Connect with us

Malappuram

മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്‍

Published

|

Last Updated

താനൂര്‍: കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര വിസ നിഷേധിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്‍. സഊദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാനാണ് മന്ത്രി കെ ടി ജലീല്‍ നയതന്ത്ര വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.
എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്രം ഒഴുക്കുന്നത് മുതലകണ്ണീരാണെന്നതിന് തെളിവാണ് മന്ത്രിക്ക് നയതന്ത്ര വിസ നിഷേധിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഫെഡറല്‍ സമ്പ്രദായത്തിലെ എല്ലാ മര്യാദകളും ലംഘിക്കുന്നതാണ് ഈ നടപടിയെന്ന് വി അബ്ദുര്‍റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി ക്ഷേമം എന്നത് ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്ന ഒന്നാണെന്ന് ഈ സംഭവത്തോടെ വ്യക്തമായി. പ്രവാസികളുടെ തൊഴില്‍ സംരക്ഷണം, അപകടമരണ ഇന്‍ഷുറന്‍സ് എന്നിവ വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും താനൂര്‍ എം എല്‍ എ പറഞ്ഞു. വിദേശത്തുവെച്ച് മരണപ്പെടുന്ന സാധാരണക്കാര്‍ പലരും ബാക്കിവെച്ച് പോകുന്നത് സാമ്പത്തിക ബാധ്യതയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും പലരുടെയും സഹായം തേടേണ്ട അവസ്ഥയാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ട്. അതിന് ഇടതു മുന്നണി സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ കഴിയും വിധമുള്ള എല്ലാ സഹായം വാഗ്ദാനം ചെയ്യുന്നതായും വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.