Connect with us

Kerala

ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട്: തടസ്സമായത് രാഷ്ട്രീയ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തടസ്സമായത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനപ്പുറം യാത്രക്ക് രാഷ്ട്രീയാനുമതി ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് നയതന്ത്ര പാസ്‌പോര്‍ട്ടിനുള്ള മന്ത്രിയുടെ അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും മന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സംസ്ഥാന മന്ത്രിമാര്‍ക്കും മറ്റും നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാറുണ്ടെങ്കിലും സാധാരണഗതിയില്‍ നയതന്ത്ര പദവിയിലുള്ളവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകള്‍ക്കായി നിയോഗിക്കുന്നവര്‍ക്കും പാര്‍ലിമെന്റ് അംഗങ്ങള്‍ക്കുമാണ് നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കിവരുന്നത്. ചിലപ്പോള്‍ എം പിമാരുടെ ജീവിത പങ്കാളികള്‍ക്കും നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കാറുണ്ട്. നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന ധാരണ പ്രകാരമാണ് ഓരോ രാജ്യവും നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ അനുമതി ആവശ്യമാണ്. അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ഉപദേശാനുസരണമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
രാഷ്ട്രീയാനുമതിക്കൊപ്പം ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെയും അനുമതി വേണം. അതനുസരിച്ചാണ് വിസക്കുള്ള കത്ത് നല്‍കുന്നത്. പോകുന്ന രാജ്യത്ത് നയതതന്ത്ര പരിരക്ഷ ലഭിക്കുമെന്നതാണ് ഈ പാസ്‌പോര്‍ട്ടിന്റെ പ്രധാന സവിശേഷത.
അതേസമയം, രാജ്യത്തെ പൊതുമേഖലയിലുള്‍പ്പെടെ വിവിധ ബേങ്കുകളില്‍ നിന്നായി ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ ബ്രിട്ടനിലേക്കു കടന്നത് എം പിയെന്ന നിലയില്‍ ലഭിച്ച നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ പാസ്‌പോര്‍ട്ട് ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം