Connect with us

Gulf

പത്തു മാസമായി ഭക്ഷണവും ശമ്പളവുമില്ലാതെ തൊഴിലാളികള്‍

Published

|

Last Updated

അബുദാബി:കഴിഞ്ഞ പത്തു മാസമായി ഭക്ഷണവും ശമ്പളവുമില്ലാതെ 21   തൊഴിലാളികള്‍ നരക തുല്യമായ ജീവിതം നയിക്കുന്നു. തൊഴിലാളികളിലൊരാള്‍ പിരിമുറുക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടു. ബീഹാര്‍ പാറ്റ്‌ന സ്വദേശി ഹരി ശങ്കറാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

അബുദാബി മുസഫ്ഫ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശിയുടെ നിയന്ത്രണത്തിലുള്ള കെട്ടിട നിര്‍മാണ കമ്പനിയായ ലെജന്‍ഡ് പ്രൊജക്ട് കോണ്‍ട്രാക്ടിംഗിലെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ശമ്പളം ലഭിക്കാത്തത്. താമസിക്കാനുള്ള സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെങ്കിലും ശമ്പളം ലഭിക്കാത്തതിനാല്‍ വിശാല മനസ്‌കരുടേയും എംബസിയുടേയും കനിവിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെട്ടോട്ടത്തിലാണ് തൊഴിലാളികള്‍. പാക്കിസ്ഥാന്‍, ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികളാണ് ഏറെയും. തൊഴിലാളികളില്‍ പലരുടേയും വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കമ്പനി വിസ റദ്ദ് ചെയ്തിരുന്നു. ചിലരുടെ വിസ റദ്ദ് ചെയ്തിട്ട് 10 മാസമായി.

വിസാ കാലാവധി കഴിഞ്ഞ് 10 മാസം അനധികൃത താമസക്കാരായി രാജ്യത്ത് തങ്ങിയതിന് ഭീമമായ സംഖ്യ പിഴയൊടുക്കേണ്ടിവരുമെന്നതും ഇവരെ അസ്വസ്ഥരാക്കുന്നുണ്ട്. തൊഴിലാളികളില്‍ ചിലര്‍ ലേബര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെ ആര്‍ക്കും നഷ്ടപരിഹാരവും ആനുകൂല്യവും നല്‍കിയിട്ടില്ല.
കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടി സീകരിക്കാമെന്ന് പലവുരു തൊഴിലാളികള്‍ക്ക് ഉറപ്പുകൊടുത്ത കമ്പനി അധികൃതര്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സീകരിച്ചിട്ടില്ല. സ്വന്തം ദേശത്തേക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
21 തൊഴിലാളികളില്‍ എട്ടോളം പേര്‍ ഇന്ത്യക്കാരാണ്. അസുഖമുണ്ടാകുമ്പോള്‍ ഗ്രോസറികളില്‍ നിന്നും ലഭിക്കുന്ന ഗുളികകള്‍ കഴിച്ചാണ് ഇവര്‍ ആശ്വാസം കണ്ടെത്തുന്നത്. നാട്ടില്‍ നിന്നും വിളിക്കുന്ന കുടുംബങ്ങളോട് ഇനി എന്ത് കാരണം ബോധിപ്പിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
പിരിമുറുക്കത്തെ തുടര്‍ന്ന് തങ്ങളുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും പലരും രോഗത്തിന്റെ പിടിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest