Connect with us

Gulf

വെല്ലുവിളികള്‍ അതിജീവിക്കുന്നത് വരെ യമനിനൊപ്പമുണ്ടാകുമെന്ന് ജനറല്‍ ശൈഖ് മുഹമ്മദ്‌

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യമന്‍ പ്രധാനമന്ത്രി ഡോ. അഹ്മദ് ഉബൈദ് ബിന്‍ ദഗറും അല്‍ ബഹ്ര്‍ പാലസില്‍ കൂടിക്കാഴ്ച നടത്തുന്നു

അബുദാബി: യമന്‍ ജനത തങ്ങള്‍ക്ക് സ്വന്തം ജനങ്ങളെ പോലെയാണെന്നും നിലവിലുള്ള വെല്ലുവിളികള്‍ മറികടന്ന് യമന്‍ പൂര്‍വ സ്ഥിതിയിലാകുന്നത് വരെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ യു എ ഇ യമന്‍ ജനതക്കൊപ്പമുണ്ടാകുമെന്നും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു.
അബുദാബിയിലെത്തിയ യമന്‍ പ്രധാനമന്ത്രി ഡോ. അഹ്മദ് ഉബൈദ് ബിന്‍ ദഗറിനെ അല്‍ ബഹ്ര്‍ പാലസില്‍ സ്വീകരിക്കുന്നതിനിടെയാണ് ശൈഖ് മുഹമ്മദ് ഇങ്ങനെ പ്രഖ്യാപിച്ചത്. ഇരു നേതാക്കളുടേയും അര മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ധാരണയായി. യമനിലെ ഹൂതി വിമതര്‍ക്കെതിരെ നടക്കുന്ന സൈനിക നീക്കങ്ങളുടെ പുരോഗതി വിലയിരുത്തിയ ശൈഖ് മുഹമ്മദ്, നിരവധി പ്രദേശങ്ങള്‍ വിമതരില്‍നിന്ന് പിടിച്ചെടുത്തതില്‍ സന്തുഷ്ടി അറിയിക്കുകയും ചെയ്തു.
യമന്‍ ജനത യു എ ഇക്ക് സ്വന്തം ജനതയെ പോലെയാണ്. ഇനിയും സൈനികമായും സാമ്പത്തികമായും മാനുഷിക പരവുമായ സഹായങ്ങള്‍ യമന്‍ ജനതക്കു വേണ്ടി തുടര്‍ന്നുകൊണ്ടിരിക്കും. നിലവിലുള്ള പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് യമന്‍ ജനതക്ക് തങ്ങളുടെ സ്വന്തം മണ്ണില്‍ സമാധാന ജീവിതം ഉറപ്പിക്കുന്നതു വരെ യമനിന്റെ കൂടെയുണ്ടാകുമെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ഭരണാധികാരികളും യു എ ഇ ജനതയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
തീവ്രവാദികള്‍ നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്ത യമനിനെ പുനര്‍നിര്‍മിക്കാനാവശ്യമായ പൂര്‍ണ പിന്തുണയും യുദ്ധാനന്തരം യു എ ഇയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും ശൈഖ് മുഹമ്മദ് യമന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.
കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും വിദേശ മന്ത്രാലയ പ്രതിനിധികളും നയന്ത്രണ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

---- facebook comment plugin here -----

Latest