Connect with us

Articles

മാണി മിക്‌സിന്റെ അന്ത്യം - കേരള രാഷട്രീയം വഴിത്തിരിവില്‍

Published

|

Last Updated

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്ത് എലി നാഗാദിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍”
എന്നൊരു പ്രസിദ്ധമായ സമസ്യപൂരണം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കേരളനസ്രാണികളെ കളിയാക്കി ചൊല്ലിയതായി കേട്ടിട്ടുണ്ട്. മൂക്കില്ലാ നാട്ടില്‍ മുറിമൂക്കന്‍ രാജാവ് എന്ന മട്ടിലാണ് പാലായിലെ കരിങ്ങോഴക്കല്‍ മാത്തു മകന്‍ മാണി എന്ന കെ എം മാണിവക്കീല്‍ പാലായുടെ മാണിക്യമായി കേരള രാഷ്ട്രീയത്തില്‍ ഇക്കാലമത്രയും തിളങ്ങി നിന്നത്. 2016 ആഗസ്റ്റ് 7 ഞായറാഴ്ച ചരല്‍ക്കുന്നില്‍ നിന്നു അദ്ദേഹത്തിനും അനുയായികള്‍ക്കും ലഭിച്ച വെളിപാടിനു പിന്നാലെ അദ്ദേഹത്തെ ചുമലിലേറ്റി നടന്നിരുന്ന കോണ്‍ഗ്രസുകാര്‍, അശ്ലീലപദങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ബലപ്രയോഗം പോലും നടത്തുന്നതു കണ്ടുകൊണ്ടാണ് നമ്മള്‍ 69-ാം ത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കെ എം മാണിക്കൊ അദ്ദേഹം ഇപ്പോള്‍ പുലഭ്യം പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനോ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേകിച്ച് അഭിമാനിക്കാനൊന്നും ഇല്ല. സ്വാതന്ത്ര്യ സമരം കത്തിക്കാളി നിന്ന ദിവസങ്ങളില്‍പ്പോലും ഒരു തുള്ളി വിയര്‍പ്പു പോലും സ്വന്തം നെറ്റിയില്‍ നിന്നു തുടച്ചുമാറ്റാനുള്ള കഷ്ടപ്പാടു പോലും ഈ രണ്ട് കക്ഷികള്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയാധികാരം എന്ന അപ്പക്കൊട്ടയില്‍ കയ്യിട്ടു വാരാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമെ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും കേരളാകോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ടായിരുന്നുള്ളു. ആ നിലക്കു 69-ാം സ്വാതന്ത്ര്യദിനത്തില്‍ ആ രണ്ട് വിഭാഗം കോണ്‍ഗ്രസുകാരും തെരുവുയുദ്ധം നടത്തുന്നതില്‍ അവര്‍ക്കു ലജ്ജയൊന്നും തോന്നാനിടയില്ല. “പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു” എന്നൊരുപ്രയോഗം ബൈബിളിലുണ്ട്. (സങ്കീര്‍ത്തനം 51.5 ). ഇത് കേരളാകോണ്‍ഗ്രസിന്റെ പിറവിയെ ഉദ്ദേശിച്ചു കൂടെ ആയിരുന്നു എന്ന് കഴിഞ്ഞ 34 വര്‍ഷത്തെ കേരള കോണ്‍ഗ്രസ് ചരിത്രം നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.
ആര്‍ ശങ്കര്‍ എന്ന പിന്നാക്ക ഹിന്ദു തങ്ങളുടെ തലക്കു മീതെ വളരുന്നു എന്നതിന്റെ അസഹിഷ്ണത ഒന്നു മാത്രമാണ് 1965ല്‍ കേരളാകോണ്‍ഗ്രസ്സിന്റെ പിറവിക്കു കാരണമായത്. 1957-59 കാലത്തെ വിമോചനസമരം അതുവരെയും സ്വന്തം താത്പര്യങ്ങളുടെ പിന്നാലെ പാഞ്ഞുനടന്നു ശിഥിലമായിക്കഴിഞ്ഞിരുന്ന കേരളത്തിലെ വലതുപക്ഷകക്ഷികള്‍ക്കു ഒരേ കുടക്കീഴില്‍ ഒത്തുചേരാന്‍ അവസരം നല്‍കി. അനന്തരഫലമായി ഈഴവ ശങ്കര്‍ക്കെതിരെ നസ്രാണി-നായര്‍ ഐക്യം തിരുവിതാംകൂര്‍ രാഷട്രീയത്തില്‍ നിര്‍ണായക ശക്തിയായി. പി ടി ചാക്കോ എന്ന ശുദ്ധാത്മാവിനെ മുന്‍നിറുത്തി നായര്‍-നസ്രാണി താത്പര്യങ്ങള്‍ ആര്‍ ശങ്കറെ മൂലക്കിരുത്താന്‍ ഒരു കളി കളിച്ചു. പി ടി ചാക്കോയാകട്ടെ ഗാന്ധിയന്‍ നെഹ്‌റുവിയന്‍ പാരമ്പര്യങ്ങളില്‍ ഉറച്ചു നിന്ന ഒരു സത്യക്രിസ്ത്യാനി ആയിരുന്നു. അഴിമതിയുടെ കറ തൊട്ടു തീണ്ടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ സമുന്നത മാതൃക. സ്വന്തം കാര്‍ സ്വയം ഡ്രൈവ് ചെയ്ത് ഒപ്പം ഒരു സഹപ്രവര്‍ത്തകക്കു ലിഫ്റ്റ് കൊടുത്ത് തൃശൂര്‍ നഗരത്തിലൂടെ പകല്‍വെളിച്ചത്തില്‍ ഡ്രൈവ് ചെയ്തു പോകാന്‍ ആര്‍ജവം കാട്ടിയ മന്ത്രി. നനയാതെ ഈറന്‍ ചുമക്കേണ്ടി വന്ന ചാക്കോയുടെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയവരില്‍ അന്ന് കോട്ടയം ഡി സി സി സെക്രട്ടറിയായിരുന്ന യുവ അഭിഭാഷകന്‍ കെ എം മാണിയും ഉണ്ടായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
പി ടി ചാക്കോയുടെ ആകസ്മിക മരണം കേരളരാ ഷ്ട്രീയത്തിന്റെ ഗതിയാകെ മാറ്റി മറിച്ചു. കെ എം ജോര്‍ജ് ഉള്‍പ്പടെയുള്ള പതിനഞ്ച് എം എല്‍ എ മാര്‍ അന്നത്തെ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ നേതൃത്വം നല്‍കിയിരുന്ന കേരള സര്‍ക്കാറിനെ ശ്വാസം മുട്ടിച്ചു. കേരളത്തിലെ ആദ്യത്തെ കാലുമാറ്റ നാടകം ജനം കൗതുകപൂര്‍വം കണ്ടിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ഈ പിളര്‍പ്പ് ഒരര്‍ഥത്തില്‍ കേരള രാഷട്രീയത്തില്‍ പ്രാദേശികവും സാമുദായികവുമായ ധ്രുവീകരണത്തിനു തുടക്കം കുറിച്ചു. രാഷട്രീയം, രാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ ഇവയെല്ലാം അപ്രസക്തമാകുകയും സ്വന്തം പ്രദേശം, സ്വന്തം സമുദായം, അവിടെ നിന്നുയര്‍ന്നു വരുന്ന തലയെടുപ്പുള്ള നേതാവ്, അവരുടെ ചുറ്റും കറങ്ങിത്തിരിയുന്ന ഭിക്ഷാംദേഹികളായ കുറെ പാര്‍ശ്വവര്‍ത്തികള്‍, ഇവര്‍ അരങ്ങടക്കി വാഴുകയും ചെയ്തു.
ഈ സ്ഥിതിക്കു 2016ലും കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല. ഈ പ്രായത്തിലും കെ എം മാണിക്കു സ്വന്തം സൗന്ദര്യത്തെക്കുറിച്ച് നല്ല മതിപ്പാണ്. താനും തന്റെ പാര്‍ട്ടിയും – സ്വയംവരത്തിനു വിളംബരം പുറപ്പെടുവിച്ച് രാജാക്കന്മാരെ വിളിച്ചുകൂട്ടിയ ദമയന്തിയുടെ അവസ്ഥയിലാണുള്ളതെന്നല്ലേ അദ്ദേഹം പത്രസമ്മേളനം നടത്തി പറഞ്ഞുകളഞ്ഞത്. കേരളാ കോണ്‍ഗ്രസ് എന്ന സുന്ദരിപ്പെണ്ണിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി അങ്ങ് വടക്കു നിന്ന് അമിത് ഷായും കണ്ണൂരു നിന്നു കോടിയേരിയും പുതുപ്പള്ളിയില്‍ നിന്നു ഉമ്മന്‍ചാണ്ടിയും വരണ്യമാലയുമായി കാത്തു നില്‍ക്കുന്നു. ഇവരില്‍ ആരെ വേണമെങ്കിലും വരിക്കാന്‍ ഈ അഭിനവ ദമയന്തി തയ്യാറാണത്രെ. സ്വയംവരപന്തലിലെ പ്രണയാഥികളോട് നായികയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചു കൊടുക്കാനും വരണാര്‍ഥികളുടെ ഗുണഗണങ്ങള്‍ നായികക്കു വിശദീകരിക്കാനും ഒപ്പം ഒരു തോഴി കൂടെയുണ്ടാകാറുണ്ട്. ആ ജോലി ഇപ്പോള്‍ കെ എം മാണി ഏല്‍പിച്ചു കൊടുത്തിരിക്കുന്നത് മുസ്‌ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി സാഹിബിനെയാണ്. ഇന്ന് മാണിക്കു സംഭവിച്ച അതേ ഗതി തന്നെ നാളെ തങ്ങളെയും കാത്തിരിക്കുന്നോ എന്ന ആശങ്ക മുസ്‌ലിം ലീഗിനെയും ബാധിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകണമല്ലൊ മാണിയുടെ വിടവാങ്ങലില്‍ രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിക്കാന്‍ ചന്ദ്രിക പത്രം മാത്രം മുന്നോട്ടു വന്നത്.
മാണിയുടെ വിട്ടുപോകല്‍ എന്ന ഇപ്പോഴത്തെ ഈ രാഷ്ട്രീയനാടകം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കിയേക്കാവുന്ന ഒരു ചരിത്ര മുഹൂര്‍ത്തമാണ്. പുതിയ പല പിളര്‍പ്പുകള്‍ക്കും ഇത് നാന്ദി കുറിക്കും. ആദ്യത്തെ പിളര്‍പ്പ് കെ എം മാണിയുടെ കേരളാകോണ്‍ഗ്രസില്‍ തന്നെയായിരിക്കും സംഭവിക്കുക. പഴയ ഒരു ഷെയ്ക്‌സ്പിയര്‍ നാടകത്തിന്റെ രൂപഭാവങ്ങളായിരിക്കും വരാനിരിക്കുന്ന നാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുക. ഒപ്പം നിന്ന് പിന്നില്‍ നിന്നു സീസറെ കുത്തിയ ബ്രൂട്ടസ്സിന്റെ റോളില്‍ ഭംഗിയായി അഭിനയിച്ചുകൊണ്ടാണ് അന്തരിച്ച കെ എം ജോര്‍ജ്ജ് എന്ന കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവിന്റെ സിംഹാസനം കെ എം മാണി സ്വന്തമാക്കിയത്. ഒരിക്കല്‍ സ്വന്തമാക്കിയ സിംഹാസനം ഒരിക്കലും നഷ്ടമാകാതിരിക്കാന്‍ കെ എം മാണി പ്രത്യേകം ജാഗ്രത പുലര്‍ത്തി. പ്രതിയോഗികള്‍ നാലുഭാഗത്തു നിന്നും ചീറിയടുത്തു. നാരായണക്കുറുപ്പ്, ജെ എ ചാക്കോ, പി ജെ ജോസഫ്, ടി എം ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള, പി സി ജോര്‍ജ്, പി സി തോമസ്. തന്റെ പാര്‍ട്ടിയില്‍ അനുയായികളെക്കളധികം നേതാക്കളാണ് ഉള്ളതെന്നു മനസ്സിലാക്കിയ മാണി ഇന്ദിരാ ഗാന്ധി പയറ്റിയ ഏതേ അടവു തന്നെ പയറ്റി. തന്റെ മകനെയല്ലാതെ മറ്റാരെയും തനിക്കു വിശ്വാസമില്ലെന്ന പരസ്യ പ്രഖ്യാപനം. തന്നെ അംഗീകരിക്കുന്നവര്‍ തന്റെ മകനെയും അംഗീകരിച്ചേ മതിയാകൂ എന്ന നിലപാട്. അങ്ങനെ ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തി. രണ്ടാം തലമുറയുടെ അരിയിട്ടു വാഴ്ചക്കു അംഗീകാരം ലഭിച്ചു. മാണിയുടെ മകന്റെ അധികാരാരോഹണത്തോടെ കേരളാ കോണ്‍ഗ്രസ് കെ എം മാണിയുടെ കുടുംബസ്വത്തായി മാറി. ഇത്തരം പ്രൈവറ്റ്‌ലിമിറ്റഡ് രാഷട്രീയ പാര്‍ട്ടികളുടെ ദൈനംദിന ചെലവുകള്‍ക്കു ഞൊടിയിടയില്‍ പണം കണ്ടെത്താന്‍ മാത്രം പിതൃസ്വത്തൊന്നും കെ എം മാണിക്കു തായ്‌വഴിയായി കിട്ടിയിട്ടില്ലെന്നാണ് പാലാക്കാര്‍ തന്നെ പറയുന്നത്. അപ്പോള്‍ പിന്നെ അതാത് കാലത്തെ അധികാരം ഉപയോഗിച്ച് ധനസമാര്‍ജനം നടത്തുകയല്ലാതെ മറ്റെന്തു വഴി? സമ്പത്തുകാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കായ് പത്തു തിന്നാം എന്നത് അദ്ധ്വാനവര്‍ഗരാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായ കെ എം മാണി സാറിനു ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടൊ? അതുകൊണ്ടല്ലൊ വി എം സുധീരനെ ഒതുക്കുക എന്ന നിഗൂഢ ലക്ഷ്യത്തോടെ പൂട്ടിക്കെട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാന്‍ എക്‌സൈസ് മന്ത്രിയെ മാത്രം കണ്ടാല്‍ പോരാ നിയമകാര്യമന്ത്രിയെ കൂടി ഒന്നു കണ്ടു കൊള്ളുക എന്ന ഉപദേശം നല്‍കി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ പാവം ബാര്‍മുതലാളി ബിജുരമേശനെ കെഎം മാണിയുടെ പാലായിലെ വീട്ടിലേക്കു പറഞ്ഞുവിട്ടത്. കോഴ വിവാദം ചൂടുപിടിച്ചപ്പോള്‍ ആരെയെങ്കിലും ബലികൊടുത്തേ മതിയാകൂ എന്നു വന്നപ്പോള്‍ കോണ്‍ഗ്രസുകാരെല്ലാം ഒത്തുചേര്‍ന്നു കെ എം മാണിയെ തന്നെ ബലികൊടുത്തു. ഇത് ഗൂഢാലോചനയല്ലെങ്കില്‍ പിന്നെന്താണ്? വി ഡി സതീശനും ടി എന്‍ പ്രതാപനും എന്തൊക്കെപ്പറഞ്ഞാലും ഈ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു പറഞ്ഞ് പീലാത്തോസിനെപ്പോലെ ഉമ്മന്‍ചാണ്ടി എത്രതവണ കൈ കഴുകിയാലും ബാര്‍ കോഴ ഏര്‍പ്പാടില്‍ കെ എം മാണിയെ മാത്രം ക്രൂശിച്ചത് സാമാന്യമര്യാദക്കു നിരക്കാത്തതാണെന്നാര്‍ക്കും ബോധ്യപ്പെടും. (തുടരും)
കെ സി വര്‍ഗീസ്, ഫോണ്‍. 9446268581

 

---- facebook comment plugin here -----

Latest