Connect with us

National

ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിയമവിരുദ്ധമെന്ന് കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തെ മികച്ച കായിക സംഘടനകളിലൊന്നായ ബി സി സി ഐയില്‍ ഭരണ പരിഷ്‌കാരം നടത്താന്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും കട്ജു വിമര്‍ശിച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച്, കട്ജു അധ്യക്ഷനായ സമിതി ബി സി സി ഐക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് രൂക്ഷ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കട്ജു ബി സി സി ഐയി ല്‍ പരിഷ്‌കാരം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, കട്ജുവിന്റെ റിപ്പോര്‍ട്ട് ലഭിച്ച അടിസ്ഥാനത്തില്‍ ബി സി സി ഐ ഭരണസമിതി അംഗങ്ങള്‍ ലോധ കമ്മിറ്റിയുമായി നാളെ കൂടിക്കാഴ്ച നടത്തും. റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കണമെന്നും ബി സി സി ഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബി സി സി ഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ന്യൂനതകളുണ്ടെങ്കില്‍ നിയമപ്രകാരം നടപടിയെടുക്കാം. എന്നാല്‍, ജസ്റ്റിസ് ലോധ അധ്യക്ഷനായ പാനല്‍ നിര്‍ദേശങ്ങള്‍ നിയമവിരുദ്ധമാണ്. അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തലാക്കണമെന്ന ലോധ കമ്മിറ്റി നിര്‍ദേശം തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിനെതിരാണ്. തീരുമാനമെടുക്കാനുള്ള ജുഡീഷ്യല്‍ അധികാരം ലോധ കമ്മിറ്റിക്ക് കൈമാറിയത് ഞെട്ടിക്കുന്നതാണ്.
നിയമം നിര്‍മിക്കേണ്ടവരല്ല, അത് നടപ്പിലാക്കേണ്ടവരാണ് സുപ്രീം കോടതി എന്നിരിക്കെ, ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ല സുപ്രീം കോടതി തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ബി സി സി ഐ ക്ക് സമര്‍പ്പിക്കേണ്ട ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത് സുപ്രീം കോടതി ഉത്തരവിന്റെ തന്നെ ലംഘനമാണെന്നും മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest