Connect with us

Kerala

സൗജന്യ വൈദ്യുതി റിസോര്‍ട്ടുകള്‍ക്ക്; വിജിലന്‍സ് അന്വേഷണമാരംഭിച്ചു

Published

|

Last Updated

തൊടുപുഴ: ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കേണ്ട വൈദ്യുതി കണക്ഷന്‍ കൈക്കൂലി വാങ്ങി റിസോര്‍ട്ട് ഉടമകള്‍ക്ക് മറിച്ചു നല്‍കിയ സംഭവം വിജിലന്‍സ് അന്വേഷിക്കുന്നു. മാങ്കുളം ആദിവാസി കോളനിയില്‍ വൈദ്യുതി വകുപ്പ് നല്‍കിയ കണക്ഷനുകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വന്‍ തിരിമറികളാണ് കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം അന്വേഷിക്കുന്നത്. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയതിന്റെ മറവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അടിമാലി ഡിവിഷനല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ പതിനഞ്ചോളം കണക്ഷനുകള്‍ നല്‍കാതെ ഇത്തരത്തില്‍ രേഖയില്‍ നല്‍കിയെന്ന് കൃത്രിമം കാണിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതില്‍ ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ആദിവാസികള്‍ക്ക് നല്‍കിയതായി രേഖയില്‍ കാണിച്ച് റിസോര്‍ട്ട് ഉടമകളില്‍ നിന്ന് വന്‍ തുക വാങ്ങി കണക്ഷന്‍ നല്‍കുകയായിരുന്നു.
റിസോര്‍ട്ട് ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങി മീറ്റര്‍ റീഡിംഗ് കുറച്ചുകാട്ടി ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ സംഭവത്തില്‍ ചിത്തിരപുരം സെക്ഷനിലെ രണ്ട് സബ് എന്‍ജിനീയര്‍മാരെ അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഐ ജി. കെ പത്മകുമാര്‍ ചിത്തിരപുരം സെക്ഷനിലെത്തി രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ആദിവാസികള്‍ക്ക് നല്‍കിയ കണക്ഷനുകളിലെ തട്ടിപ്പ് പുറത്തായിരിക്കുന്നത്.

Latest