Connect with us

International

പ്രായാധിക്യം: ജപ്പാന്‍ ചക്രവര്‍ത്തി അഖിഹിതൊ സ്ഥാനമൊഴിഞ്ഞേക്കും

Published

|

Last Updated

ടോക്യോ: പ്രായാധിക്യം കാരണം രാജ്യത്തിനോടുള്ള കടമകള്‍ പൂര്‍ണമായി നിറവേറ്റാന്‍ കഴിയില്ലെന്ന് ജപ്പാനീസ് ചക്രവര്‍ത്തി അഖിഹിതൊ. പ്രായം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അതിനാല്‍ തന്റെ കടമകള്‍ പൂര്‍ണമായും നിര്‍വഹിക്കാന്‍ കഴിയില്ലെന്നും 82കാരനായ അഖിഹിതൊ പറയുന്നു.
റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം പൊതുജനങ്ങളെ അഭിമുഖീകരിച്ചത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായ അഖിഹിതൊ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായെന്ന് ജപ്പാന്റെ ദേശീയ ചാനലായ എന്‍ എച്ച് കെ കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു. വരും വര്‍ഷങ്ങളില്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചക്രവര്‍ത്തിയെ രാജ്യത്തിന്റെ പ്രതീകമായാണ് ഭരണഘടനയില്‍ വിവരണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായ അധികാരങ്ങള്‍ ജപ്പാന്‍ ഭരണഘടന രാജാവിന് നല്‍കുന്നില്ല.
സ്വയം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് പുറത്തു വന്ന വീഡിയോ ദൃശ്യം വരും ദിനങ്ങളില്‍ ജപ്പാന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കുമെന്ന് നിരീക്ഷകര്‍ കണക്കു കുട്ടുന്നു. രാജാവായി സ്ഥാനമേല്‍ക്കുമ്പോള്‍ താന്‍ പരിപൂര്‍ണ ആരോഗ്യവാനായിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം കൃത്യനിര്‍വഹണത്തിന് കഴിയാതെ വന്നിരിക്കുകയാണെന്നും രാജ്യത്തിനായി ഇതുവരെ തനിക്കാവുന്നത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ചക്രവര്‍ത്തിയുടെ പ്രസ്താവനയെ ഗൗരവമായി എടുക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പ്രതികരിച്ചു. സ്വയം വിരമിക്കാനുള്ള രാജാവിന്റെ തീരുമാനത്തെ മമതയോടെയാണ് ജപ്പാനിലെ സാധാരണ ജനങ്ങള്‍ കാണുന്നതെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു.

Latest