Connect with us

International

യമന്‍ സമാധാന ചര്‍ച്ച പാതിവഴിയില്‍ അവസാനിച്ചു

Published

|

Last Updated

സന്‍ആ: യമനില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സമാധാന നീക്കങ്ങള്‍ പൊളിഞ്ഞു. തലസ്ഥാനമായ സന്‍ആയില്‍ സര്‍ക്കാര്‍ സൈന്യവും ഹൂത്തി വിമതരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് സമാധാന നീക്കങ്ങള്‍ക്ക് ഫലമില്ലാതായത്. ശനിയാഴ്ച ഇതു സംബന്ധിച്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവെക്കുകയും ചെയ്തു. ഹൂത്തി വിമതരും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിന്റെ സൈനികരും യു എന്‍ സമാധാന നീക്കങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പുറമെ രാജ്യത്തെ നയിക്കാന്‍ പത്ത് ഗവേണിംഗ് ബോഡി അംഗങ്ങളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
യമനിലെ ഐക്യരാഷ്ട്ര സഭ പ്രതിനിധി ഇസ്മാഈല്‍ ഔല്‍ദ് ശൈഖ് അഹ്മദ് ആണ് സമാധാന ചര്‍ച്ചകള്‍ താത്കാലികമായി അവസാനിപ്പിച്ചെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ചര്‍ച്ച പരാജയമാണെന്ന് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ 90 ദിവസമായി ഇതുസംബന്ധിച്ച് കുവൈത്തില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ഇന്ന് തങ്ങള്‍ കുവൈത്ത് വിടുകയാണെന്നും അതേസമയം, സമാധാന നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വിഭാഗവും സമാധാന ചര്‍ച്ചകളിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ഏകപക്ഷീയമായ നീക്കങ്ങളെ തങ്ങള്‍ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യസര്‍ക്കാര്‍ നിലവില്‍ വരണമെന്ന തങ്ങളുടെ ആവശ്യം യമന്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇതാണ് തങ്ങളുടെ പ്രധാന ഉപാധിയെന്നും വിമതര്‍ പറയുന്നു. ഇത്തരമൊരു ആവശ്യം അംഗീകരിക്കേണ്ടിവന്നാല്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ സ്ഥാനം തെറിക്കുന്നതിലേക്ക് കാര്യങ്ങളെത്തുമെന്ന് സര്‍ക്കാറും ഭയപ്പെടുന്നു.
അതിനിടെ, മന്‍സൂര്‍ ഹാദിയോട് കൂറ് പുലര്‍ത്തുന്ന സൈന്യം കിഴക്കന്‍ സന്‍ആയിലെ നെഹം ജില്ല വിമതരില്‍ നിന്ന് മോചിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. 2014 മുതല്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള ഈ ഭാഗം, തലസ്ഥാനമായ സന്‍ആയിലേക്കുള്ള പ്രധാന മാര്‍ഗവുമാണ്. അതുകൊണ്ട് തന്നെ ഇത് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സൈന്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ കിഴക്കന്‍ യമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പല മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അറബ് സഖ്യ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.
അലി അബ്ദുല്ല സ്വലാഹിനെ അധികാരത്തില്‍ നിന്നൊഴിവാക്കിയ 2012 മുതല്‍ യമന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴുതി വീണിരുന്നു. 2015ലാണ് ഹൂത്തികളെ നേരിടാന്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം രൂപവത്കരിച്ചത്.