Connect with us

Kerala

ജീവന്‍ രക്ഷാ പുരസ്‌കാര ജേതാവിന് അന്തിയുറങ്ങാന്‍ വീടില്ല

Published

|

Last Updated

വാഹിദും മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം വാടക വീടിന് മുന്നില്‍

മലപ്പുറം: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ രാഷ്ട്രപതിയില്‍ നിന്ന് ജീവന്‍ രക്ഷാ പുരസ്‌കാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാലാം ക്ലാസുകാരനായ മുഹമ്മദ് വാഹിദ്. സ്വന്തം മാതാവിന്റേത് ഉള്‍പ്പെടെ മരണത്തിലേക്ക് മുങ്ങിത്താഴുകയായിരുന്ന രണ്ട് ജീവനുകളെ രക്ഷപ്പെടുത്തിയ ഈ പന്ത്രണ്ടുകാരനും കുടുംബത്തിനും കയറിക്കിടക്കാന്‍ സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ല.
വളാഞ്ചേരി വൈക്കത്തൂര്‍ പൂന്തോടന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് വാഹിദ് കൂലിവേല കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് ആഇശക്കൊപ്പം കുളിക്കാനായി വീടിനടുത്തുള്ള കുളത്തില്‍ പോയതായിരുന്നു. ഈ സമയത്താണ് കുളത്തില്‍ ഒരു കുട്ടി മുങ്ങിത്താഴുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ആഇശ കുളത്തിലേക്ക് എടുത്തു ചാടിയെങ്കിലും അവരും മുങ്ങിത്താഴുകയായിരുന്നു. രണ്ട് പേരും കുളത്തില്‍ മുങ്ങിയതോടെ ധൈര്യം സംഭരിച്ച് വാഹിദും എടുത്ത് ചാടി രണ്ട് പേരെയും ജീവനോടെ കരക്കെത്തിക്കുകയും പ്രദേശവാസികളെ വിവരം അറിയിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
വാഹിദിന്റെ ധീരമായ ഈ ഇടപെടലാണ് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തീര്‍ത്തും ദാരിദ്ര കുടുംബമാണ് വാഹിദിന്റേത്. നിത്യരോഗിയായ പിതാവും വാഹിദ് അടക്കമുള്ള മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം മാതാവ് ആഇശയാണ്. വാടക വീട്ടിലാണ് വാഹിദും കുടുംബവും താമസിക്കുന്നത്. മാതാവ് ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിനിടയില്‍ കുട്ടികളുടെ പഠനവും ഭര്‍ത്താവിന്റെ ചികിത്സയും വീടിന്റെ വാടകയുമൊക്കെ താങ്ങാവുന്നതിലും അപ്പുറമാണ് ഈ കുടുംബത്തിന്. വാടക വീട്ടില്‍ നിന്നെങ്കിലും കരകയറാന്‍ കഴിഞ്ഞെങ്കിലെന്ന പ്രാര്‍ഥനയാണ് ഇവര്‍ക്കുള്ളത്. ഇന്നത്തെ അവസ്ഥയില്‍ അത് സ്വപ്‌നം മാത്രമായിരിക്കുകയാണെന്നും ആഇശ പറയുന്നു. വാഹിദ് പഠിച്ചിരുന്ന വൈക്കത്തൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരുടെയും പരിസരവാസികളുടെയും സഹായവും സഹകരണവുമാണ് തങ്ങളുടെ ഏക ആശ്വാസമെന്നും ആഇശ കൂട്ടിച്ചേര്‍ത്തു.

Latest