Connect with us

Editorial

കവര്‍ച്ചാ രീതികളും ഹൈടെക്കാകുമ്പോള്‍

Published

|

Last Updated

വീടുകളുടെ വാതില്‍ കുത്തിത്തുറന്നും ജനല്‍കമ്പികള്‍ വളച്ചും അകത്ത് കടന്നു ആയുധങ്ങള്‍ കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയോ കെട്ടിയിട്ടോ മോഷണം നടത്തുന്ന രീതി പഴഞ്ചനായി കഴിഞ്ഞു. ഹൈടെക് രീതിയിലാണ് ഇപ്പോഴത്തെ കവര്‍ച്ച. സ്മാര്‍ട്ട് ഫോണുകള്‍, ആപ്ലിക്കേഷനുകള്‍ ഹൈടെക് ക്യാമറകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചാണ് ഡിജിറ്റല്‍ യുഗത്തിലെ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തുന്നത്. തിരുവനന്തപുരം വെള്ളിയമ്പലം ആല്‍ത്തറയിലെ എസ് ബി ഐ ശാഖയോട് ചേര്‍ന്നുള്ള എ ടി എം കേന്ദ്രീകരിച്ചു നടന്ന കവര്‍ച്ച എ ടി എം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മറും, രഹസ്യ ക്യാമറയും ഉപയോഗിച്ചായിരുന്നു. എ ടി എം കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്ട്രിപ്പില്‍ സംഭരിച്ചു വെച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ എ ടി എമ്മില്‍ സ്ഥാപിച്ച സ്‌കിമ്മറിലൂടെ ചോര്‍ത്തുകയായിരുന്നു. ഇതു വഴി രാജ്യത്തെ ഏത് ഭാഗത്തുള്ള എ ടി എമ്മില്‍ നിന്നും അവര്‍ക്ക് പണം പിന്‍വലിക്കാം. തിരുവനന്തപുരത്ത് സ്ഥാപിച്ച ഉപകരണത്തിന്റെ സഹായത്തോടെ മുംബൈയിലെ വര്‍ളിയിലെ എ ടി എമമില്‍ നിന്നാണ് റുമാനിയക്കാരായ മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ ബേസ് സെര്‍വറില്‍ കടന്നുകയറി ഉപഭോക്താക്കളുടെ പേരും മേല്‍വിലാസവും അക്കൗണ്ട് സംബന്ധമായ മറ്റ് സൂക്ഷ്മ വിവരങ്ങളും കൈക്കലാക്കി ഇതിനിടെ ഒരു സംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നു. രാജ്യത്തെ വിവിധ ദേശസാത്കൃത ബേങ്കുകളില്‍ നിന്നായി 130 കോടി രൂപയാണ് മോഷ്ടിച്ചത്. ഹൈടെക് കവര്‍ച്ചക്കാരന്‍ പുല്ലൂര്‍ ഉള്ളാട്ടിക്കുളം വീട്ടില്‍ പോളിയെയും സഹായി കുറമ്പൂര്‍ വീട്ടില്‍ ശരത്തിനെയും പോലീസ് പിടികൂടിയത് ആറ് മാസം മുമ്പാണ്. വീടിന്റെ പിന്‍വശത്തെ വാതിലുകള്‍ ആയുധം വെച്ചു അകത്തിയ ശേഷം ആ വിടവിലുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ലോക്കിന്റെ സ്ഥിതി മനസ്സിലാക്കിയായിരുന്നു മോഷണം. സി സി ടി വി ക്യാമറകളും പരിശീലനം ലഭിച്ച നായകളുമെല്ലാമുള്ള അതീവ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച വീടുകളിലായിരുന്നു കവര്‍ച്ച. വിലപിടിപ്പുള്ള വസ്തുക്കളും പണവും ധാരാളമുണ്ടാകുമെന്ന് അറിയുന്നത് കൊണ്ടാണ് ഇത്തരം വീടുകള്‍ തിരഞ്ഞെടുത്തതെന്ന് പ്രതികള്‍ പോലീസിനോട് പറയുകയുണ്ടായി.
ഈയിടെ പിടിയിലായ ഇന്ത്യക്കാരനും രാജ്യാന്തര കുറ്റവാളിയുമായ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന്റെ ഹോളിവുഡ് സിനിമാ രീതിയിലുള്ള മോഷണക്കഥകള്‍ നാം ഏറെ കേട്ടതാണ്. മോഷണം തടയാന്‍ ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ച വീടുകളില്‍ നിന്ന് കവര്‍ച്ച നടത്താനാണത്രെ ഇയാള്‍ക്ക് താത്പര്യം. സിനിമകളാണ് പുതിയ കവര്‍ച്ചാ രീതികള്‍ക്ക് പ്രചോദനം. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ പ്രാപ്പൊയില്‍ ടൗണിലെ രണ്ട് സഹകരണ ശാഖകളിലെയും ചെറുപുഴ എ ടി എം കൗണ്ടറിലെയും കവര്‍ച്ചാ ശ്രമക്കേസില്‍ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ മലയാളത്തില്‍ ഇറങ്ങിയ റോബിന്‍ ഹുഡ്, ക്രേസി ഗോപാലന്‍ സിനിമകളില്‍ നിന്നാണ് മോഷണ രീതികള്‍ പഠിച്ചതെന്ന് വെളിപ്പെടുത്തുകയുണ്ടായി. മോഷണത്തിന്റെ കഥകള്‍ പറയുന്ന ഈ സിനിമകള്‍ പല തവണ കണ്ട ശേഷം അതിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പോലെ എ ടി എം കൗണ്ടറിന്റെ സി സി ടി വി ക്യാമറകള്‍ മറച്ചു വെച്ചും വൈദ്യുതി ബന്ധം വിച്ഛേദിച്ചുമാണ് പ്രതകള്‍ കവര്‍ച്ചക്ക് ഒരുങ്ങിപ്പുറപ്പെട്ടത്. ചേലേമ്പ്ര സംഭവത്തില്‍ സഹകരണ ബേങ്കിന്റെ പിന്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഭിത്തി തുരന്ന് കവര്‍ച്ച നടത്തുന്ന രീതി മോഷ്ടാക്കള്‍ മനസ്സിലാക്കിയതും സിനിമയില്‍ നിന്നായിരുന്നു. തിരുവനന്തപുരം ആല്‍ത്തറ എ ടി എം കേന്ദ്രീകരിച്ചു റുമാനിയക്കാര്‍ നടത്തിയ കവര്‍ച്ചക്കും 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ ഹുഡ് സിനിമയിലെ കവര്‍ച്ചയോട് സാമ്യമുണ്ട്. സമാനമായ സീനുകള്‍ പ്രതികള്‍ ഏതെങ്കിലും ഹോളിവുഡ് സിനിമയില്‍ നിന്ന് കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. പ്രേക്ഷകരെ ആകര്‍ഷിക്കാനാണ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കവര്‍ച്ചയുടെയും പുതിയ രീതികള്‍ കണ്ടെത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ അവ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയുമാണ്.
തിരുവനന്തപുത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ നടന്ന കവര്‍ച്ചകള്‍ എ ടി എം ഇടപാടുകാരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. സൗകര്യം കണക്കിലെടുത്ത് മിക്ക ബേങ്ക് ഉപഭോക്താക്കളും ഇപ്പോള്‍ എ ടി എം കൗണ്ടറുകളിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. ഈ സംവിധാനം സുരക്ഷിതമല്ലെന്നാണ് അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകളും മോഷണങ്ങളും ബോധ്യപ്പെടുത്തുന്നത്. അതിലെ ഹൈടെക് സംവിധാനങ്ങളെ മറികടക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ആര്‍ജിച്ചവരാണ് പുതിയ മോഷ്ടാക്കള്‍. മാത്രമല്ല, എ ടി എം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തുന്നതും ബേങ്കുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ ഏജന്‍സികളാണ്. ഇവര്‍ക്ക് വേണമെങ്കില്‍ കൗണ്ടറിനുള്ളിലും ബോക്‌സിനകത്തും ഏത് തരം ഉപകരണവും സ്ഥാപിക്കാനാകും. മിക്ക കൗണ്ടറുകളിലും സുരക്ഷാ ഉദ്യോഗസ്ഥരില്ല. കുറ്റമറ്റ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് നിര്‍ഭയം ഇടപാട് നടത്താനുള്ള സാഹചര്യം ബേങ്ക് അധികതര്‍ സംവിധാനിക്കേണ്ടതുണ്ട്.