Connect with us

National

കൈക്കൂലി കൊടുക്കാത്തതിനാല്‍ കുത്തിവെപ്പ് വൈകി; പിഞ്ചുകുഞ്ഞ് മരിച്ചു

Published

|

Last Updated

ലക്‌നൗ: കൈക്കൂലി കൊടുക്കാത്തതിനാല്‍ തുടര്‍ ചികില്‍സ വൈകി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ക്കിലെ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ചികില്‍സ തേടിയെത്തിയപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മാതാപിതാക്കള്‍ ആരോപിച്ചു. കുത്തിവെപ്പെടുക്കാന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് മാതാവ് സുമിത ദത്ത് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി ചോദിച്ചെന്ന പേരില്‍ ഒരാളെ പിരിച്ചുവിട്ടു. മറ്റൊരാളെ സ്ഥലം മാറ്റിയെന്നും ആശുപത്രിയധികൃതര്‍ അറിയിച്ചു.

ബഹ്‌റെയ്ക്കിന് സമീപമുള്ള ഗ്രാമത്തില്‍ ജീവിക്കുന്നവരാണ് സുമിതയും ശിവ ദത്തും. കടുത്ത പനിയും ക്ഷീണവും മൂലമാണ് കുട്ടിയെ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നഴ്‌സാണ് ആദ്യം കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകള്‍ പെട്ടന്ന് ശരിയാക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന് ഇവര്‍ക്ക് അനുവദിച്ചുകൊടുത്ത കിടക്കയില്‍ കുഞ്ഞിനെ കിടത്തണമെങ്കില്‍ പണം വേണമെന്ന് വാര്‍ഡിലെ തൂപ്പുകാരി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയെത്തിയ മെഡിക്കല്‍ അസിസ്റ്റന്റ് പ്രധാനപ്പെട്ട കുത്തിവെപ്പ് എടുക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ കുത്തിവെപ്പിന് ആശുപത്രി പണം ഈടാക്കുന്നില്ല. പണം തരാമെന്ന് പറഞ്ഞതിന് ശേഷമാണ് ഇയാള്‍ കുത്തിവെപ്പെടുക്കാന്‍ തയ്യാറായത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Latest