Connect with us

Articles

പാലേരി ഉസ്താദ്: നിര്‍ഭയനായ പോരാളി

Published

|

Last Updated

നിര്‍ഭയത്വമാണു സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. അങ്ങനെയാണെങ്കില്‍ നമുക്കിടയില്‍ “സ്വതന്ത്രന്മാര്‍” നന്നേ കുറവാണ്. പലതരം പേടികള്‍ക്കു നടുവിലാണു നാം. ഇതിനിടയിലാണ് ആകാശത്തിനു താഴെ ഒന്നിനെയും ഭയപ്പെടാത്ത ചിലരുണ്ടാകുന്നത്. അല്ലാഹുവിനെയല്ലാതെ ഒരു പടപ്പിനെയും ഭയപ്പെടാത്ത നിര്‍ഭയനായ പോരാളിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍.
താന്‍ പഠിച്ചതും അറിഞ്ഞതും തനിക്കു ബോധ്യപ്പെട്ടതുമായ കാര്യങ്ങള്‍ ആരുടെ മുമ്പിലും ഏതു സാഹചര്യത്തിലും വിളിച്ചുപറയാന്‍ യാതൊരാശങ്കയും പാലേരി ഉസ്താദിനില്ലായിരുന്നു. മറ്റുള്ളവര്‍ എന്തു കരുതും, അപ്പുറത്തു നില്‍ക്കുന്നവര്‍ എങ്ങനെ പ്രതികരിക്കും എന്നൊന്നും ഉസ്താദ് ചിന്തിച്ചിരുന്നില്ല. എതിര്‍പക്ഷത്തു നില്‍ക്കുന്നവരുടെ വലുപ്പച്ചെറുപ്പമോ ബന്ധുബലമോ ഒന്നും അദ്ദേഹം കാര്യമാക്കിയിരുന്നില്ല. സത്യം താനറിഞ്ഞാല്‍ മതി എന്നും അദ്ദേഹം കരുതിയിരുന്നില്ല. പ്രായത്തിന്റെ തിളപ്പായിരുന്നില്ല ഇത്. എണ്‍പതു കഴിഞ്ഞ പ്രായത്തിലും തിന്മക്കെതിരെ അദ്ദേഹം നിര്‍ഭയമായി പ്രതികരിച്ചു. നാട്ടിലെ തെറ്റുകള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ ശബ്ദിച്ചതു പ്രശ്‌നമായപ്പോള്‍ അദ്ദേഹം പറഞ്ഞു: “തെറ്റു കണ്ടാല്‍ ഞാന്‍ പറയും, പ്രതിഷേധമുള്ളവര്‍ എന്നെ തല്ലട്ടെ!”
അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന മഹാനായ കുട്ടി മുസ്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു പാലേരി ഉസ്താദ്. ചെമ്മങ്കടവ് ദര്‍സില്‍ പത്തു വര്‍ഷത്തിലേറെയാണു കുട്ടി മുസ്‌ലിയാരുടെ ശിഷ്യനായത്. ഒരു പണ്ഡിതനെയല്ല ഒരു പോരാളിയെയായിരുന്നു കുട്ടി മുസ്‌ലിയാര്‍ രൂപപ്പെടുത്തിയത്. ഇല്‍മ് മാത്രമല്ല; തര്‍ബിയത്തും തസ്‌കിയത്തും നല്‍കി ശിഷ്യനെ ഉരുക്കു പരുവമാക്കിയാണു പുറത്തു വിട്ടത്. മഹാഗുരുവിന്റെ കണക്കുകൂട്ടല്‍ ഒട്ടും പിഴച്ചില്ല. ഉസ്താദിന്റെ പ്രിയപ്പെട്ട “വയനാട്” വിജ്ഞാനം കൊണ്ട് അന്ത്യംവരെ പടപൊരുതി.
വിജ്ഞാനത്തിനു വേണ്ടി ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച ഒരു പണ്ഡിതനെ ഇതുപോലെ വേറെ കാണുകയില്ല. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത കുടുംബത്തില്‍ നിന്നു കൂലിപ്പണിക്കിറങ്ങിയ ബാല്യം, ദര്‍സുകള്‍ തേടി അലഞ്ഞു തുടങ്ങിയത് തൊള്ളായിരത്തി നാല്‍പതുകളുടെ ഒടുവില്‍. ആദ്യത്തെ ലക്ഷ്യം വിശപ്പില്‍നിന്നുള്ള മോചനമായിരുന്നു. അക്ഷരങ്ങളുടെ രുചി അറിഞ്ഞതോടെ അറിവിനോടുള്ള ആഗ്രഹം മുളപൊട്ടി. പിന്നെ അതൊരു ആര്‍ത്തിയോ ആസക്തിയോ ആയി.
കൊയിലാണ്ടി കൊല്ലത്തു നിന്ന് നാദാപുരത്തേക്ക്, കുറ്റിയാടി വഴി ചുരം കയറി വയനാട്ടിലെ കുഞ്ഞോം. അവിടെനിന്നു മലപ്പുറം പൊടിയാട്ടേക്ക്, പിന്നെ പരപ്പനങ്ങാടി പനയത്തില്‍ പള്ളി, ഒടുവില്‍ ചെമ്മങ്കടവ്. യാത്രകള്‍ ഏറെയും കാല്‍നട. പണമില്ല, പരപ്രേരണയില്ല, പ്രോത്സാഹിപ്പിക്കാനോ വഴികാട്ടാനോ ആരുമില്ല. എട്ടു കൊല്ലത്തോളം അലഞ്ഞു കുട്ടി മുസ്‌ലിയാരുടെ മുമ്പിലെത്തുന്നതു വരെ തുഴയില്ലാത്ത തോണി പോലെയായിരുന്നു ജീവിതം.
ആറു പതിറ്റാണ്ടോളം നീളുന്ന അധ്യാപന ജീവിതം. ഇതില്‍ ഒരു പത്തു വര്‍ഷവും അഞ്ചും മൂന്നും വര്‍ഷങ്ങളും ഒരിടത്തു തുടര്‍ച്ചയായി സേവനം ചെയ്തതു കാണാം. ബാക്കി ഏറെയും ഒന്നോ അതില്‍ ലേശം ഏറെയോ കുറഞ്ഞോ. സേവനകാലത്തിനടുത്തെത്തും നിന്ന മഹല്ലുകളുടെ എണ്ണവും. ഇതെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ ഉസ്താദ് സൗമ്യമായി ചിരിക്കും- എനിക്കു ക്ഷമിക്കാനാകില്ല. അരുതാത്തതു കണ്ടാല്‍ പ്രതികരിക്കും. അതിനു മറയുണ്ടാവില്ല, ജോലി പോകും. അടുത്ത ഒരിടം കണ്ടുപിടിക്കും. ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുന്നു- ആനുകൂല്യങ്ങളുടെയും സുഖസൗകര്യങ്ങളുടെയും പേരില്‍ ഒരൊറ്റ ദര്‍സും വിടേണ്ടതായി വന്നിട്ടില്ല. ഇതു നേരാണെന്നതിന് ഉസ്താദിന്റെ ജീവിതം സാക്ഷി. ജീവിതത്തിന്റെ പച്ചപ്പുകളൊന്നും ഉസ്താദിനെ സ്പര്‍ശിച്ചില്ല. അവസാന കാലത്ത് ചികിത്സക്കും നിത്യച്ചെലവിനും പ്രയാസപ്പെട്ടു. ഏറെ പൂതിവെച്ചു നിര്‍മിച്ച വീടിന്റെ പണി മുഴുമിക്കാനായില്ല. അതെങ്ങനെ, മുദര്‍രിസ് കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ജനങ്ങള്‍ക്കൊപ്പിച്ചു നിന്നുകൊടുക്കണ്ടേ, അതുണ്ടായില്ലല്ലോ.
നാട്ടുപ്രമാണി കടന്നു വന്നാല്‍ എഴുന്നേറ്റുനിന്നു തുണി താഴ്ത്തിയിട്ട് തലപ്പാവ് അഴിച്ചു പിടിക്കണം- പണ്ഡിതനോ സാധാരണക്കാരനോ എന്നൊന്നും വ്യത്യാസമില്ല. പഴയ ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ കൊടിക്കൂറ പാറിയ ഒരിടത്താണ് പാലേരി ഉസ്താദ് എത്തിപ്പെട്ടത്. തന്റെ വിജ്ഞാനത്തിന് എല്ലാ പ്രമാണിത്തത്തെക്കാളും മഹത്വമുണ്ടെന്നു കണിശമായി വിശ്വസിച്ചിരുന്ന കുട്ടി മുസ്‌ലിയാരുടെ ധീരനായ ശിഷ്യന്‍ തല ഉയര്‍ത്തിപ്പിടിച്ചു കാലില്‍ കാലേറ്റിയിരുന്നു. പ്രമാണിത്തം ഈ ധിക്കാരം സഹിച്ചില്ല. തറവാട്ടില്‍നിന്നു വന്നുകൊണ്ടിരുന്ന പ്രാതല്‍ പാത്രത്തില്‍ രണ്ടു ദോശ, ലേശം ചമ്മന്തി! മുദര്‍രിസിനു പട്ടിണി നല്ല ശീലമായിരുന്നു. ഈ ടിഫിന്‍ പ്രതികാരത്തെ പട്ടിണികൊണ്ടു ചെറുത്തു. ആരും ഒന്നും അറിഞ്ഞില്ല. അവിടെ തന്നെ ഭൂമി പാട്ടത്തിനെടുത്തു നെല്ലും വാഴയും പച്ചക്കറികളും കൃഷി ചെയ്തു. നിങ്ങള്‍ തന്നില്ലെങ്കില്‍ നിങ്ങളുടെ മണ്ണിനടിയില്‍ നിന്നു ഞാന്‍ കിളച്ചെടുക്കുമെന്ന സന്ദേശം! ഏറ്റവും കൂടുതല്‍ മുദര്‍രിസായി സേവനം ചെയ്തതും അതേ മഹല്ലില്‍.
1989നു ശേഷം ദര്‍സിന്റെ അസ്ഥിരതക്ക് ഒരു കാരണം കൂടിയായി- സംഘടനയിലെ വിഭാഗീയത. ഉള്ളാള്‍ തങ്ങളും എ പി ഉസ്താദും എം എ ഉസ്താദുമാണു ശരിയെന്നു പാലേരി ഉസ്താദ് തിരിച്ചറിഞ്ഞു. ഒരു ശരികേടിനും കൂട്ടുനില്‍ക്കാത്ത, ദീനിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിയിരുന്ന, ഒരുപാടു ത്വരീഖത്തുകളുമായി ആത്മബന്ധമുള്ള പാലേരി ഉസ്താദിന്റെ നിലപാട് സുന്നി പ്രസ്ഥാനത്തിന് അക്കാലത്ത് ഒരു ദിശാസൂചകമായിരുന്നു. ഹഖും ബാത്വിലും പ്രശ്‌നമല്ലാത്ത ഒരു വിഭാഗം ഇപ്പേരില്‍ ഉസ്താദിനെ ദര്‍സില്‍ നിന്നു ദര്‍സുകളിലേക്കു കെട്ടുകെട്ടിച്ചു.
ചിറക്കല്‍ മമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഓതിത്തുടങ്ങിയത്. ബള്ളി അമ്മദ് മുസ്‌ലിയാര്‍, തരുവണ ഉസ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആദ്യകാല ഗുരുനാഥന്മാര്‍. കോയഞ്ഞി തങ്ങളുടെ ദര്‍സില്‍ മൂന്നു വര്‍ഷം ഓതി. തുടക്കത്തിലെ പ്രധാന കിതാബുകളെല്ലാം തങ്ങളില്‍ നിന്നാണു പഠിച്ചത്. കുട്ടി മുസ്‌ലിയാരുടെ മുമ്പിലെത്തിയതോടെ ഗുരുക്കന്മാരെ തേടിയുള്ള അലച്ചില്‍ അവസാനിച്ചു. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, അലനല്ലൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, പാനൂര്‍ തങ്ങള്‍ തുടങ്ങി പ്രശസ്തരായ സഹപാഠികളെ കിട്ടിയതു ചെമ്മങ്കടവില്‍ നിന്നാണ്. വെല്ലൂരില്‍ ഉപരിപഠനം ഒരു സ്വപ്‌നമായിരുന്നു. പക്ഷേ, കുട്ടി മുസ്‌ലിയാര്‍ക്ക് ശിഷ്യന്റെ കാര്യത്തില്‍ ഒരാശങ്കയുമില്ലായിരുന്നു. “നീ ഉഷാറാണ്, കോളജിലൊന്നും പോകണ്ട, പൊടിയാട്ടു പോയി ദര്‍സ് നടത്തിക്കോ.” കുട്ടി മുസ്‌ലിയാര്‍ തന്നെയാണ് ആദ്യത്തെ ദര്‍സില്‍ കൈ പിടിച്ചു കയറ്റിയത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി സ്ഥലങ്ങളില്‍ മുദര്‍രിസായിട്ടുണ്ട്. ഇതില്‍ കുഞ്ഞോം ദര്‍സ് പ്രധാനമാണ്. തൊട്ടടുത്ത കോറോം മഹല്ലിലെ മൂന്നു വര്‍ഷത്തെ സേവനം ഉസ്താദിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അഞ്ചു വര്‍ഷം ജാമിഅഃ സഅദിയ്യഃയിലും ഏറ്റവും ഒടുവില്‍ മാടവന ജാമിഅഃ അസീസിയ്യഃയിലും കുറച്ചു കാലം മുദര്‍രിസായി.
1931ല്‍ തരുവണ പാലേരി അഹ്മദിന്റെയും തോട്ടോളി ഖദീജയുടെയും മകനായി ജനിച്ചു. സഹോദരങ്ങള്‍: അബ്ദുല്ല മുസ്‌ലിയാര്‍, മര്‍യം, പാത്തു, ആഇശ. തരുവണ ചങ്കരപ്പന്‍ അഹ്മദ് വൈദ്യരുടെ മകള്‍ ഖദീജയാണു സഹധര്‍മിണി. നാലാണ്‍മക്കളും ബിരുദധാരികളായ പണ്ഡിതന്മാരാണ്. മുഹമ്മദ് ബശീര്‍ ദാരിമി, ഹാഫിള് മുഹമ്മദലി സഅദി, അബ്ദുല്ല സഖാഫി, ഇബ്‌റാഹീം സുഹ്‌രി. രണ്ടു പെണ്‍മക്കള്‍: ആഇശ, സുഹ്‌റ.
പഠിക്കുന്ന കാലത്തു തന്നെ ഉദരസംബന്ധമായ ഒരസുഖം കൂടെ കൂടിയിരുന്നു. ഒരു ഘട്ടത്തില്‍ ഓപ്പറേഷന്‍ ടേബിളില്‍ വരെ എത്തിയതാണ്. ഈ ആതുരത ഒരു പരീക്ഷണമായി കൂടെ ഉണ്ടായിരുന്നു. ആറു വര്‍ഷത്തോളമായി പലതരം അസുഖങ്ങളുടെ പിടിയില്‍ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. 2016 ആഗസ്റ്റ് എട്ടിന് രാത്രി ഒന്‍പത് മണിക്ക് വിടപറയുമ്പോള്‍ വയസ്സ് 85. തരുവണക്കടുത്ത പീച്ചങ്കോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ ഖബ്‌റുകളുടെ നിരയില്‍ തീര്‍ത്തും സാധാരണക്കാരനായി ഒടുവില്‍ അന്ത്യവിശ്രമം. ഉസ്താദിന്റെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊടുക്കട്ടെ, അദ്ദേഹത്തോടൊപ്പം അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ- ആമീന്‍!
(ഒ എം തരുവണ +91 9400501168)

---- facebook comment plugin here -----

Latest