Connect with us

International

അലപ്പൊയില്‍ ദിവസേന മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം

Published

|

Last Updated

അലെപ്പൊ: ഏറ്റുമുട്ടല്‍ രൂക്ഷമായ വടക്കന്‍ സിറിയയിലെ അലപ്പൊയില്‍ ദിവസേന മൂന്ന് മണിക്കൂര്‍ നേരം വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം. സിറിയന്‍ വിമതര്‍ക്കും ഐ എസ് ഭീകരര്‍ക്കുമെതിരെ സിറിയന്‍ സേനക്കൊപ്പം നിന്ന് പ്രത്യാക്രമണം നടത്തുന്ന റഷ്യന്‍ സേന വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. സൈനികര്‍ക്കും മറ്റും വൈദ്യസഹായം എത്തിക്കാനും മനുഷ്യാവകാശ സഹായം എത്തിക്കാനുമാണ് വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യുന്നതെന്ന് ലെഫ്.ജന. സെര്‍ജി റുഡ്‌സ്‌കോയ് വ്യക്തമാക്കി. അലപ്പൊ ജനതക്ക് സഹായം എത്തിക്കാന്‍ സിറിയന്‍ സേനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ പത്ത് മുതല്‍ ഒന്ന്‌വരെയാണ് വെടിനിര്‍ത്തലിന് റഷ്യ ആഹ്വാനം ചെയ്തത്. അലപ്പൊയിലേക്ക് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും സന്നദ്ധ കൂട്ടായ്മകള്‍ക്കും ഈ സമയത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. എന്നാല്‍, വെടിനിര്‍ത്തല്‍ വിമത, ഐ എസ് വിഭാഗങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമാകുകയുള്ളു.
അതേസമയം, രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ അലെപ്പൊയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും വൈദ്യ, ഭക്ഷണ സഹായ വിതരണങ്ങളും നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും യു എന്‍ മനുഷ്യാവകാശ വിഭാഗം സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒബ്രെയ്ന്‍ വ്യക്തമാക്കി.
ഇരുവിഭാഗവും തമ്മിലുള്ള ആക്രമണം രൂക്ഷമായതോടെ അലപ്പൊ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. ദമസ്‌കസ് അടക്കമുള്ള സിറിയന്‍ നഗരങ്ങളില്‍ നിന്ന് അലപ്പൊയിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. ഗതാഗത മാര്‍ഗങ്ങള്‍ സുഗമമാകാതെ മാനുഷിക സഹായം എത്തിക്കാന്‍ സാധിക്കില്ലെന്നാണ് യു എന്‍ വക്താക്കള്‍ പറയുന്നത്. മൂന്ന് ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ അലപ്പൊയിലേക്ക് സഹായം എത്തിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെ കുട്ടികളടക്കം ആയിരക്കണക്കിന് സാധാരണക്കാരുടെ നില അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യോമാക്രമണത്തിലും മറ്റുമായി ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം പോലും ലഭിക്കുന്നില്ല. ഇതിന് പുറമെ പട്ടിണിയും ദാരിദ്ര്യവും അലപ്പൊയെ പിടിച്ചുലച്ചിട്ടുണ്ട്. അലപ്പൊയിലെ അവസ്ഥ ദയനീയമാണെന്നും പട്ടിണി മരണങ്ങളും രോഗങ്ങളും വര്‍ധിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.