ അനുസ്മരണങ്ങളെല്ലാം നിഷ്ഫലമായ പൊള്ളയാണെന്ന യാഥാര്‍ഥ്യം ഇത്തരം യുദ്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. അധികാര സ്ഥിരീകരണവും അതു ലോകത്തെ ബോധ്യപ്പെടുത്തലും അതിനു മുമ്പില്‍ മര്‍ത്യജീവന്‍ അപ്രസക്തമാണെന്നുമുള്ള കാഴ്ചപ്പാടാണ് ഹിരോഷിമയില്‍ ഹേതുവായതെങ്കില്‍ നവലോകത്തും ആ കുത്സിത കാഴ്ചപ്പാടില്‍ മാറ്റമൊന്നും വന്നിട്ടില്ല. അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ബോധങ്ങളുടെ വിവിധങ്ങളായ പരിണാമങ്ങള്‍ വിവിധ രാഷ്ട്രങ്ങളില്‍ വിവിധ തലത്തില്‍ ഭീകരമായ നിലയില്‍ കണ്ടു വരികയാണ്. കഴിഞ്ഞ റമസാനില്‍ ചൈനയില്‍ നിന്നുയര്‍ന്നുകേട്ട ഒരു വിവാദം ഇത്തരത്തിലുള്ളതാണ്. മറ്റു ജനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരാരാധനാ കര്‍മമായ വ്രതം ഒരു മുസ്‌ലിമും ചൈനയില്‍ അനുഷ്ഠിക്കാന്‍ പാടില്ലെന്നുള്ളതായിരുന്നു അത്. ജനാധിപത്യ സോഷ്യലിസമാണ് തങ്ങളുടെ പ്രത്യേയശാസ്ത്രമെന്ന് അടിവരയിടുന്ന രാജ്യമായിരുന്നിട്ടും ഭൂരിപക്ഷമോഹങ്ങള്‍ക്കായി ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന നിര്‍ദയകാഴ്ച. ഇത്തരം എല്ലാ തരം അതിക്രമങ്ങളെയും യുദ്ധ പ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. മനുഷ്യരുടെ സ്വാഭാവികമായ അവകാശങ്ങളെ നിരാകരിക്കുന്നതെല്ലാം ബലപ്രയോഗമാണ്. രാഷ്ട്രങ്ങളുടെ സ്വതന്ത്രമായ നിര്‍ണയത്തിന് ഭീഷണിയാകുന്ന എല്ലാ തരം ഇടപെടലും യുദ്ധം തന്നെയാണ്. പുതിയ യുദ്ധവിരുദ്ധ ക്യാമ്പയിനുകള്‍ ഈ നിലയിലേക്ക് വളരണം. ആത്യന്തികമായി അത് നവ സാമ്രാജ്യത്വത്തെയും നവ കൊളോണിയലിസത്തെയും വര്‍ഗീയതയെയും നേരിടുന്നതാകണം.
ഇന്ത്യയും ഇത്തരമൊരു ദിശയിലാണോ സഞ്ചരിക്കുന്നതെന്ന് ആശങ്കപ്പെടാവുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. 1992ലെ ബാബ്‌രി ധ്വംസനവും 2002 ലെ ഗുജറാത്ത് വംശഹത്യയും 2005ല്‍ ഒഡീഷയില്‍ ക്രിസ്തീയരെ അടിച്ചമര്‍ത്തിയതും കുറത്ത അധ്യായങ്ങളായിരുന്നുവെങ്കിലും രാജ്യത്തിന്റെ തനതായ ഭാവത്തിലേക്ക് ഏറെക്കുറെ തിരിച്ചു വരാന്‍ സാധിച്ചിരുന്നു. ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമായികൊണ്ടിരിക്കുന്നു. പശുമാംസത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നു. മുസ്‌ലിംകള്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് സാധ്വി പ്രാച്ചിക്ക് പരസ്യമായി പറയാന്‍ ധൈര്യമുണ്ടായിരിക്കുന്നു.
ഇത്തരത്തില്‍ മുസ്‌ലിം, ക്രൈസ്തവമുക്ത ഇന്ത്യയെന്ന സ്വപ്‌നത്തിലേക്ക് കുതിക്കുന്ന ഹൈന്ദവ ഫാഷിസം തങ്ങളുടെ അധികാര സംരക്ഷണത്തിന് ന്യൂനപക്ഷ വേട്ട ശക്തമാക്കുമ്പോള്‍ ഹിരാഷിമയിലും നാഗസാക്കിയിലും കണ്ട അതേ അധികാര ഗര്‍വ് മറ്റൊരു രൂപത്തില്‍ ഇവിടെയും താണ്ഡവമാടുകയാണ്.