Connect with us

Gulf

എയര്‍ കോസ്റ്റ വിമാനത്തിന്റെ ഓഹരികള്‍ ഖത്വര്‍ എയര്‍വേയ്‌സിനു വില്‍ക്കാന്‍ നീക്കം

Published

|

Last Updated

ദോഹ: വിജയവാഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പിയായ എയര്‍ കോസ്റ്റയുടെ 26 ശതമാനം ഓഹരികള്‍ ഖത്വര്‍ എയര്‍വേയ്‌സിനു വില്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എയര്‍ കോസ്റ്റ മാനേജ്‌മെന്റ് പ്രതിനിധികള്‍ ദോഹയിലെത്തി ഖത്വര്‍ എയര്‍വേയ്‌സ് മേധാവികളുമായി ചര്‍ച്ച നടത്തിയതായി ദി ഹിന്ദു പത്രമാണ് വാര്‍ത്ത നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് ഈ മാസം ആദ്യം എയര്‍കോസ്റ്റ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് തലത്തില്‍ നടത്തിയ തിരക്കിട്ടി നീക്കങ്ങളിലൂടെ കമ്പനിക്ക് വിമാനങ്ങള്‍ നല്‍കുന്ന ജി ഇ ഏവിയേഷന്‍ സര്‍വീസുമായി പാട്ടക്കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍വീസ് പുനരാരംഭിക്കാനായി. രണ്ട് 78 സീറ്റര്‍ ഇ 170 വിമാനങ്ങളാണ് കമ്പനി പാട്ടത്തിനെടുത്തിരുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന എല്‍ ഇ പി എല്‍ ഗ്രൂപ്പാണ് എയര്‍ കോസ്റ്റയെ പ്രമോട്ട് ചെയ്യുന്നത്. ഖത്വര്‍ എയര്‍വേയ്‌സുമായി നടത്തുന്ന ഓഹരി വില്‍ക്കല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ എയര്‍ കോസ്റ്റവൃത്തങ്ങള്‍ സന്നദ്ധമായിട്ടില്ല.
എന്നാല്‍ 26 ശമതാനം ഓഹരികള്‍ വിദേശ വിമാന കമ്പനിക്ക് കൈമാറാനാണ് എയര്‍കോസ്റ്റ സന്നദ്ധമായിരിക്കുന്നതെന്ന് മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സന്നദ്ധമാണെങ്കില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുന്നതിനും ഒരുക്കമാണ്. സാമ്പത്തിക പ്രതിസന്ധി മറികടന്ന് സേവനം മെച്ചപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം വിമാന കമ്പനി വിവിധ വിദേശ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. 350 കോടി രൂപക്കാണ് 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 50 പുതിയ ഇ 190 വിമാനങ്ങള്‍ വാങ്ങുന്നതിന് ബുക്ക് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ തുക നിശ്ചയിച്ചത്. 294 കോടി ഡോളറാണ് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ചെലവു വരുക. 2018 മുതലാണ് പുതിയ വിമാനങ്ങളുടെ ഡെലിവറി പ്രതീക്ഷിക്കുന്നത്.
എയര്‍ കോസ്റ്റക്ക് ഇപ്പോള്‍ മൂന്ന് 110 സീറ്റര്‍ ഇ 190 എംബറയേഴ്‌സ് വിമാനങ്ങളാണുള്ളത്. ഇന്ത്യയില്‍ ഒമ്പത് നഗരങ്ങളെ ബന്ധിപ്പിച്ച് 35 പ്രതിദിന സര്‍വീസുകള്‍ നടത്തുന്നു. ഇതിനകം പത്തുലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ട് വിമാനം. 2018ല്‍ 12 വിമാനങ്ങളുമായി 18 നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ഉദ്ദേശ്യം. ഈ ഘട്ടത്തിലാണ് ഇന്ത്യയിലെ വിവിധ സ്വകാര്യ വിമാന കമ്പനികളില്‍ ഓഹരി നിക്ഷേപം നടത്തി യാത്രക്കാരെ പങ്കുവെക്കാനായി ശ്രമിച്ചു വരുന്ന ഖത്വര്‍ എയര്‍വേയ്‌സുമായി കോസ്റ്റ ചര്‍ച്ച നടത്തുന്നത്. ഇന്ത്യന്‍ നഗരങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുകയാണ് ഖത്വര്‍ എയര്‍വേയ്‌സ് ലക്ഷ്യം. ഇന്ത്യയില്‍ 13 നഗരങ്ങളിലേക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ 100 വിമാനങ്ങളാണ് ഇന്ത്യന്‍ നഗരങ്ങളിലേക്കു പറക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ആകാശശൃംഖല വികസിപ്പിക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ വിമാനങ്ങളുടെ സഹകരണം തേടുന്നത്. നേരത്തേ ഇന്‍ഡിഗോ വിമാനവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച് വിദേശ വിമാനത്തിന് ഇന്ത്യന്‍ വിമാനത്തില്‍ 49 ശതമാനം ഓഹരി നിക്ഷേപം നടത്താം.

---- facebook comment plugin here -----

Latest