Connect with us

Kerala

ഭരണഭാഷ: ചട്ടം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ഭരണഭാഷ മലയാളത്തിലാണെന്ന് അതത് വകുപ്പ് അധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണമെന്നും അതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും ലംഘിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരവും വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരവും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല- അര്‍ധ സര്‍ക്കാര്‍-സ്വയംഭരണ-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാഗത്ത് നിന്നും വിമുഖതയുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

അതത് വകുപ്പുകളില്‍ രൂപവത്കരിച്ച പരിഭാഷ സെല്ലില്‍ കോഡുകള്‍, മാന്വലുകള്‍, ചട്ടങ്ങള്‍, ഫോറങ്ങള്‍ എന്നിവ അടിയന്തരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അംഗീകാരത്തിനായി ഔദ്യോഗികഭാഷ വകുപ്പില്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കണം. സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല-അര്‍ധസര്‍ക്കാര്‍-സ്വയംഭരണ-സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാ വിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റ് കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതരസ്ഥാപനങ്ങളിലും ഔദ്യോഗികഭാഷ സംബന്ധിച്ച് വകുപ്പുതല സമിതി, വകുപ്പുതല ഏകോപന സമിതി, ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി എന്നിവ രൂപവത്കരിക്കണം. സമയാസമയങ്ങളില്‍ യോഗം ചേരുകയും ഭാഷാമാറ്റ പുരോഗതി റിപ്പോര്‍ട്ട് കൃത്യസമയങ്ങളില്‍ തയ്യാറാക്കി ലഭ്യമാക്കുകയും വേണം. പേഴ്‌സണല്‍ രജിസ്റ്റര്‍, ഹാജര്‍ പുസ്തകം എന്നിവയടക്കമുള്ള രജിസ്റ്ററുകളും പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്.

ഇതിനായി കര്‍മപരിപാടി തയ്യാറാക്കി ഭാഷാമാറ്റ പുരോഗതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കേണ്ടതായ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്നും മറ്റെല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂവെന്നും വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭരണഭാഷ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നയം പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിലേക്ക് എല്ലാ വകുപ്പ് തലവന്മാരും ഓഫീസ് മേലധികാരികളും വകുപ്പിലെ ജീവനക്കാരുടെ യോഗം വിളിച്ചു കൂട്ടി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും അത് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഈ വര്‍ഷം 14219 കോടിയുടെ പദ്ധതി; 11 റോഡുകള്‍ പുനര്‍നിര്‍മിക്കും
തിരുവനന്തപുരം: ഈ വര്‍ഷം റോഡുകളും മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളുമുള്‍പ്പടെ ആകെ 14,219 കോടി രുപയുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കെ എസ് ടി പിക്ക് കീഴില്‍ 2304 കോടി ചെലവില്‍ 11 റോഡുകള്‍ പുനര്‍നിര്‍മാണം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വികസനത്തോനുബന്ധിച്ച് 99 കോടി ചെലവില്‍ 25 റോഡുകള്‍ പുനര്‍നിര്‍മിക്കും. ശബരിമലക്ക് സമീപമുള്ള മൂന്ന് മണ്ഡലങ്ങള്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിന് റബ്ബറും പ്ലാസ്റ്റിക്കും കയറും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു നിയമസഭാ മണ്ഡലത്തില്‍ ശരാശരി രണ്ടു മുതല്‍ മൂന്നു കോടി രുപ ചെലവിടുന്ന തരത്തില്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ തുല്യനീതിയിലാണ് വകുപ്പ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പില്‍ മാത്രം 39 വിജിലന്‍സ് കേസുകള്‍ ഫയല്‍ ചെയ്തു. എല്ലാ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുകളിലും സോണല്‍ ഓഫീസുകളിലും പരാതി സെല്ലുകള്‍ സ്ഥാപിക്കും. വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗും നടപ്പാക്കും. റോഡുകള്‍ക്ക് ആദ്യമായി മെയിന്റനന്‍സ് പോളിസി നടപ്പാക്കും. വികസിത രാജ്യങ്ങളിലുള്ളതുപോലെ മൂന്ന് വര്‍ഷത്തെ ലയബിലിറ്റി കോണ്‍ട്രാക്റ്റിനോടൊപ്പം നാല് വര്‍ഷം മെയിന്റനന്‍സ് കോണ്‍ട്രാക്റ്റും നടപ്പാക്കും. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ കുത്തിപ്പൊളിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കും. 7500 കി. മീ റോഡില്‍ കേബിള്‍ ഇടുന്നതിനുള്ള റിലയന്‍സിന്റെ അപേക്ഷ നിരസിച്ചെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാറിന്റെ തെറ്റായ സമീപനം ഇക്കാര്യത്തില്‍ തുടരില്ല. 75 ദിവസത്തിനുള്ളില്‍ തന്നെ ഒരു റോഡ് തന്നെ നാലു തവണ പുനര്‍നിര്‍മാണം നടത്തേണ്ടി വന്നു. റോഡുകളോട് ചേര്‍ന്നുള്ള നിയമവിരുദ്ധ വസ്തുക്കള്‍ എല്ലാം നീക്കം ചെയ്യണമെന്ന് കര്‍ശനമായ ഉത്തരവ് കൊടുത്തിട്ടുണ്ട്്. നൂറ് ശതമാനം അഴിമതി വാഴുന്ന വകുപ്പില്‍ അഴിമതി പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.

Latest