Connect with us

Kerala

അമിത ശബ്ദമുള്ള ഹോണ്‍: നിയമം മന്ത്രിമാര്‍ക്കും ബാധകമെന്ന് തച്ചങ്കരി

Published

|

Last Updated

തിരുവനന്തപുരം: അമിതശബ്ദമുള്ള ഹോണുകളില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. മന്ത്രിമാരുടെ വാഹനങ്ങളില്‍ ഒന്നിലധികം ഹോണുകള്‍ ഘടിപ്പിക്കുന്നതില്‍ തെറ്റില്ല, പക്ഷേ, രണ്ടുതരത്തിലുള്ള ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കരുത്. നിയമപ്രകാരമുള്ള ഡെസിബെല്‍ മാത്രമേ ഹോണുകള്‍ക്ക് ഉപയോഗിക്കാവൂ.
ഇസഡ് കാറ്റഗറി സുരക്ഷയുള്ളവരുടെ വാഹനങ്ങളുടേതൊഴിച്ച് മറ്റുള്ള വാഹനങ്ങളിലെ ഗ്ലാസുകളില്‍ യാതൊരുവിധ സണ്‍ഫിലിം പോലുള്ള സ്റ്റിക്കറുകള്‍ പതിക്കരുതെന്നാണ് കോടതി നിര്‍ദേശം. വാഹനങ്ങളില്‍ കര്‍ട്ടണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചു പ്രത്യേകനിര്‍ദേശങ്ങളൊന്നും കോടതിയില്‍നിന്നുണ്ടായിട്ടില്ലെന്നും തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതിനിടെ, ഇന്നലെ മോട്ടാര്‍ വാഹനവകുപ്പ് നടത്തിയ ഓപറേഷന്‍ ഹോണ്‍ പ്രകാരം നിരോധിച്ച എയര്‍ഹോണുകള്‍ ഉപയോഗിച്ചതിനു സംസ്ഥാനത്തുടനീളം 1,283 കേസുകളിലായി 12,26,300 ലക്ഷം രൂപ പിഴ ഈടാക്കി.
വിവിധ വാഹനങ്ങള്‍ക്കായി നാലുതരത്തിലുള്ള ഹോണുകള്‍ക്ക് 85 മുതല്‍ 125 വരെ ഡെസിബെല്‍ ശബ്ദമാണ് അനുവദിച്ചട്ടുള്ളത്. ഇതു ലംഘിച്ചതും ഒന്നിലധികം ഹോണുകള്‍ ഉപയോഗിച്ചതുമായ വാഹനങ്ങളെയാണ് ഇന്നലെ പിടികൂടിയത്. 129 കേസുകളില്‍ പിഴ ഈടാക്കിയ കൊല്ലം ജില്ലയാണ് മുന്നില്‍. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരും. ലൈന്‍ ട്രാഫിക്, രാത്രി കാലങ്ങളില്‍ തീവ്രതയേറിയ ഹെഡ് ലൈറ്റ് ഉപയോഗം എന്നിവയാണ് വരുംദിനങ്ങളില്‍ മോട്ടാര്‍ വാഹനവകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകള്‍.
അമിതഭാരം കയറ്റിവരുന്ന ഇതരസംസ്ഥാന ലോറികള്‍ പിടികൂടി സാധനങ്ങള്‍ മാറ്റുന്നതില്‍ മോട്ടോര്‍വാഹന വകുപ്പിനു ചില പരിമിതളുണ്ട്. അപകടം കുറക്കുക എന്നതാണ് മോട്ടോര്‍വാഹാനവകുപ്പിന്റെ പ്രഥമലക്ഷ്യം. ഇതിനു റോഡ് നന്നാക്കുക എന്നാതാണ് ആദ്യം വേണ്ടത്, പക്ഷേ ഇതു ദീര്‍ഘകാല പദ്ധതിയാണ്.
ഹെല്‍മെറ്റ് ധരിക്കുക, നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ നടപടികളും ഇതിനൊപ്പം നടത്തേണ്ടതാണ്. കൊല്ലത്ത് ഹെല്‍മെറ്റ വേട്ടയുടെ പേരില്‍ യുവാവിന്റെ തലയ്ക്കടിച്ച സംഭവം ഒറ്റപ്പെട്ടതാണ്, ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും തച്ചങ്കരി വ്യക്തമാക്കി.

---- facebook comment plugin here -----

Latest