Connect with us

Kerala

മാണിയോട് നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: മുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് മുന്നണിവിട്ടതിന് ശേഷമുള്ള ആദ്യ യു ഡി എഫ് യോഗത്തില്‍ കെ എം മാണിക്കെതിരെ മൃദുസമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. മുമ്പ് മാണിക്കെതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ യു ഡി എഫ് യോഗത്തിന് ശേഷം നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയമായി.
മുസ്്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സമ്മര്‍ദമാണ് കോണ്‍ഗ്രസിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. മുന്നണി വിട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മുമായി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലുമുള്ള ധാരണ തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയുമെല്ലാം കേരളാ കോണ്‍ഗ്രസുമായി ഒരുമിച്ച് നിന്നാണ് യു ഡി എഫ് നേരിട്ടത്. ഇക്കാര്യത്തില്‍ തത്സ്ഥിതി തുടരാനാണ് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹമെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നാണ് യു ഡി എഫിന്റെ തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുന്നണി വിട്ടത് കേരള കോണ്‍ഗ്രസിന്റെ ഏകപക്ഷീയ തീരുമാന പ്രകാരമാണ്. അതുകൊണ്ട് തന്നെ ഐക്യം തുടരണമെന്ന് തന്നെയാണ് യു ഡി എഫിന്റെയും ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. മാണി മുന്നണി വിട്ടുപോയതിന് ശേഷമുള്ള ആദ്യ യു ഡി എഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. യു ഡി എഫിലെ മൂന്നാം കക്ഷിയായിരുന്നു കേരളാ കോണ്‍ഗ്രസ്. അതിനനുസരിച്ചുള്ള പരിഗണനയും പ്രധാന്യവും യു ഡി എഫ് അവര്‍ക്ക് നല്‍കിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യു ഡി എഫ് ശക്തിപ്പെടുത്താന്‍ ഘടകകക്ഷികളുമായി സംസ്ഥാന തല ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ യു ഡി എഫ് തീരുമാനിച്ചു. 19ന് മുസ്‌ലിം ലീഗുമായും ജനതാ ദള്‍- യുവുമായും ചര്‍ച്ച നടത്തും. 23ന് ആര്‍ എസ് പിയുമായും കേരള കോണ്‍ഗ്രസ് ജേക്കബുമായും സി എം പിയുമായും ഉഭയകക്ഷി ചര്‍ച്ച നടത്തും. യു ഡി എഫ് ജില്ലാതല യോഗങ്ങള്‍ 21, 22 തീയതികളില്‍ നടത്തും. ഇതില്‍ സംസ്ഥാനതല യു ഡി എഫ് നേതാക്കള്‍ പങ്കെടുക്കും. ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിലക്കയറ്റം, ഭാഗപത്ര ഉടമ്പടിയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി 30ന് കലക്‌ട്രേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. അടുത്ത യു ഡി എഫ് യോഗം സെപ്തംബര്‍ ഒന്നിന് ചേരാനും തീരുമാനമായി.