Connect with us

Gulf

എയര്‍ ഇന്ത്യ വിമാനം നാല് മണിക്കൂര്‍ 'ചുറ്റിത്തിരിഞ്ഞ്'പുറപ്പെട്ടിടത്ത് തിരിച്ചിറക്കി

Published

|

Last Updated

ദുബൈ: മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് പറന്ന ഐ എക്‌സ് 813 എയര്‍ ഇന്ത്യ വിമാനം നാലു മണിക്കൂര്‍ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് പുറപ്പെട്ടേടത്ത് തന്നെ തിരിച്ചിറക്കി. മംഗലാപുരത്ത് നിന്നും വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ 185 യാത്രക്കാരുമായി പറന്ന വിമാനമാണ് ചുറ്റിത്തിരിഞ്ഞ് അവിടെതന്നെ തിരിച്ചിറക്കിയത്.
രാത്രി 7.50 മണിയോടെ പുറപ്പെടേണ്ട വിമാനം 10 മിനിറ്റിലധികം വൈകിയാണ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. ഒന്നര മണിക്കൂര്‍ യാത്രക്കു ശേഷം ദുബൈയില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും പകരം ഷാര്‍ജയില്‍ ഇറക്കുമെന്നുമുള്ള സന്ദേശം യാത്രക്കാര്‍ക്ക് നല്‍കി. എന്നാല്‍ അല്‍പം കഴിഞ്ഞ് മംഗലാപുരത്തേക്ക് തന്നെ മടങ്ങിപ്പോകുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു.
എന്നാല്‍ മംഗലാപുരത്ത് ഇറക്കുന്നതിന് സാങ്കേതിക തടസമുള്ളതിനാല്‍ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയിലും ലാന്‍ഡിംഗിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഇറക്കുകയും അവിടെ ഒരു മണിക്കൂറോളം ഇന്ധനം നിറക്കാന്‍ നിര്‍ത്തിയിട്ട ശേഷം രാത്രി ഒരു മണിയോടെ മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കുകയുമായിരുന്നു.
പിന്നീട് എയര്‍ ഇന്ത്യ മാനേജര്‍ എത്തി യാത്രക്കാരുമായി സംസാരിക്കുകയും ദുബൈയില്‍ വിമാനാപകടമുണ്ടായതിനെ തുടര്‍ന്നുള്ള സാഹചര്യം മൂലമാണ് വിമാനം ഇറക്കാന്‍ കഴിയാത്തതെന്നും അറിയിച്ചു. അടുത്ത ഫ്‌ളൈറ്റില്‍ ദുബൈയിലേക്കുള്ള യാത്ര സാധിക്കില്ലെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ ബഹളം വെച്ചു.
എല്ലാവരുടെയും മൊബൈല്‍ നമ്പര്‍ നല്‍കാനാണ് മാനേജര്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ഏഴ്, എട്ട്, ഒന്‍പത്, പത്ത് തിയതികളിലുള്ള ഫ്‌ളൈറ്റുകളില്‍ 20 പേരെ വീതം അയക്കാമെന്നും ടിക്കറ്റ് നിരക്ക് തിരിച്ചുകിട്ടേണ്ടവര്‍ക്ക് അത് നല്‍കാമെന്നും അറിയിച്ചു. തിരിച്ചുപോകാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് 20 വരെയുള്ള തിയതികളില്‍ ഇതിന് സൗകര്യമുണ്ടാക്കാമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയതായി വിമാനത്തിലെ യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ ദുബൈ വിമാന അപകടമാണ് തിരികെ മംഗലാപുരത്തേക്ക് പോകുവാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

Latest