Connect with us

National

മാതാവിന്റെ ഘാതകരെ പിടികൂടണം; യു പി മുഖ്യമന്ത്രിക്ക് 15കാരിയുടെ രക്തത്തില്‍ കുതിര്‍ന്ന കത്ത്‌

Published

|

Last Updated

ലക്‌നോ: തന്റെ കണ്‍മുമ്പില്‍വെച്ച് വെന്തുമരിച്ച മാതാവിന്റെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് 15കാരി സ്വന്തം രക്തം കൊണ്ട് കത്തെഴുതി. ഭര്‍തൃമാതാവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയ മാതാവിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് ലതിക ബന്‍സല്‍ എന്ന പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കഴിഞ്ഞ ജൂണ്‍ 14നാണ് ലതികയുടെ പിതാവും പ്രതിയായ കൊലപാതകം നടന്നത്. താനും 14കാരിയായ സഹോദരി തന്‍യയും അമ്മാവന്‍ തരുണ്‍ ജിന്ദലും ദൃക്‌സാക്ഷികളായ സംഭവത്തില്‍ പോലീസ് തൃപ്തികരമായ അന്വേഷണം നടത്തിയിട്ടില്ല. പ്രതികളെ പിടികൂടുന്നതിന് പകരം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതി പ്രതികള്‍ക്കൊപ്പം നില്‍ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് കത്തില്‍ ആരോപണമുണ്ട്.
ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നില്ലെന്ന് പറഞ്ഞ് ഭര്‍തൃമാതാവും ബന്ധുക്കളും തന്റെ മാതാവിനെ ക്രൂരമായി ആക്രമിക്കാറുണ്ടായിരുന്നു. തനിക്ക് പിന്നാലെ തന്റെ സഹോദരി പിറന്നതിന് ശേഷം ആക്രമണത്തിന്റെ തോത് വര്‍ധിച്ചു. ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കണമെന്നാവശ്യവുമായി ഭര്‍തൃമാതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എത്തിയതാണ് കൊലപാതകത്തിന് കാരണമായത്. മറ്റൊരു വിവാഹത്തിന് സമ്മതമല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെയാണ് തന്റെ മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ലതിക പറയുന്നു. പൊള്ളലേറ്റ് പുളയുന്ന അമ്മയെ രക്ഷിക്കാന്‍ താന്‍ പോലീസില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തിരുന്നില്ലെന്നും പിന്നീട് അമ്മാവന്‍ തരുണിനെ വിളിക്കുകയായിരുന്നുവെന്നും ലതിക ഓര്‍ക്കുന്നു. ഇയാളെത്തിയാണ് തന്റെ അമ്മയെ ആശുപത്രിയിലെത്തിച്ചത്. 95 ശതമാനവും പൊള്ളലേറ്റ സഹോദരിയെ രക്ഷിക്കാനായില്ലെന്നും പ്രതികളെ കുറിച്ച പോലീസിന് വ്യക്തമായ വിവരം നല്‍കിയിട്ടുണ്ടെന്നും തരുണ്‍ പറയുന്നു. പോലീസെത്തി പ്രാഥമിക അന്വേഷണം നടന്നെങ്കിലും പ്രതികളെ പിടികൂടിയില്ല. ആത്മഹത്യയാണെന്ന് പറഞ്ഞ് പ്രേരണാകുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest