Connect with us

Wayanad

മഴക്കുറവ്: വയനാട്ടില്‍ വ്യാപകമായി നഞ്ചകൃഷി മുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ:മഴമേഘങ്ങള്‍ കര്‍ക്കടകത്തിലും പെയ്യാന്‍ മടിച്ചത് വയനാടന്‍ കാര്‍ഷിക മേഖലക്ക് കനത്ത പ്രഹരമായി. ജില്ലയില്‍ പലേടത്തും നഞ്ചകൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ് കര്‍ഷകര്‍.

വെള്ളത്തിന്റെ അഭാവത്തില്‍ പാടം ഉഴുതൊരുക്കാനും ഞാറ് പറിച്ചുനടാനും കൃഷിക്കാര്‍ക്ക് കഴിയുന്നില്ല. മൂപ്പെത്തിയ ഞാറ് മിക്കയിടങ്ങളിലും നശിക്കുകയാണ്.
ജലസേചനത്തിനു സംവിധാനം ഇല്ലാത്ത കൃഷിക്കാര്‍ കൈവശമുള്ള പാടം ക്ഷീരകര്‍ഷകര്‍ക്ക് സ്വാഭാവികമായി വളരുന്ന പുല്ല് അരിഞ്ഞെടുക്കുന്നതിനു പാട്ടത്തിനു നല്‍കുകയാണ്. ഏക്കറിന് 4,000 രൂപ വരെയാണ് വാര്‍ഷിക പാട്ടം.

മഴക്കുറവുമൂലം പലരും പാടം തരിശ്ശിടുന്നത് ജില്ലയില്‍ നെല്ല് ഉല്‍പാദനത്തെ ബാധിക്കും. ഇത് ഗ്രാമങ്ങളില്‍ തിക്തഫലങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കര്‍ഷകരില്‍ ശക്തമാണ്. ആവശ്യത്തിനു മഴ കിട്ടാത്തത് കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിനും ഇടയാക്കുമെന്ന് വ്യക്തം.
2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ ശരാശരി 912 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഈ മാസങ്ങളില്‍ 604 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഓഗസ്റ്റ് ആദ്യവാരത്തിലും.
നെല്‍കൃഷിക്ക് പ്രസിദ്ധമായിരുന്നു ഗതകാലത്ത് വയനാട്.

നാല് പതിറ്റാണ്ടു മുന്‍പ് വരെ ഏകദേശം അര ലക്ഷം ഹെക്ടറിലായിരുന്നു ജില്ലയില്‍ നെല്‍കൃഷി. കാലപ്രയാണത്തില്‍ നെല്ല് വിളയുന്ന വയലിന്റെ അളവ് കുറഞ്ഞു. വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് കര്‍ഷകരെ കൃഷിയില്‍നിന്നു അകറ്റിയത്. ജലദൗര്‍ലഭ്യം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും കൃഷിക്കാരുടെ മനംമടുപ്പിനു കാരണമായി. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ ജില്ലയില്‍ 11,000 ഹെക്ടറില്‍ മാത്രമായിരുന്നു നഞ്ചകൃഷി. സ്വന്തമായി ഹെക്ടര്‍ കണക്കിനു പാടം ഉള്ള കുടുംബങ്ങള്‍ പോലും നെല്‍കൃഷി വീട്ടാവശ്യത്തിനു മാത്രമാക്കി. പാടത്തില്‍ ഏറെയും ലാഭകരമായ കമുക്, ഇഞ്ചി, വാഴ, ചേന തുടങ്ങിയ കൃഷികള്‍ക്ക് നീക്കിവെച്ചു. ഇത് ജില്ലയില്‍ പാരിസ്ഥിതികത്തകര്‍ച്ചയ്ക്കും ആക്കംകൂട്ടി.

ഭക്ഷ്യസുരക്ഷയിലും ജലസംരക്ഷണത്തിലും വന്‍ പ്രാധാന്യമാണ് നെല്‍കൃഷിക്ക്. ഇത് യുവതലമുറ തിരിച്ചറിഞ്ഞത് ജില്ലയില്‍ നെല്‍കൃഷിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതാണ്. സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കുന്ന പ്രോത്സാഹനം പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കുന്ന യുവജനസംഘങ്ങളുടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതിനു ഇടയാക്കിയിരുന്നു. 2012ല്‍ 11,000 ഹെക്ടറിലായിരുന്ന നഞ്ചകൃഷി 2015ല്‍ 14,000 ഹെക്ടറായി ഉയരുകയുമുണ്ടായി. എന്നിരിക്കെയാണ് ഈ വര്‍ഷം തകര്‍ത്തുപെയ്യാന്‍ മടിക്കുന്ന കാലവര്‍ഷം വില്ലനായത്.

Latest