Connect with us

National

ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവര്‍ സാമൂഹിക വിരുദ്ധരെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി:സ്വയം പ്രഖ്യാപിത ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി. ഇന്നെലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പ്രധാനമന്ത്രിയുടെ ആദ്യ ടൗണ്‍ ഹാള്‍ പ്രസംഗത്തിനിടെയാണ് ഗോരക്ഷാ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നിയമ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ ഗോ രക്ഷാ പ്രവര്‍ത്തനവുമായി ഇറങ്ങിയിട്ടുണ്ട്. അവര്‍ ഗോ രക്ഷാ എന്ന പേരില്‍ ഷോപ്പുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. പലരുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള മറയായി പശു സംരക്ഷണം മാറുന്നു. ഗോ രക്ഷയുടെ മുഖം മുടിയണിഞ്ഞ സാമൂഹിക വിരുദ്ധരെ അംഗീകരിക്കാനാകില്ല. ഗോ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പശുക്കള്‍ക്ക് പ്ലാസ്റ്റികും മാലിന്യങ്ങളും ഭക്ഷിക്കുന്ന സാഹചര്യം ഇല്ലാതെയാക്കുകയാണ്. ഇത്തരം മോശപ്പെട്ട വസ്തുക്കള്‍ കഴിച്ച് പശുക്കള്‍ ചാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ വെബ് പോര്‍ട്ടിലിന്റെ രണ്ടാം വാര്‍ഷിക ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ടൗണ്‍ഹാള്‍ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഗോരക്ഷാ പ്രവര്‍ത്തനത്തിലുള്ള എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയത്.
നല്ല ഭരണമെന്നാല്‍ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൊതുജനങ്ങള്‍ക്കും ഭരണത്തില്‍ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ടെക്നോളജിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച ഭരണം എന്നത് ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. വോട്ട് ചെയ്ത് മാറി നില്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. ഭരണത്തില്‍ ജനങ്ങളും പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ച പ്രധാനമന്ത്രി മൊബൈല്‍ ആപും മോദി പരിപാടിയില്‍ അവതരിപ്പിച്ചു. ആപില്‍ പത്ത് ഭാഷകളിലായി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും അതിന്റെ ഇന്‍ഫോ ഗ്രാഫും ലഭ്യമാക്കിയിട്ടുണ്ട്.

Latest