Connect with us

National

ആന്‍ട്രിക്-ദേവാസ് ഇടപാടില്‍ ജി മാധവന്‍ നായര്‍ പ്രതി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമയ ആന്‍ട്രിക്‌സ്- ദേവാസ് ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെയും മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥരെയും പ്രതികളാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് മാധവന്‍ നായരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഐ എസ് ആര്‍ ഒയുടെ സ്‌പേസ് മാര്‍ക്കറ്റിംഗ് വിഭാഗമായ ആന്‍ട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും തമ്മിലുള്ള കരാര്‍ ഇടപാടിലെ അഴിമതിയാണ് കേസിനാധാരം.
ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ ദേവാസിന് 578 കോടി രൂപ ലഭിക്കുന്ന തരത്തില്‍ തിരിമറികള്‍ നടന്നുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ബഹിരാകാശ വകുപ്പിനെയും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെയും കുറ്റപ്പെടുത്തി സി എ ജി പാര്‍ലിമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐയുടെ കുറ്റപത്രം.
എഴുപത് മെഗാ ഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായി ദേവാസിന് നല്‍കാനുള്ള 2005ലെ കരാറാണ് വിവാദമായത്. മാധവന്‍ നായര്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സമയത്താണ് ഇടപാട് നടന്നത്. സര്‍ക്കാറുമായുണ്ടാക്കിയ ഇടപാടില്‍ സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാകുന്ന വിധത്തില്‍ സുപ്രധാന വിവരങ്ങള്‍ ബഹിരാകാശ വകുപ്പും മാധവന്‍ നായരും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചെന്നാണ് പ്രധാനമായും കുറ്റപത്രത്തില്‍ പറയുന്നത്. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചെന്നും സ്വകാര്യ ലാഭത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുനിക്ഷേപം ദുരുപയോഗിച്ചെന്നുമുള്ള കേസിലാണ് ഐ എസ് ആര്‍ ഒ മുന്‍ മേധാവിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചത്.
രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം വ്യക്തമാക്കുന്നതാണ് ആന്‍ട്രിക്‌സ്- ദേവാസ് കരാറെന്നും പരാമര്‍ശിക്കുന്നുണ്ട്. ഐ എസ് ആര്‍ ഒയുടെ മുന്‍ ഉദ്യോഗസ്ഥരെയും കുറ്റപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
അതേസമയം, ദേവാസുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ഹേഗിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ െ്രെടബ്യൂണല്‍ ഇന്ത്യക്കെതിരെ 4,432 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. പിഴ ഉള്‍പ്പെടെ ആകെ നഷ്ടപരിഹാര തുകയായി ഐ എസ് ആര്‍ ഒ 6,700 കോടിയിലധികം രൂപ അടക്കേണ്ടി വരും. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാകില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഒപ്പം കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്‌സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. അതേസമയം, സുരക്ഷാ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങവെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ആന്‍ട്രിക്‌സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ െ്രെപവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളിലെ എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. ഇരുപത് വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസ് നേടിയെടുത്തിരുന്നു. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.

Latest