Connect with us

Kannur

വൈരം മറന്ന് രാഷ്ട്രീയപോരാളികള്‍ ഒരേ വേദിയില്‍

Published

|

Last Updated

പയ്യന്നൂര്‍: രാഷ്ട്രീയത്തിന്റെ ഇരു ധ്രുവങ്ങളില്‍ പരസ്പരം പറഞ്ഞും പോരടിച്ചും തങ്ങളുടെ പ്രസ്ഥാനത്തിന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന കണ്ണൂരിന്റെ കരുത്തരായ രണ്ട് നേതാക്കള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് പൊതുവേദി പങ്കിട്ടത് രാഷ്ട്രീയ കേരളത്തിലെ അപൂര്‍വ സംഭവമായി. കേരള രാഷ്ട്രീയത്തിലെ കണ്ണൂരിന്റെ കരുത്തറിയിച്ച് പരസ്പരം വീറോടെ പോരാടുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനുമാണ് രാഷ്ട്രീയ കേരളത്തില്‍ അപൂര്‍വവും കൗതുകകരവുമായ കാഴ്ചക്ക് വഴിയൊരുക്കി ഒന്നിച്ച് പൊതുവേദി പങ്കിട്ടത്.

ദേശീയ അവാര്‍ഡ് ജേതാവ് സിനിമാ താരം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന കറുത്ത ജൂതന്‍മാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നതിനായി രാമന്തളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്.സുധാകരന്‍ ആദ്യ ക്ലാപ്പ് അടിച്ചും ജയരാജന്‍ സ്വിച്ച് ഓണ്‍ ചെയ്തും ഒരു പോലെ ചടങ്ങിന്റെ ഉദ്ഘാടകന്‍മ്മാരായതും മറ്റൊരു പ്രത്യേകതയായി. താനും ജയരാജനും തമ്മില്‍ രാഷ്ട്രീയ ഭ്രഷ്ട് ഉണ്ടായിരുന്നതായി ഇതുവരെ തോന്നിയിട്ടില്ലെന്ന് ആദ്യം പ്രസംഗിച്ച കെ സുധാകരന്‍ പറഞ്ഞു. തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കേണ്ടി വന്നതുകൊണ്ടും രാഷ്ട്രീയ പരമായി രണ്ട് ധ്രുവങ്ങളില്‍ ആയതു കൊണ്ടുമാണ് ഒന്നിച്ച് വേദി പങ്കിടാന്‍ സാധിക്കാതിരുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Latest