Connect with us

Ongoing News

അലപ്പൊയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു

Published

|

Last Updated

അലെപ്പൊ: വടക്കന്‍ സിറിയയിലെ സംഘര്‍ഷ ഭൂമിയായ അലപ്പൊയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. സന്നദ്ധ സഹായങ്ങള്‍ എത്തിക്കാന്‍ മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേണമെന്ന് റഷ്യയും രണ്ട് ദിവസം നീളുന്ന സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് യു എന്നും പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമണം രൂക്ഷമാകുകയാണുണ്ടായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥികള്‍ക്കും അലപ്പൊയുടെ ഉള്‍പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്കുമുള്ള ഭക്ഷണവുമായി എത്തിയ ലോറികള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചില്ല. സിറിയന്‍ സൈന്യവും വിമത സേനയും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇസില്‍ ഭീകരരുടെ ആക്രമണ ഭീതിയും അലപ്പൊ നഗരത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. ദമസ്‌കസ് അടക്കമുള്ള രാജ്യത്തെ മറ്റ് നഗരങ്ങളുമായുള്ള ഗതാഗത മാര്‍ഗം നിശ്ചലമായതോടെ അലപ്പൊ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അലപ്പൊയിലേക്കുള്ള പ്രധാന റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ, സന്നദ്ധ പ്രവര്‍ത്തകരുടെയും ജീവന് ഭീഷണിയാകുന്ന രീതിയിലാണ് ഇവിടെ ആക്രമണങ്ങള്‍ നടക്കുന്നത്. വ്യോമാക്രമണം ശക്തമായതോടെ ജനങ്ങളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്. രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണവും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും ഉണ്ടായിട്ടുണ്ട്. അതിനിടെ, ഇറാഖിന്റെ അതിര്‍ത്തി പ്രദേശമായ റഖാ പിടിച്ചെടുക്കാന്‍ വേണ്ടി നടക്കുന്ന ആക്രമണവും രൂക്ഷമായിട്ടുണ്ട്. സിറിയന്‍ സര്‍ക്കാറിന് വേണ്ടി റഷ്യ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Latest