Connect with us

Malappuram

കോള്‍ സെന്റര്‍ തുടങ്ങാനെന്ന പേരില്‍ പണം വാങ്ങി മുങ്ങിയ യുവാവ് പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കോള്‍ സെന്റര്‍ തുടങ്ങാനെന്ന പേരില്‍ പണം വാങ്ങി കബളിപ്പിച്ച കേസില്‍ വടകര സ്വദേശി അറസ്റ്റില്‍. വഴിക്കടവ് സ്വദേശിയുടെ പരാതിയില്‍ എടക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. വടകര ഒഞ്ചിയം നാദാപുരം റോഡിലെ വള്ളിക്കുളങ്ങര മുസ്‌ലിയാര്‍ വീട്ടില്‍ ശബീര്‍(29)നെയാണ് അറസ്റ്റ് ചെയ്തത്. എടക്കര പാലേമാട് ടൗണില്‍ മൊബൈല്‍ കട നടത്തുന്ന വഴിക്കടവ് നരോക്കാവ് സ്വദേശി നിസാമുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നോസ്സര്‍ ഐ ടി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പേരില്‍ ഒരു പത്രത്തില്‍ കണ്ട പരസ്യത്തെ തുടര്‍ന്നാണ് നിസാമുദ്ധീന്‍ പ്രതി ശബീറിനെ ബന്ധപ്പെട്ടത്. കോള്‍ സെന്റര്‍ തുടങ്ങാനും ഏജന്‍സി അനുവദിക്കാനായി 55000 രൂപയും ആവശ്യപ്പെട്ടു. എറണാകുളം എടപ്പള്ളിയില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ ശബീറിന്റെ ഓഫീസ് കണ്ട് നിസാമുദ്ധീന്‍ പണം നല്‍കുകയും എടക്കര പാലേമാടില്‍ കോള്‍ സെന്റര്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് തുക നല്‍കുകയോ കമ്മീഷന്‍ നല്‍കുകയോ ചെയ്തില്ല. എറണാംകുളത്ത് പോയി ശബീറിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് നിസാമുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ സി ഐ ദേവസ്യ, എസ് ഐ സുനില്‍ പുളിക്കല്‍, സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗം അസൈനാര്‍, സി പി ഒ ഷിഫിന്‍, ഹോംഗാര്‍ഡ് മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.