Connect with us

Gulf

2030 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗ കാര്യക്ഷമത ഇരട്ടിയാക്കാന്‍ ദുബൈ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: 2030 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗ കാര്യക്ഷമത ഇരട്ടിയാക്കാന്‍ ദുബൈ ഒരുങ്ങുന്നതായി ഡി എസ് സി ഇ(ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി) അറിയിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബി ഇ എ(ബില്‍ഡിംഗ് എഫിഷ്യന്‍സി അക്‌സലെറേറ്റര്‍)യുമായി സഹകരിച്ചാണ് ഡി എസ് സി ഇ ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത്. നിലവിലുള്ളവയിലും പുതുതായി വരുന്ന കെട്ടിടങ്ങളിലുമെല്ലാം 25 മുതല്‍ 50 ശതമാനം വരെ വൈദ്യുതി കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് നടപടി സ്വീകരിക്കുക. ഇതിലൂടെ വൈദ്യുതി ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം കുറക്കാനും കഴിയുമെന്ന് ഡി എസ് സി ഇ വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ഈ ലക്ഷ്യത്തിനായി ബി ഇ എയുമായി സഹകരിക്കുന്ന 12 പുതിയ നഗരങ്ങളില്‍ ദുബൈയും ഉള്‍പെടും.
ഇതോടെ ഇത്തരം ഉദ്യമവുമായി സഹകരിക്കുന്ന മൊത്തം നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. നിലവില്‍ രാജ്യാന്തര നിലയില്‍ 30 ബിസിനസ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംഘടനകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവയുമായി സഹകരിച്ച് കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കാര്യക്ഷമമാക്കാനും പാഴ്‌ചെലവ് ഒഴിവാക്കാനും ശ്രമിച്ചുവരികയാണ്.

വൈദ്യുതി ഉപഭോഗം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിക്കുന്ന മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലൂടെ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മികച്ച വെളിച്ച സജ്ജീകരണം ഉള്‍പെടെയുള്ളവ എത്തിക്കലുമെല്ലാം ബി ഇ എയുമായുള്ള സഹകരണത്തിലൂടെ ഡി എസ് സി ഇ ലക്ഷ്യമിടുന്നു. ഈ ഇനത്തില്‍ ഒരു ഡോളര്‍ ചെലവിടുമ്പോള്‍ രണ്ടു ഡോളറിന്റെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിലും വിതരണത്തിലുമായി സംഭവിക്കുന്ന കാര്യക്ഷമതയാണ് ഇതിലേക്ക് നയിക്കുന്നതെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.
2030 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനം കുറവ് വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഡി എസ് സി ഇ സെക്രട്ടറി ജനറല്‍ ബുതി അല്‍ മുഹൈരിബിയും പറഞ്ഞു.