Connect with us

Articles

ജി എസ് ടിയെ പേടിക്കണം

Published

|

Last Updated

മൂല്യ വര്‍ധിത നികുതിയെ ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് – ജി എസ് ടി) കൊണ്ട് ആദേശം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. പല കാരണങ്ങളാല്‍ നീണ്ടുപോയ സംഗതി, ഭരണഘടനാ ഭേദഗതി രാജ്യസഭ പാസ്സാക്കിയതോടെ വൈകാതെ പ്രാബല്യത്തിലാകുമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. ലോക്‌സഭ നേരത്തെ പാസ്സാക്കിയ ബില്ലിന് രാജ്യസഭയുടെ അംഗീകാരം വാങ്ങുന്നതിന് ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അതുകൊണ്ട് ബില്ല് വീണ്ടും ലോക്‌സഭ പാസ്സാക്കും. തുടര്‍ന്ന് സംസ്ഥാന നിയമസഭകളുടെ ഭൂരിഭാഗം ബില്ല് അംഗീകരിക്കണം. അതിന് ശേഷം ജി എസ് ടി നടപ്പാക്കുന്നതിനുള്ള കൗണ്‍സില്‍ ചേര്‍ന്ന് നികുതി നിരക്കുകള്‍ നിശ്ചയിക്കണം. നിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് പരിഹരിക്കണം. അങ്ങനെ കടമ്പകള്‍ പലതുണ്ട് ജി എസ് ടി പ്രാബല്യത്തിലാക്കുന്നതിന്.
പുതിയ നികുതി സമ്പ്രദായം എത്രയും വേഗം നടപ്പാക്കണമെന്ന ആഗ്രഹം നരേന്ദ്ര മോദി സര്‍ക്കാറിനുണ്ട്. 2017 എപ്രില്‍ ഒന്നിന് ജി എസ് ടി പ്രാബല്യത്തിലാകാനാണ് വഴി. അതുപോലും വളരെ അകലെയാണെന്നാണ് നരേന്ദ്ര മോദി – അരുണ്‍ ജെയ്റ്റ്‌ലി – അമിത് ഷാ അച്ചുതണ്ടിന്റെ തോന്നല്‍. എത്രയും വേഗം പുതിയ സമ്പ്രദായം നടപ്പാക്കിയാലേ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ പാകത്തിലുള്ള സാമ്പത്തിക ഉത്തേജനം സാധ്യമാകൂ എന്ന് അവര്‍ കരുതുന്നു. ഇതറിയാതെയല്ല കോണ്‍ഗ്രസും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാക്കുന്നതിന് രാജ്യസഭയില്‍ കൈ ഉയര്‍ത്തിയത്. ഇടതുപക്ഷമാകട്ടെ, പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുന്നത് ഫെഡറല്‍ സമ്പ്രദായത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന ഗൗരവമുള്ള പ്രശ്‌നം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ അതിനെ അനുകൂലിക്കാന്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യത്തിന്റെ ആദിയില്‍ പൊതുവില്‍പ്പന നികുതിയായിരുന്നു പ്രാബല്യത്തില്‍. അസംസ്‌കൃത വസ്തുക്കള്‍ക്കൊക്കെ നികുതി. അവ വാങ്ങിയുണ്ടാക്കുന്ന ഉത്പന്നത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ പുതിയ നികുതി. അങ്ങനെ നികുതിക്കു മേല്‍ നികുതി ചുമത്തപ്പെടുന്ന സാഹചര്യമുണ്ടായി. ഈ അനീതി ഒഴിവാക്കാനാണ് മൂല്യവര്‍ധിത നികുതിയിലേക്ക് മാറിയത്. മൂല്യം വര്‍ധിപ്പിക്കുന്ന ഘട്ടങ്ങളിലൊക്കെ നികുതി എന്ന രീതിയിലേക്ക് മാറി. നികുതിക്കു മേല്‍ നികുതി എന്നത് ഒഴിവായി. അപ്പോഴും സംസ്ഥാനങ്ങള്‍ക്കിടയില്‍ നികുതിയില്‍ അന്തരം തുടര്‍ന്നു. റവക്കും അരിക്കും തമിഴ്‌നാട്ടിലുള്ള നികുതിയാകണമെന്നില്ല കേരളത്തില്‍ എന്ന് ചുരുക്കം. ഇത് കമ്പോളത്തില്‍ മത്സരിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് വന്‍കിടക്കാര്‍ക്ക് തലവേദനയായി.
രാജ്യമാകെ ഒറ്റ നികുതായായാല്‍ ഒറ്റക്കമ്പോളം മുന്‍നിര്‍ത്തി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാമെന്ന സൗകര്യം. റിലയന്‍സിനെയും ടാറ്റയെയും ബിര്‍ളയെയും പോലുള്ള ആഭ്യന്തര കുത്തകകളൊക്കെ ചില്ലറ വില്‍പ്പന രംഗത്തേക്ക് പ്രവേശിക്കുകയും വിദേശ വന്‍കിട കമ്പനികള്‍ വൈകാതെ ഈ രംഗത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജി എസ് ടി പ്രാബല്യത്തിലാകുന്നത്. ഈ കമ്പനികളെയൊന്നും നിരാശപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്നത് കൊണ്ടുകൂടിയാണ് രാഷ്ട്രീയ എതിര്‍പ്പ് മാറ്റിവെച്ച് ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണക്കാന്‍ അവര്‍ തീരുമാനിച്ചത്. വന്‍കിട ഉത്പാദകര്‍ക്കും ഹിതകരം ഏകീകൃത നികുതിയാണ്. ചെറുകിട, ഇടത്തരം ഉത്പാദകരെ പിന്തള്ളി വിപണിയില്‍ ആധിപത്യം നേടാന്‍ സംസ്ഥാനങ്ങളുടെ അതിരുകള്‍ ബാധകമല്ലാത്ത നികുതി സഹായിക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. ഈ വന്‍കിട ഉത്പാദകരെയും പിണക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.
ഏകീകൃത നികുതി, രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന ഗൗരവമുള്ള സംശയമാണ്, ഭരണഘടനാ ഭേദഗതിയെ പിന്തുണക്കുമ്പോഴും, ഇടതുപക്ഷം ഉയര്‍ത്തിയത്. ഗൗരവമുള്ള സംശയം ഉന്നയിച്ച് കൊണ്ട് പുതിയ സമ്പ്രദായത്തെ എങ്ങനെ പിന്തുണക്കുമെന്നത് രാഷ്ട്രീയമായി അവര്‍ ഉത്തരം പറയേണ്ട ചോദ്യമാണ്. ഗൗരവമുള്ള ഈ ചോദ്യത്തിന് ഉത്തരമുണ്ടാകുന്നില്ല എന്നത് സാധാരണ ഉപഭോക്താവ്, ചെറുകിട – ഇടത്തരം ഉത്പാദകര്‍, ചെറുകിട – ഇടത്തരം കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഭാവിയില്‍ തലവേദനയായേക്കാം. സംസ്ഥാനങ്ങള്‍ക്ക് നികുതിക്ക് മേല്‍ അധികാരമില്ലാത്തത്, ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്. ഏതെങ്കിലുമൊരു ഉത്പന്നത്തെ കമ്പോളത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തി ഉത്പാദകര്‍ക്ക് ആശ്വാസം പ്രദാനം ചെയ്യാനുള്ള സാധ്യതകളെയും ഇല്ലാതാക്കിയേക്കും.
വിവിധ രാഷ്ട്രങ്ങളുമായി രാജ്യമുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറുകള്‍, കമ്പോളത്തില്‍ തുല്യ നിലയില്‍ മത്സരിക്കാന്‍ അവസരം പ്രദാനം ചെയ്യും വിധത്തിലായിരുന്നു. എതെങ്കിലും ഉത്പന്നത്തിന്റെ ഇറക്കുമതിച്ചുങ്കം പരിധിയിലധികം ഉയര്‍ത്തി നിര്‍ത്തി ആഭ്യന്തര ഉത്പന്നത്തിന് വില ഉയര്‍ത്തി നിര്‍ത്താനോ അതുവഴി ഉത്പാദകര്‍ക്ക് സഹായം ചെയ്യാനോ രാജ്യങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയുണ്ടായി. അതിന്റെ ദൂഷ്യം ഏറ്റവുമധികം അനുഭവിക്കുന്നത് ഉത്പന്ന വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളാണ്. റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വില ആഭ്യന്തര വിപണിയില്‍ ഇടിയുന്നതിനും കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്നതിനും ഒരു കാരണം അതാണ്. നികുതികളൊക്കെ കേന്ദ്ര സര്‍ക്കാറോ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ആധിപത്യമുള്ള കൗണ്‍സിലോ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായാല്‍, നികുതി നിരക്കുകള്‍ വിവിധ രാഷ്ട്രങ്ങളുമായുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ളതാകാന്‍ സാധ്യത ഏറെയാണ്. ഇത്തരം കരാറുകളുടെ ആഘാതം കുറക്കുന്നതിന് സ്വീകരിക്കാവുന്ന വൈക്കോല്‍ തണ പോലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ചുരുക്കം.
നികുതി പിരിക്കാനുള്ള അധികാരം കേന്ദ്രീകരിക്കപ്പെടുക എന്നാല്‍, സാമ്പത്തിക അധികാരം മാത്രമല്ല രാഷ്ട്രീയാധികാരം കൂടിയാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഏകാധിപത്യ പ്രവണതയുള്ള നേതാവും ഫാസിസ്റ്റ് മനോഭാവമുള്ള, വര്‍ഗീയത അടിസ്ഥാനദര്‍ശനമായ പാര്‍ട്ടിയും അധികാരത്തിലിരിക്കെ അതുണ്ടാക്കാവുന്ന അപകടം ചെറുതല്ല. നികുതി നിരക്കുകള്‍ നിര്‍ണയിക്കാന്‍ നിര്‍ദേശിക്കപ്പെട്ട കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങളായുണ്ടാകുക. ബി ജെ പിയുടെ പ്രതിനിധികള്‍ ഇവിടെ ഭൂരിപക്ഷമാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍, കേന്ദ്രീകരിക്കപ്പെടുന്ന സാമ്പത്തിക – രാഷ്ട്രീയ അധികാരം സ്വന്തം താത്പര്യങ്ങളുടെ വിപുലീകരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത കുറവല്ല തന്നെ. വര്‍ഗീയ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു ജനതയെ, സാമ്പത്തിക അധികാരം ഉപയോഗിച്ച് രാഷ്ട്രീയമായി ലക്ഷ്യമിടാന്‍ ഈ ഭരണകൂടത്തിന് മടിയുണ്ടാകില്ലെന്ന് ചുരുക്കം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ ഏത് വിധേയനയും അട്ടിമറിച്ച് ഭരണം പിടിക്കാന്‍ മടി കാട്ടുന്നില്ല ഇവരെന്നതും അതിന് കേന്ദ്രത്തിലെ അധികാരം ഉപയോഗിക്കുന്നുവെന്നതും ഇതിനകം കണ്ടതാണ്. നീതിന്യായ സംവിധാനത്തിന്റെ ഇടപെടലാണ് പലേടത്തും വിഘാതമുണ്ടാക്കിയത്.
രാജ്യത്തെ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇന്നും അസംഘടിത മേഖലയിലാണ്, ചെറുകിട – ഇടത്തം ഉത്പാദനശാലകളില്‍ തൊഴിലെടുക്കുന്നവര്‍. ഏകീകൃത നികുതി സമ്പ്രദായത്തിന്റെ ആനുകൂല്യത്തില്‍ വന്‍കിടക്കാര്‍ കമ്പോളം പിടിച്ചെടുക്കാന്‍ തുടങ്ങിയാല്‍ ഈ ഉത്പാദനശാലകള്‍ നിശ്ചലമാകും. അതായത് രാജ്യത്തെ അസംഘടിത മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ പുറംതള്ളപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ പ്രക്രിയയും അതുമൂലമുണ്ടാകുന്ന സാമൂഹിക സാഹചര്യവും ഏറ്റവുമധികം തുണക്കുക, വൈവിധ്യങ്ങളെ ഇല്ലാതാക്കി വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നവരെയാണ്.
ഭാവി രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ പാകത്തിലുള്ളതാണ് ജി എസ് ടി നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിയെങ്കില്‍, അത് രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തെ ഹനിക്കാന്‍ ഇടയുണ്ടെങ്കില്‍, അധികാര കേന്ദ്രീകരണം ലക്ഷ്യമിടുന്ന സംഘം അധികാരം കൈയാളുന്ന കാലത്ത് ഫെഡറല്‍ സമ്പ്രദായത്തിനുണ്ടാകുന്ന ഏത് ഹാനിയും വലിയ ആഘാതം സൃഷ്ടിക്കാനിടയുണ്ട് എങ്കില്‍ ഭരണഘടനാ ഭേദഗതിയെ പിന്തുണക്കുക വഴി, ഇടതുപക്ഷം വലിയ അബദ്ധമാണ് ചെയ്തത് എന്ന് കരുതേണ്ടിവരും. ഇത്തരം വെല്ലുവിളികളെയൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഭരണഘടനാ ദത്തമായ ജനാധിപത്യ സമ്പ്രദായത്തിനുണ്ട് എന്ന് ആശ്വസിക്കാം. പക്ഷേ, ആ ആശ്വാസം ഇല്ലാതാക്കാനുള്ള കരുത്ത് ആര്‍ജിക്കലാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യമെന്നത് മറന്നുപോകരുതെന്ന് മാത്രം. അത് മറക്കുന്നതുകൊണ്ടാണ് ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനത്തെ ലംഘിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും പ്രായോഗിക കാരണങ്ങള്‍ നിരത്തി പുതിയ നികുതി സമ്പ്രദായത്തെ ഇടതുപക്ഷം പിന്തുണച്ചത്.
ഉത്പാദക സംസ്ഥാനമെന്ന സ്ഥാനം നേരത്തെ തന്നെ ഇല്ലാതാകുകയും ഉപഭോക്താവെന്ന സ്ഥാനം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് പുതിയ നികുതി സമ്പ്രദായം തത്കാലത്തേക്ക് ഗുണകരമാണ്. ഖജനാവിലേക്കുള്ള ധനത്തിന്റെ ഒഴുക്ക് കൂടിയേക്കും. കൂടുതല്‍ സേവനങ്ങളെ നികുതിക്ക് വിധേയമാക്കാനുള്ള അധികാരം ലഭിക്കുന്നതും വിഭവ സമാഹരണത്തിന് സഹായിച്ചേക്കക്കും. പക്ഷേ, കാര്‍ഷിക – വ്യാവസായിക ഉത്പാദനത്തില്‍ നിലവിലുള്ളത് നിലനിര്‍ത്താനോ കൂടുതല്‍ വളരാനോ സാധിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്? ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മേഖലകളെ പുതിയ സാഹചര്യം ഏത് വിധത്തില്‍ ബാധിക്കുമെന്നതില്‍ എന്തെങ്കിലും ആലോചന നടന്നതായി അറിവില്ല. നിലവില്‍ പ്രതിസന്ധി നേരിടുന്ന മേഖലകളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ജി എസ് ടി കാരണമാകുമോ എന്ന ശങ്ക കേരളത്തെ സംബന്ധിച്ച് അസ്ഥാനത്തല്ല.
ജി എസ് ടി എത്രയും വേഗം പ്രാബല്യത്തിലായാല്‍ രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കിന് വേഗം കൂടുമെന്നും വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നുമൊക്കെയാണ് മോദി – ജെയ്റ്റ്‌ലി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യാഥാര്‍ഥ്യവുമായി എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ പ്രതീക്ഷയെന്നതും ചോദ്യംചെയ്യപ്പെടുന്നു. ജനം വഹിക്കുന്ന നികുതിയുടെ നിരക്കിനേക്കാളേറെ, പരമാവധി ലാഭമുറപ്പിക്കാവുന്ന ചൂഷണാവസരമാണ് നിക്ഷേപത്തിന് ഹേതു.

Latest