Connect with us

Editorial

സൂപ്പര്‍ കൊള്ളക്കെതിരെ സുപ്രീം കോടതിയും

Published

|

Last Updated

സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതിയും നിരസിച്ചിരിക്കുന്നു. സ്വകാര്യബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പിന് മുകളില്‍ ഒരു സര്‍വീസും നടത്തരുതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു കൊണ്ടാണ് ഇതിനെതിരെ ബസുടമകള്‍ നല്‍കിയ ഹരജി കോടതി തള്ളിയത്. സ്വകാര്യ ബസുകള്‍ സൂപ്പര്‍ഫാസ്റ്റ്, പാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ നേടി അമിത ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഹയര്‍ ക്ലാസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി നിജപ്പെടുത്തിക്കൊണ്ട് 2013 ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവിറിക്കിയത്. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താന്‍ നോട്ടിഫിക്കേഷന്‍ സമര്‍പ്പിച്ച റൂട്ടുകളില്‍ സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മീതെയുള്ള സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള ഉത്തരവിന് അള്ള് വെക്കാന്‍ സ്വകാര്യ ബസുടമകള്‍ എല്ലാ അടവുകളും പയറ്റിയതാണ്. ഉത്തരവിന്റെ കരട് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ 2012ല്‍ ഇറക്കിയിരുന്നു. അത് റദ്ദാക്കുകയോ നടപ്പാകാതെ നീട്ടുക്കൊണ്ടു പോവുകയോ വേണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ ബസുടമയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിസഭയിലെ ചില ഉന്നതരെ അന്ന് സമീപിക്കുകയുണ്ടായി. രാഷ്ടീയ നേതാക്കളെ കാണേണ്ടത് പോലെ കാണാനായി ഇവര്‍ വലിയൊരു തുക ശേഖരിക്കുകയും ചെയ്തുവത്രെ. തീരുമാനം നടപ്പാക്കാന്‍ പിന്നെയും ഒരു വര്‍ഷം വൈകിയതിന് പിന്നില്‍ ഈ പിന്നാമ്പുറ കളിയായിരുന്നെന്നാണ് പറയുന്നത്. സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനെതിരെ കെ എസ് ആര്‍ ടി സിയിലെ ചില തൊഴിലാളി സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് ബസുടമകളുടെ സമ്മര്‍ദം അവഗണിച്ചു ഉത്തരവ് നടപ്പാക്കാന്‍ അന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
വിദ്യാര്‍ഥികള്‍ക്കും മറ്റും അനുവദിക്കുന്ന ഇളവില്‍ നിന്ന് രക്ഷപ്പെടാനും യാത്രക്കാരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനുമാണ് ബസുടമകള്‍ ഹയര്‍ ക്ലാസ് പദവി നേടുന്നത്. ലിമിറ്റഡ് സ്റ്റോപ്പ്, ഇറങ്ങുന്ന യാത്രക്കാരുടെ കാര്യത്തില്‍ മാത്രമാണ്. കയറാനാണെങ്കില്‍ എവിടെയും നിര്‍ത്തി ആളെക്കയറ്റുകയും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്യും. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുള്ള ബസുകള്‍ സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡ് വെച്ചു ഉയര്‍ന്ന ചാര്‍ജ് ഈടാക്കാറുമുണ്ട്. പൊതുഗതാഗതം നടത്തുന്ന വാഹനങ്ങള്‍ കാണിക്കേണ്ട സാമൂഹിക പ്രതിബദ്ധത സ്വകാര്യ ബസുകാര്‍ കാണിക്കാറില്ല. ഇത് ബോധ്യപ്പെട്ടത് കൊണ്ടാണ് കോടതി അവരുടെ ഹരജി തള്ളിയത്. മാത്രമല്ല, സംസ്ഥാനത്ത് കാര്യക്ഷമമായ പൊതുഗതാഗതത്തിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാറിന് അധികാരമുണ്ട്. ഇക്കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കെ എസ് ആര്‍ ടി സിയുടെ നഷ്ടത്തിനൊരു പ്രധാന കാരണം ഹയര്‍ ക്ലാസ് സ്വകാര്യ ബസുകളാണ്. പല പ്രധാന റൂട്ടുകളിലും കെ എസ് ആര്‍ ടി സി സര്‍വീസിന്റെ തൊട്ടുമുമ്പായി സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആര്‍ ടി ഒ ഉദ്യോഗസ്ഥരും ബസ് മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് കെ എസ് ആര്‍ ടി സിയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് സമയക്രമം അനുവദിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് യാത്രക്കാരെ കയറ്റാന്‍ സൗകര്യം ചെയ്തു കൊടുക്കുന്ന ജീവനക്കാര്‍ കെ എസ് ആര്‍ ടി സിയില്‍ തന്നെയുണ്ടെന്നും ആരോപണമുണ്ട്. പല സര്‍ക്കാര്‍, പൊതുമേഖലാ ഉദ്യോഗസ്ഥരുടെയും ചോറ് ഇവിടെയും കൂറ് അവിടെയുമാണ് എന്ന് ജനസംസാരമുണ്ടല്ലോ. സ്വകാര്യ ബസുകള്‍ക്ക് ഹയര്‍ ക്ലാസ് ഇല്ലാതാകുന്നതോടെ ഇത്തരം റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകളുടെ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോടതി വിധിയെ തുടര്‍ന്ന് 247 ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ പദവി നഷ്ടമാകും. ഇതിന് പകരം കെ എസ് ആര്‍ ടി സി ഓടിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ ഹയര്‍ ക്ലാസ് പെര്‍മിറ്റുകള്‍ ഉള്ള ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്നത് വരെ സര്‍വീസ് തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അത് തീരൂന്ന മുറക്ക് ഈ റൂട്ടുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുക്കണം. മുഴുവന്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കോര്‍പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുമുണ്ട്. ഈ വാഗ്ദാനം പാലിക്കാന്‍ കോര്‍പറേഷന് സാധിക്കുമോ, അതിനാവശ്യമായ ബസുകള്‍ കോര്‍പറേഷന്റെ വശമുണ്ടോ തുടങ്ങി ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നവരുണ്ട്. സ്വകാര്യ വാഹനങ്ങള്‍ പിന്‍വലിയുന്നതോടെ റൂട്ടുകളിലെ സര്‍വീസ് മുടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷന്‍ അധികൃതരും സര്‍ക്കാറും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Latest