Connect with us

International

അലപ്പൊ നഗരം പിടിക്കാന്‍ സിറിയന്‍ സൈന്യവും വിമതരും നേര്‍ക്കുനേര്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ അലപ്പൊയില്‍ വിമത മുന്നേറ്റം തടയുന്നതിനായി സിറിയന്‍ സൈന്യം മൂവായിരത്തോളം സൈനികരെ കൂടുതലായി നിയോഗിച്ചു. രണ്ട് ദിവസമായി വിമതര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകളിലൂടെ മുന്നേറ്റം നടത്തുന്നതിനിടെയാണ് ഇവരെ തടയുക എന്ന ലക്ഷ്യത്തോടെ സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ സൈന്യവും ലബനീസ് ശിയാ ഹിസ്ബുല്ല സംഘടനയും സംയുക്തമായി മുന്നേറ്റം നടത്തുകയാണ്. നൂറുകണക്കിന് യുദ്ധ ടാങ്കുകള്‍ മേഖലയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ മൂവായിരത്തോളം പേരുണ്ടെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. പ്രതിപക്ഷത്ത് നിന്നുള്ള നൂറുകണക്കിന് സൈനികരും പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനായി മേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പോരാട്ടം കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണമാകും. ഹിസ്ബുല്ല ശിയാ സംഘടനയുടെ നിര്‍ണായകമായ പിന്തുണ ലഭിച്ചത് ബശറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന് കൂടുതല്‍ ശക്തിപകരുമെന്നും കണക്കാക്കപ്പെടുന്നു. അലപ്പൊ സിറിയന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുകയെന്നതാണ് വിമതരുടെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യത്തിനായി വിമതരുടെ സൈനിക എണ്ണം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, തെക്കന്‍ അലപ്പൊയില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന മേഖലയില്‍ സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. സിറിയന്‍ വാര്‍ത്താ ഏജന്‍സി സനാ വ്യോമാക്രമണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ അലപ്പൊയില്‍ സര്‍ക്കാര്‍ സൈന്യത്തിന് കീഴില്‍ നിരവധി പ്രദേശങ്ങളുണ്ട്. ഇവിടേക്കുള്ള വിതരണ മാര്‍ഗങ്ങള്‍ വിമതര്‍ തടസ്സപ്പെടുത്തുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. ഈ സാഹചര്യത്തിലാണ് വിമതരെ നേരിടുന്നതിനായി സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിലവില്‍ വിതരണ ശൃംഖലകള്‍ക്കൊന്നും തടസ്സം നേരിട്ടില്ലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് മര്‍വാന്‍ അല്‍ഖുലൈബി പറഞ്ഞു.
അതേസമയം, സിറിയയില്‍ മാനുഷിക സഹായമെത്തിക്കാന്‍ ഇരു വിഭാഗങ്ങളും താത്കാലിക വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

Latest