Connect with us

Gulf

ജാസിം അല്‍ ബലൂശിയെ പ്രകീര്‍ത്തിച്ച് തൃശൂരില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചത് വാര്‍ത്തയാക്കി അറബ് പത്രങ്ങള്‍

Published

|

Last Updated

തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍ ജാസിം അല്‍ ബലൂശിക്ക് ആദരാജ്ഞലിയര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് അല്‍ ബയാന്‍ പത്രം വാര്‍ത്തയാക്കിയപ്പോള്‍ ഫ്‌ലക്‌സ്

ദുബൈ: കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനം ലാന്‍ഡിംഗിനിടെ ദുബൈ വിമാനത്താവളത്തില്‍ തീ പിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പൊള്ളലേറ്റു മരിച്ച ദുബൈ സിവില്‍ ഡിഫന്‍സിലെ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂശി ഈയാഴ്ചയിലെ വാര്‍ത്തകളിലെ വ്യക്തിയായി മാറി.

പ്രാദേശിക സ്വദേശി പത്രമാധ്യമങ്ങള്‍ക്ക് പുറമെ വിവിധ വാര്‍ത്താമാധ്യമങ്ങളിലും അല്‍ ബലൂശി, രാജ്യത്തോടും തൊഴിലിനോടും കാണിച്ച അര്‍പണവും ആത്മാര്‍ഥതയും പ്രത്യേക ചര്‍ച്ചയായി.
സമൂഹ മാധ്യമങ്ങളിലും പ്രത്യേകിച്ച് ഇന്ത്യക്കാരുടെ പേജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ ബലൂശി നിറഞ്ഞുനിന്നത് ശ്രദ്ധേയമായി. ഇതില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു തൃശൂരിലെ അഗ്‌നിശമന സേനാ കേന്ദ്രത്തില്‍ അല്‍ ബലൂശിയുടെ ജീവത്യാഗത്തെ പ്രശംസിച്ചും പ്രകീര്‍ത്തിച്ചും സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്.
തൃശൂരില്‍ സ്ഥാപിച്ച ബോര്‍ഡ് നിരവധി പേരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മുഖ്യവാര്‍ത്തയായതിന് പിന്നാലെയാണ് യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ “വാം” ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വാം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ രാജ്യത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക അറബ് പത്രങ്ങളിലും ഇത് സചിത്ര വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. “രക്തസാക്ഷിയുടെ ത്യാഗത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യയിലെ സിവില്‍ ഡിഫന്‍സ്” എന്ന തലക്കെട്ടോടെയാണ് വാമും അറബ് പത്രങ്ങളും തൃശൂരില്‍ സ്ഥാപിച്ച അഭിവാദ്യ ഫഌക്‌സ് വാര്‍ത്തയാക്കിയത്.
അപ്പോഴും മലയാളികള്‍ വെറുതെയിരുന്നില്ല; തൃശൂരില്‍ സ്ഥാപിച്ച ഫഌക്‌സ് അറബ് പത്രങ്ങളില്‍ ഇടം നേടിയതായി പിന്നീട് മലയാളികളുടെ ട്രോള്‍; അല്ലെങ്കിലും മലയാളി ആരാ മോന്‍!

 

 

Latest