Connect with us

Gulf

ഷാര്‍ജയില്‍ ഹോട്ടല്‍ വരുമാനത്തില്‍ ഏഴു ശതമാനം വര്‍ധന

Published

|

Last Updated

ഷാര്‍ജ: വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഷാര്‍ജയില്‍ ഹോട്ടല്‍ വരുമാനത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവ് നേടി. ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള ആറു മാസത്തിനിടയിലാണ് 37.8 കോടി ദിര്‍ഹം വരുമാനം ഹോട്ടല്‍ മേഖലയില്‍ നിന്ന് എമിറേറ്റ് നേടിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബവുമൊത്തുള്ള വിനോദസഞ്ചാരത്തിനിറങ്ങുന്നവരുടെ ഇഷ്ട ഇടമായി ഷാര്‍ജ മാറിയതാണ് വരുമാനം കൂടാന്‍ ഇടയാക്കിയത്. ഷാര്‍ജയുടെ മികച്ച കമ്പോളമായി ചൈന മാറിയിരിക്കുകയാണ്. ഓരോ വര്‍ഷവും ഷാര്‍ജക്കും ചൈനക്കുമിടയില്‍ 73 ശതമാനത്തോളം വളര്‍ച്ചയാണ് വിനോദസഞ്ചാര രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചത് ആ രാജ്യത്ത് നിന്ന് കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിനായി ഷാര്‍ജയില്‍ എത്താന്‍ ഇടയാക്കിയിട്ടുണ്ട്. എസ് സി ടി ഡി എ (ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി) പുതിയ കമ്പോളങ്ങള്‍ കണ്ടെത്താനായി പരിശ്രമിച്ചതിന്റെ ഫലമാണ് ചൈനയുമായുള്ള ബന്ധത്തിന് ശക്തി വര്‍ധിച്ചത്. 2015ന്റെ ആദ്യ ആറു മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 10.3 ശതമാനത്തിന്റെ വര്‍ധനവാണ് ഹോട്ടലില്‍ താമസിക്കുന്ന അതിഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
ഹോട്ടല്‍ മുറികള്‍ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്ന വര്‍ധനവ് ഷാര്‍ജ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയതിന്റെ തെളിവാണെന്ന് എസ് സി ടി ഡി എ ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ വ്യക്തമാക്കി.
വിനോദസഞ്ചാര രംഗത്തും ഹോട്ടല്‍ ബിസിനസിലും വൈവിധ്യവത്കരണം നടപ്പാക്കാന്‍ ഷാര്‍ജക്ക് സാധിച്ചതും നേട്ടത്തിലേക്ക് എത്തിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തൊട്ടുപുറകിലായാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം. യൂറോപ്പില്‍ നിന്നും റഷ്യയില്‍നിന്നുമുള്ളവരാണ് മൂന്നാം സ്ഥാനത്ത്. വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ ഷാര്‍ജ സന്ദര്‍ശിച്ച റഷ്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 1.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ജോര്‍ദാനില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. ആഫ്രിക്കന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനവ് ഉണ്ടായതായും ഖാലിദ് പറഞ്ഞു.

Latest