Connect with us

Editorial

ലിബിയയില്‍ വീണ്ടും അമേരിക്ക

Published

|

Last Updated

കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്ന് തള്ളി ആറ് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വീണ്ടും ലിബിയന്‍ ആകാശത്ത് നിന്ന് മരണം വിതക്കുകയാണ്. ഭീകരവിരുദ്ധദൗത്യം എങ്ങനെയാണ് രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പുതിയ ആക്രമണം. കഴിഞ്ഞ ജൂണില്‍ ഇസില്‍ പിടിച്ചെടുത്ത തുറമുഖ നഗരമായ സിര്‍തിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. സിറിയയിലും ഇറാഖിലും ഇസില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ അമേരിക്കന്‍ ഇടപെടല്‍ ഒരു നിലക്കും ഗുണം ചെയ്തിട്ടില്ല. ഇസിലിനെ ഉന്‍മൂലനം ചെയ്യുകയെന്നതല്ല സിറിയയില്‍ യു എസിന്റെ ലക്ഷ്യം. മറിച്ച് അസദ് ഭരണകൂടത്തെ താഴെയിറക്കുകയാണ്. ഇറാഖിലാകട്ടെ, വംശീയ വിഭജനത്തിന് ആക്കം കൂട്ടുകയെന്ന പഴയ ലക്ഷ്യം തന്നെയാണ് നിവര്‍ത്തിക്കപ്പെടുന്നത്. ഇവിടങ്ങളിലെല്ലാം ഇസിലിനെതിരെ ചില നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ട്താനും. ഈ വിജയങ്ങളില്‍ യു എസിന്റെ പങ്കാളിത്തം അത്ര പ്രധാനമല്ലെന്ന് ലോകത്തിന് ബോധ്യമായിട്ടുണ്ട്. ഇറാഖില്‍ സര്‍ക്കാര്‍ സൈന്യവും കുര്‍ദ് സൈന്യവും സംയുക്തമായാണ് ഇസിലിനെ ചെറുക്കുന്നത്. സിറിയയില്‍ അസദിന്റെ സൈന്യവും റഷ്യന്‍ സൈന്യവും വിവിധ വിമതഗ്രൂപ്പുകളും കാര്യമായ മുന്നേറ്റങ്ങള്‍ നടത്തുന്നു. സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്തി അസദിന്റെ സൈന്യം നിയന്ത്രണം ഏറ്റെടുത്തത് വലിയ മുന്നേറ്റമാണ്. സിറിയയിലെ തന്നെ വടക്കന്‍ അലപ്പോ മേഖലയിലും ഇസിലിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. ഇവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന് വിളിക്കുന്ന വിമത സൈനികരാണ് തീവ്രവാദികളെ വെല്ലുവിളിച്ചത്. കൊബാനി മേഖലയിലും ഇറാഖിലെ സിന്‍ജാര്‍ മേഖലയിലും കുര്‍ദ് സംഘങ്ങളാണ് ഇസിലിനെതിരെ പട നയിക്കുന്നത്.
ഇറാഖിലെ മൂസ്വിലിലും സിറിയയിലെ റഖയിലും മാത്രമാണ് ഇപ്പോള്‍ ഇസിലിന് ആത്യന്തിക ആധിപത്യമുള്ളത്. ഇസില്‍ പോലുള്ള ഭീകരഗ്രൂപ്പുകളെ നേരിടാന്‍ പ്രാദേശിക സൈന്യത്തെ ശക്തിപ്പെടുത്തുകയും അതതിടങ്ങളിലെ ഭരണകൂടങ്ങളെ സുസ്ഥിരമാക്കുകയുമാണ് വേണ്ടതെന്ന കൃത്യമായ പാഠമാണ് ഈ വിജയങ്ങള്‍ നല്‍കുന്നത്. ഇസില്‍ ഉന്‍മൂലനത്തെ കുറിച്ച് നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന അമേരിക്ക ഈ ദിശയിലുള്ള പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് നാള്‍ക്കുനാള്‍ തെളിഞ്ഞ് വരികയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന അമേരിക്കയില്‍ ഇത് വലിയ ചര്‍ച്ചയാകുന്നുണ്ട്. ട്രംപ് ഇക്കാര്യം ഉച്ചത്തില്‍ ഉന്നയിക്കുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനാണ് ഇസില്‍ സംഘത്തെ സൃഷ്ടിച്ചതെന്ന് വരെ അദ്ദേഹം ആക്രോശിക്കുന്നു. ഈ സാഹചര്യത്തില്‍ ആത്മാര്‍ഥമെന്ന് തോന്നിക്കുന്ന ചില നീക്കങ്ങള്‍ നടത്തേണ്ടത് ഒബാമ ഭരണകൂടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇത്ര തിടുക്കപ്പെട്ട്, ലിബിയയില്‍ വ്യോമാക്രമണം തുടങ്ങാന്‍ ഒബാമ ഉത്തരവിട്ടത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിവാങ്ങാന്‍ പോലും ഭരണകൂടം കാത്തുനിന്നില്ല.
സിറിയയിലും ഇറാഖിലും തിരിച്ചടി നേരിടുന്ന ഇസില്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത് ലിബിയയിലാണ്. അവിടെ നിലനില്‍ക്കുന്ന അരാജകത്വവും അസംഖ്യം മിലീഷ്യകളുടെ സാന്നിധ്യവും ഇസില്‍ വ്യാപനത്തിന് അനുകൂലസാഹചര്യമൊരുക്കുന്നു. പരസ്പരം പോരടിക്കുന്ന ഗോത്രവര്‍ഗ സേനകളെ അടക്കിനിര്‍ത്താനും ദേശീയ ധാരയില്‍ ഒരുമിച്ച് നിര്‍ത്താനും ഗദ്ദാഫിക്ക് സാധിച്ചിരുന്നു. എന്തൊക്കെ വിമര്‍ശങ്ങളുണ്ടെങ്കിലും, ലിബിയയെപ്പോലുള്ള ഒരു രാജ്യത്ത് അനിവാര്യമായ നേതൃശേഷിയും ഇച്ഛാശക്തിയും ഗദ്ദാഫിക്കുണ്ടായിരുന്നു. ബന്‍ഗാസിയില്‍ നിന്ന് ആരംഭിച്ച ഗദ്ദാഫിവിരുദ്ധ പ്രക്ഷോഭത്തെ ആയുധവും സൈനികപിന്‍ബലവും നല്‍കി ആഭ്യന്തര യുദ്ധമാക്കി മാറ്റിയത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളായിരുന്നു. ഒരിക്കല്‍ പോലും പ്രക്ഷോഭത്തെ ജനാധിപത്യപരമാകാനും സമാധാനപരമാകാനും അവര്‍ അനുവദിച്ചില്ല. ഗദ്ദാഫി വീണശേഷം വ്യവസ്ഥാപിത ഭരണം കൊണ്ടുവരാനും ശ്രമിച്ചില്ല. പകരം സംഘര്‍ഷാവസ്ഥ മുതലെടുത്ത് ചുളുവിലക്ക് എണ്ണ സമ്പത്ത് അടിച്ചുമാറ്റുകയാണ് ചെയ്തത്. ഏറ്റവും ശക്തമായ ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി നേടിയ, എണ്ണ സമ്പന്നമായ ലിബിയ ഇന്ന് ആര്‍ക്കും കയറി കൊള്ളയടിക്കാവുന്ന അരക്ഷിത ഭൂവിഭാഗമാണ്. മിലീഷ്യാ ഗ്രൂപ്പുകള്‍ രാജ്യത്തെ പകുത്തെടുത്തിരിക്കുന്നു. ഗദ്ദാഫിയുടെ പതനത്തോടെ കൈക്കലാക്കിയ ആയുധങ്ങളുമായി ഈ സ്വകാര്യ സൈനിക ഗ്രൂപ്പുകള്‍ അതതിടങ്ങളില്‍ ഭരണകൂടങ്ങളായി മാറിക്കഴിഞ്ഞു. യുദ്ധപ്രഭുക്കള്‍ പറയുമ്പോലെയാണ് കാര്യങ്ങള്‍. സര്‍ക്കാറുകള്‍ രണ്ടുണ്ട്. പാശ്ചാത്യപിന്തുണയോടെ ഫയേസ് അല്‍ സറാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ട്രിപ്പോളി കേന്ദ്രമായി ഭരിക്കുന്നു. തബ്രൂക്ക് കേന്ദ്രമായി കിഴക്കന്‍ ലിബിയയുടെ നിയന്ത്രണം ഖലീഫ ഹഫ്തറിനാണ്. ഈ ശൈഥില്യം അവസാനിപ്പിക്കുകയും ഐക്യസര്‍ക്കാര്‍ സാധ്യമാക്കുകയുമാണ് ലിബിയയില്‍ നിന്ന് ഇസിലിനെ തുരത്താനുള്ള യഥാര്‍ഥ വഴി. എന്നാല്‍ സറാജ് സര്‍ക്കാറിനെ ശക്തിപ്പെടുത്താനെന്ന പേരില്‍ വ്യോമാക്രമണം തുടങ്ങുകയാണ് അമേരിക്ക. സറാജ് തന്നെ പറയുന്നു, താന്‍ യു എസ് സൈന്യത്തെ ആവശ്യപ്പെട്ടിട്ടില്ലെന്ന്. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ ആക്രമണം? എന്താണ് അതിന്റെ യഥാര്‍ഥ ലക്ഷ്യം? എണ്ണ സമ്പത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പ് വേണം. ആയുധക്കച്ചവടം പൊടിപൊടിക്കണം. അത്രയേ ഉള്ളൂ. എല്ലാ ഭീകരസംഘങ്ങളെയും സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും സാമ്രാജ്യത്വമാണെന്ന വസ്തുത തന്നെയാണ് ആത്യന്തികമായി അവശേഷിക്കുന്നത്.