Connect with us

Articles

ഓര്‍മയാകുന്ന മത്സ്യ വൈവിധ്യം

Published

|

Last Updated

കണ്ണടക്കാതെ ഉറങ്ങുന്ന ജലജീവികളേതെന്ന ചോദ്യത്തിന് മത്സ്യങ്ങള്‍ എന്ന് എളുപ്പം ഉത്തരം നല്‍കാം. നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ മത്സ്യങ്ങളെ കാണുകയോ അറിയുകയോ അവയെ ഭക്ഷിക്കുകയോ ചെയ്യാത്തവരായി ആരുമുണ്ടാകില്ലെന്നതു കൊണ്ട് തന്നെയാണ് ഈ ചോദ്യവും ഉത്തരവും നമ്മുക്ക് അറിയാമെന്ന് പറഞ്ഞു വെക്കുന്നത്. പേരറിയുന്നതും അറിയാത്തതുമായ എത്രയധികം മത്സ്യങ്ങള്‍ നമ്മുടെ പരിസരങ്ങളിലെ ജലാശയങ്ങളില്‍ പുളഞ്ഞു മറിയുന്നുണ്ടാകും. എത്രയെത്ര രൂപങ്ങളിലും ഭാവങ്ങളിലുമായിരിക്കും അവ ഉണ്ടാകുക? ഭൂമിയില്‍ പക്ഷികളേക്കാള്‍ കൂടുതല്‍ ഇനം മത്സ്യങ്ങളുണ്ടത്രെ? ഏതാണ്ട് 28,000 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെ ലോകത്തെ ജലാശയങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇതില്‍ 2,700 ഇനം മത്സ്യങ്ങള്‍ ഇന്ത്യയില്‍ കാണുന്നു. ആഗോള മത്സ്യവൈവിധ്യത്തിന്റെ 11 ശതമാനവും സംഭാവന ചെയ്യുന്ന പശ്ചിമഘട്ടത്തിന് ചെറുതല്ലാത്ത പങ്കുമുണ്ട്. എന്നാല്‍ ഇന്ത്യയിലെ ശുദ്ധജലമത്സ്യങ്ങളില്‍ 25 ശതമാനവും അധിവസിക്കുന്ന കേരളത്തിലെ മത്സ്യങ്ങളില്‍ എത്ര ഇനങ്ങള്‍ വംശമറ്റാതെയുണ്ടെന്ന് ചോദിച്ചാല്‍ അത്ര പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ല. ദിനം പ്രതിയെന്നോണം മലീമസമാകുന്ന ജലാശയങ്ങളില്‍ നിന്ന് ഇല്ലാതാകുന്ന മത്സ്യങ്ങളെക്കുറിച്ചുള്ള കാര്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കാലാവസ്ഥയിലെ മാറ്റവും മതിയായ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുമാണ് നാടന്‍ മത്സ്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ പ്രധാനകാരണമെന്ന് ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തുന്നവര്‍ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന മീനുകളെ സംരക്ഷിക്കുന്നതിന് ജീവികളുടെ വര്‍ഗീകരണവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും അനിവാര്യമാണ്.
കേരളത്തിലെ 222 ശുദ്ധജല മത്സ്യയിനങ്ങളും 213 ലവണജല മത്സ്യയിനങ്ങളും പലവിധത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നവ തന്നെയാണ്. ആഗോളതലത്തില്‍ ശുദ്ധജലമത്സ്യങ്ങളില്‍ 12ല്‍പരം മത്സ്യങ്ങള്‍ കേരളത്തില്‍ ഒഴികെ മറ്റെവിടെയും കാണുന്നില്ലെന്ന് ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ വ്യക്തമാക്കുന്നു. നമ്മുടെ ജലാശയങ്ങളില്‍ പരിണമിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഇത്തരം തനതു മത്സ്യയിനങ്ങളില്‍ പലതും ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. 15 ശുദ്ധജലമത്സ്യയിനങ്ങള്‍ ആശങ്കാജനകമായ വിധത്തില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്ന നിരീക്ഷണം ഗൗരവാമയി കാണേണ്ടതുണ്ട്.
കേരളത്തിലെ ജലാശയങ്ങളില്‍ കാണുന്ന 168 മത്സ്യ ഇനങ്ങളില്‍ 53 ഇനങ്ങള്‍ക്ക് വംശനാശ ഭീഷണി നേരിടുന്നതായാണ് ഐ യു സി എന്‍ നടത്തിയ സര്‍വേകണ്ടെത്തിയത്. വംശനാശ ഭീഷണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ 20 മത്സ്യങ്ങളില്‍ എല്ലാം തന്നെ പുഴയിലുളളവയാണ്. കൂടുതല്‍ വൈകാതെ, വംശനാശം സംഭവിച്ചേക്കാവുന്ന വിഭാഗത്തില്‍പ്പെടുന്ന ഏഴ് ഇനങ്ങള്‍ കേരളത്തിലുണ്ട്. ഇവയും പുഴയില്‍ മാത്രം കാണുന്നയാണ്.
നമ്മുടെ ജൈവവൈവിധ്യ കലവറകളിലൊന്നായ പെരിയാര്‍ തടാകത്തില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങളുടെ 70 ശതമാനത്തിലേറെ അതില്‍ വളര്‍ത്തുന്ന വിദേശമത്സ്യ ഇനങ്ങളാണെന്ന് മാധവ്ഗാഡ്ഗിലിന്റെ പഠനം പറയുന്നു. കേരളത്തിന്റെ തനതു മത്സ്യങ്ങളിലൊന്നാണ് ബ്രാഹ്മണകണ്ട. ആകര്‍ഷക രൂപഭംഗിയുള്ള മത്സ്യം. പെരിയാറില്‍ മാത്രം കണ്ടുവരുന്ന ഈ മത്സ്യം വംശനാശത്തിന്റെ വക്കിലാണ്. ഈ വര്‍ഗത്തില്‍പ്പെട്ട ഏക മത്സ്യവും ഇവയാണ്. പശ്ചിമഘട്ടത്തില്‍ കാണുന്ന ഒരിനം ചെറു മത്സ്യമായ ആറ്റുണ്ടയുടെ ഗതിയും മറിച്ചല്ല.സംസ്ഥാനത്ത് ചാലക്കുടിയാര്‍, മൂവാറ്റുപുഴയാര്‍, പമ്പാനദി അപൂര്‍വമായി ഭാരതപ്പുഴയിലും കാണപ്പെടുന്നുണ്ട്. ഇതും കാണാമറയത്താകാന്‍ അധിക കാലം വേണ്ടിവരില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. നീണ്ട ശരീരവും കളിമണ്ണിന്റെ നിറവുമുള്ള, നെല്‍പ്പാടങ്ങളിലും അരുവികളിലും കണ്ടിരുന്ന ആരകന്‍ ഇപ്പോള്‍ വളരെ അപൂര്‍വമായേ കണ്ടു വരുന്നുള്ളൂ. പരലിനോട് വളരെയധികം സാദൃശ്യമുള്ള സ്വര്‍ണവാലന്‍ പരലാണ് അന്യം നിന്നു പോകുന്ന മറ്റൊരിനം. ഇവയെ മൂവാറ്റുപുഴയാറില്‍ മാത്രമാണ് കണ്ടു കിട്ടിയത്. കേരളത്തിലെ ജലാശയങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമായ അമ്പട്ടന്‍ വാളയെ ഒരിക്കല്‍ കബനി നദിയില്‍ നിന്ന് കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതും അപ്രത്യക്ഷമെന്നു പറയുന്നു. ശുദ്ധജല മത്സ്യമായ “കറ്റി”ക്ക്ആവശ്യക്കാര്‍ കൂടുതലാണെങ്കിലും അമിതചൂഷണവും അധിനിവേശ മത്സ്യങ്ങളുടെ സാന്നിധ്യവും മലിനീകരണവും മൂലം ഇവ ഇന്ന് അപൂര്‍വമായി മാറിയിരിക്കുന്നു. അലങ്കാരമത്സ്യമായി ഉപയോഗിക്കുന്ന “മിസ് കേരള”യുടെ കഥയും അമിതചൂഷണത്തിന്റേതു തന്നെ.
കണ്ടല്‍ക്കാടുകളുടെ നാശവും ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും സാരമായി ബാധിക്കുന്നുണ്ട്. കണ്ടല്‍ വനങ്ങളെ തീറ്റപ്പാടങ്ങളായും പ്രജനനത്താവങ്ങളായും ബാല്യകാല വാസസ്ഥലങ്ങളായും ഉപയോഗപ്പെടുത്തുന്നു മുന്നൂറോളം ജാതി മത്സ്യങ്ങളില്‍ പകുതിയോളം ഇനങ്ങളും കണ്ടലിന്റെ നാശവും ജലമലിനീകരണവും നിമിത്തം അപ്രത്യക്ഷമാകുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കടലില്‍ നിന്ന് നദിയിലേക്കും നദിയില്‍ നിന്ന് കടലിലേക്കും കാലാകാലങ്ങളില്‍ പ്രജനന പോഷക ആശ്യങ്ങള്‍ക്കായി പ്രയാണം ചെയ്യാറുള്ള മത്സ്യങ്ങള്‍ക്ക് അനുകൂല താവളങ്ങള്‍ ഒരുക്കുന്നത് കണ്ടല്‍ക്കാടുകളും അവ ഉള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടങ്ങളുമാണ്. കണ്ടല്‍ സംരക്ഷണത്തിനുള്ള പദ്ധതികള്‍ മിക്കതും പാളിപ്പോസുകയും കണ്ടല്‍ നശീകരണം വ്യാപകമാസുകയും ചെയ്തതാണ് വിവിധയിനം മത്സ്യങ്ങളുടെ തിരോധാനത്തിന് കാരണം. വടക്കേ മലബാറിലെ ശുദ്ധജലാശയങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ചൂട്ടാച്ചി, കാക്കത്തി, കയ്പ്പക്കണ്ണി, ചെറൂപൂത്രന്‍, പൊട്ടത്തന്‍, മെലിഞ്ഞീന്‍, കൊളോന്‍ തുടങ്ങിയ നാട്ടുപേരിലറിയപ്പെടുന്ന നിരവധി ഇനങ്ങള്‍ ഇതിനകം പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. പരല്‍, വലിയ കരിമീന്‍, കൊറപ്പന്‍, പയത്തി, കടുമീന്‍, കച്ചായി, കടുവ, കൊയല, കല്ലങ്കീരന്‍, തിരുത, ചെമ്പല്ലി, പുഴനങ്ക് തുടങ്ങിയ മീനുകളും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. കോഴിക്കോടിന് വടക്ക് കണ്ണൂരും കാസര്‍കോടുമാണ് സംസ്ഥാനത്തെ അവശേഷിക്കുന്ന 50 ച. കി.മി കണ്ടല്‍ക്കാടുകളില്‍ പകുതിയിലേറെയും ഉള്ളത്. അതുകൊണ്ടുതന്നെ മറ്റിടങ്ങളില്‍ കാണാതത്ര വിത്യസ്ത ഇനം മീനുകള്‍ ഇവിടങ്ങളിലെ ജലാശയങ്ങളില്‍ കാണുന്നുണ്ട്. കണ്ടല്‍കാടുകള്‍ക്കിടയില്‍ മാത്രം വളരുന്ന ഇത്തരം മീനുകളെ കണ്ടലിന്റെ നേരിയ നാശം പോലും പ്രതികൂലമായാണ് ബാധിക്കുന്നത്. വടക്കന്‍ മേഖലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലെ മലിനീകരണവും മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. പുഴയില്‍ ഒഴുകിയെത്തുന്ന അറവ് മാലിന്യം, ഫാക്ടറിയില്‍ നിന്നുള്ള രാസപദാര്‍ഥങ്ങള്‍ എന്നിവ കൊളോനെ പോലുള്ള മീനുകളുടെ വംശനാശത്തിന് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൈപ്പക്കണ്ണി, കാക്കത്തി പോലുള്ള മീനുകളുടെ ഔഷധ ഗുണം ക്യാന്‍സറിനെ പോലും പ്രതിരോധിക്കുന്നതായി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നുണ്ട്. ഈ മീനുകളുടെ നാശത്തിനും പുഴ മലിനീകരണവും കണ്ടല്‍ നാശവുമാണ് കാരണം. കണ്ടല്‍ക്കാടുകളോട് ചേര്‍ന്ന് കൃത്രിമമായി തുടങ്ങിയ ചെമ്മീന്‍ ഫാമുകളും മീനുകളുടെ നാശത്തിന് കാരണമാണ്. ഫാമുകളില്‍ നിന്നു പുറന്തള്ളുന്ന രാസവസ്തുക്കളും ഔഷധങ്ങളും അതിപോഷകത്തിന് വഴി തെളിയിക്കുകയും മത്സ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമാകുകയും ചെയ്തു. അഴിമുഖങ്ങളിലേക്ക് എത്തുന്ന മനുഷ്യജന്യമായ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് കണ്ടലുകളുടെ ശ്വസനവേരുകള്‍ക്കിടയിലാണെന്നതിനാല്‍ ഇത് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളെ ബാധിക്കുന്നുണ്ടെന്നും ഗവേഷകനായ ഡോ. ഖലീല്‍ ചൊവ്വ പറയുന്നു. അന്തര്‍ദേശീയ സമുദ്രോത്പന വിപണിയില്‍ പ്രിയങ്കരമായിട്ടുള്ള പിനയ്ഡ് വര്‍ഗത്തില്‍പ്പെട്ട ചെമ്മീനുകള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് കണ്ടലുകള്‍ നിറഞ്ഞ കേരള തീരത്തിലാണ്. ഇത്തരം ചെമ്മീന്‍ വര്‍ഗങ്ങളുടെ മുട്ട വിരിഞ്ഞാലുടന്‍ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ അഴിമുഖത്തേക്കും കായല്‍പരപ്പുകളിലേക്കും കയറി വരികയും കണ്ടലുകളുടെ പരിസ്ഥിതിയില്‍ വളരുകയുമാണ് ചെയ്യാറുള്ളത്. ഇത്തരം ചെമ്മീന്‍ വര്‍ഗങ്ങളേയും കണ്ടല്‍ നശീകരണം ബാധിച്ചു. ജലാശയങ്ങളുടെ വൃഷ്ടിപ്രദേശത്തെ കൃഷിക്ക് പ്രയോഗിക്കുന്ന രാസകീടനാശിനികള്‍ ജലമലിനീകരണത്തെ രൂക്ഷമാക്കുന്നു. വ്യവസായങ്ങള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറി, സിങ്ക്, കാഡ്മിയം എന്നിവ അടങ്ങിയ മാലിന്യങ്ങള്‍ പുറന്തള്ളുന്നു. ഇത് വലിയ നദികളില്‍ മത്സ്യകൂട്ടങ്ങള്‍ ചത്തൊടുങ്ങാന്‍ ഇത് കാരണമാകുന്നു. കൊച്ചിമേഖലയിലെ വ്യവസാ യങ്ങള്‍ പുറന്തള്ളുന്ന മാലിന്യങ്ങളില്‍ ആസിഡുകള്‍, ആല്‍ക്കലികള്‍, ഫഌറൈഡുകള്‍ റേഡിയോ വികിരണ വസ്തുക്കള്‍ എന്നിവ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പശ്ചിമഘട്ട പഠനസമിതി പറയുന്നു. ആവാസകേന്ദ്രങ്ങളുടെ നശീകരണം, കീടനാശിനികള്‍, വ്യാവസായിക മാലിന്യങ്ങള്‍ തുടങ്ങിവ മൂലമുള്ള മലിനീകരണം, ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും നദികളിലും മറ്റും തള്ളുന്നത്, ശരിയായ നദിപരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും അഭാവം, മത്സ്യബന്ധനത്തിലെ അശാസ്ത്രീയത(നഞ്ച് കലക്കല്‍, വൈദ്യുതി കടത്തിവിടല്‍, പടക്കം പൊട്ടിക്കല്‍ തുടങ്ങിയവ)നദികളില്‍ ചെക്കുഡാമുകളും മറ്റും നിര്‍മിച്ച് ഒഴുക്ക് തടയല്‍, വിദേശമത്സ്യ ഇനങ്ങളെ കടത്തിവിടല്‍, പ്രജനന സ്ഥലങ്ങളുടെ നശീകരണം, മത്സ്യരോഗങ്ങള്‍ ഇങ്ങനെ അനന്തമായി നീളും കേരളത്തിലെ മത്സ്യങ്ങളുടെ തിരോധാനത്തിന്റെ കാരണങ്ങളെന്ന് പശ്ചിമഘട്ട പഠനസമിതി ചൂണ്ടിക്കാട്ടുന്നു. (തുടരും)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest