Connect with us

Gulf

അബൂദാബിയില്‍ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

Published

|

Last Updated

അബുദാബിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ്

അബുദാബി: ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗതാഗത സുരക്ഷാ മുന്നറിയിപ്പ് പാലിച്ച് വാഹനങ്ങള്‍ ഓടിക്കണമെന്ന് പോലീസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതലാണ് കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി വ്യക്തമായി കാണാത്ത തരത്തില്‍ പലയിടങ്ങളില്‍ പൊടി പരന്നത്. ദുബൈ, ഷാര്‍ജ ഉള്‍പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലും ചെറിയ തോതില്‍ കഴിഞ്ഞ ദിവസം പൊടിക്കാറ്റ് വീശി. തുറസ്സായ സ്ഥലങ്ങളിലും വാഹനയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. പൊടിയിലും ചൂടിലും ശ്വാസം മുട്ടി കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. പകല്‍ അന്തരീക്ഷ ഊഷ്മാവ് 46 ഡിഗ്രിയോളമായിരുന്നു. പൊടി മൂടിയത് ദൂരക്കാഴ്ച നഷ്ടപ്പെട്ടതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി. അബുദാബിയുടെ പശ്ചിമ ഭാഗങ്ങളായ സൈ്വഹാന്‍, ബദാ സായിദ്, സില ഭാഗങ്ങളില്‍ 500 മീറ്റര്‍ വരെ കാഴ്ച മങ്ങിയത് ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയുമുള്ളപ്പോള്‍ ട്രക്കുകളെ മറികടക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി. പൊടിക്കാറ്റ് ശക്തമായാല്‍ മഞ്ഞ വെളിച്ചം ഉപയോഗിക്കണമെന്നും പോലീസ് പറഞ്ഞു.

Latest