Connect with us

Gulf

അത്ഭുത കാന്തിയുമായി 'പച്ചമല'

Published

|

Last Updated

നിസ്‌വ: ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ അഖ്ദര്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് നിരവധി കാരണങ്ങളാലാണ്.
സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലുള്ള ജബല്‍ അഖ്ദര്‍ മലനിരകളിലേതുപോലെയുള്ള കാലാവസ്ഥ അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ മറ്റൊരിടത്തുമില്ല. വേനലിലും തണുപ്പുകാലത്തും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ മലമുകളില്‍ വൈവിധ്യമാര്‍ന്ന ഒരുപിടി സസ്യങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ പ്രദേശമാണ് ജൈവ വൈവിധ്യത്തിന്റെ മികച്ച ഉദാഹരണമാണ് ജബല്‍ അഖ്ദര്‍. ജബല്‍ അഖ്ദറിലാണ് ഏറ്റവും കൂടുതല്‍ പഴവര്‍ഗങ്ങള്‍ വിളയുന്നത്. രാജ്യത്തെ സുഗന്ധ മലവാരം കൂടിയാണ് ജബല്‍ അഖ്ദര്‍. ലോകത്ത് പനിനീര്‍ പൂക്കളുള്ള അപൂര്‍വം കുന്നുകളിലൊന്നാണീ പര്‍വത പ്രദേശം.
മാതളപഴങ്ങള്‍, ആപ്പിള്‍, പീച്ച് പഴങ്ങള്‍, പഌ, അത്തി, മുന്തിരി, പിയര്‍ പഴം, ചെറി എന്നിവകൊണ്ട് സമ്പന്നമായ ജബല്‍ അഖ്ദറിലെ തോട്ടങ്ങള്‍ കൃഷിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കണ്ണിന് കുളിരുള്ള കാഴ്ചയാണ് സമ്മാനിക്കുന്നത് ഈ ഫലങ്ങളുടെ വിളവെടുപ്പ് കാലംകൂടിയാണിപ്പോള്‍ എന്നത് കാരണം നിരവധി സന്ദര്‍ശകരാണ് അടുത്തിടെയായി ജബല്‍ അഖ്ദറിലേക്ക് എത്തുന്നത്. ശരത്കാലത്ത് ഇലപൊഴിക്കുന്ന “സ്വീറ്റ് ട്രീസ്” എന്നറിയപ്പെടുന്ന മരമാണ് ജബല്‍ അഖ്ദറിലെ വ്യത്യസ്തമായ കാഴ്ച. ഇത്തരം ഒരു മരം ഒമാനില്‍ മറ്റൊരിടത്തും ഇല്ല.
ബദാം, വാല്‍നട്ട്, ഒലീവ് എന്നിവയും ഇവിടെ വിളയാറുണ്ട്. റോസ് വാട്ടര്‍ ഉല്‍പാദനത്തിനും ജബല്‍ അഖ്ദര്‍ പേരുകേട്ടതാണ്.
പനിനീര്‍ പൂവിന്റെ സുഗന്ധം ആസ്വദിക്കാതെ ജബല്‍ അഖ്ദര്‍ മല കയറിയവര്‍ ആരും തിരിച്ചിറങ്ങാറില്ല. ജബല്‍ അഖ്ദറിലും സമീപത്തുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പനിനീര്‍ കൃഷി നടക്കുന്നത്. അല്‍ ഐന്‍, ശരിജ, സീഖ്, ഖശ എന്നീ ഏരിയകളിലാണ് വലിയ തോതില്‍ കൃഷിയുള്ളത്. ഇവുടത്തുകാരുടെ പ്രധാന വരുമാനവും പനിനീര്‍ കൃഷി തന്നെയാണ്.
ഏഴ് ഏക്കറുകളിലായി 5,000 പനിനീര്‍ ചെടികളാണ് ജബല്‍ അഖ്ദറില്‍ ഉള്ളത്. പനിനീര്‍ അത്തറുകളും മറ്റു സുഗന്ധ വസ്തുക്കളും കയറ്റി അയക്കുന്ന സീസണ്‍ കൂടിയാണിത്. പനിനീര്‍ സുഗന്ധങ്ങള്‍ പ്രത്യേക പരമ്പരാഗത സംവിധാനത്തിലൂടെ ഇവിടെ നിന്നും നിര്‍മിച്ചെടുക്കുന്നു. ഒരു ഏക്കറിലെ പനിനീര്‍ ചെടികളില്‍ നിന്നും 4,000 ലിറ്റര്‍ വരെ പനിനീര്‍ നിര്‍മിക്കാന്‍ കഴിയും. ഓരോ സീസണിലും 40,000 ലിറ്റര്‍ വരെ ഇവിടെ നിന്നും കയറ്റി അയക്കാറുണ്ട്. പ്രകൃതിയുടെ തണുപ്പും ദൈവത്തിന്റെ കരവിരുതില്‍ വിരിഞ്ഞ മനോഹര കാഴ്ച കണ്ടുമാണ് “പച്ചമല” നിഗൂഢമായി ഒളിച്ചു വെച്ചിരിക്കുന്നത്. താഴ്‌വരകള്‍ പച്ച പുതച്ച തട്ടുകളായി കിടക്കുന്നു. കൃഷിയിടങ്ങള്‍ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ നിന്ന് മറ്റൊരു ഭൂമിയെ നോക്കിക്കാണുന്ന അനുഭവം. വാദി ഗുല്‍ വാദി മിസ്തല്‍ തുടങ്ങിയ താഴ്‌വരകളാണ് ഇവിടത്തെ മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍.
കുത്തനെയുള്ള കയറ്റവും വളവുകളുമാണ് ജബല്‍ അഖദ്‌റിലേക്കുള്ള മലമ്പാതയെ വന്യമാക്കുന്നത്. നിരവധി മലകള്‍ക്കിടയിലൂടെ തീര്‍ത്ത പാതകളുടെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചുരം റോഡിലെ വ്യൂ പോയിന്റുകളില്‍ നിന്ന് താഴെയുള്ള ഗ്രാമങ്ങളുടെ ഭംഗി നുകരും. മലകയറും തോറും 40 ഡിഗ്രിയില്‍ നിന്ന് താപനില താഴ്ന്നു വരുന്നതു കാണാം.
മലനിരകളിലെ മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനും പ്രകൃതിയുടെ വിസ്മയകരമായ താളവ്യതിയാനങ്ങള്‍ അനുഭവിക്കാനും മലമ്പാതകള്‍ ഇനിയും നീണ്ടു കിടപ്പുണ്ടായിരുന്നു. ജബല്‍ അഖ്ദറിലേക്കൊരു യാത്ര, മനസ് തണുപ്പിക്കുന്ന അനുഭവം തന്നെയാകും.